'ആനന്ദപ്പാത്തു' മുതൽ'എച്ചിൽ രാമൻ' വരെ: പുതുകഥാ കാലത്തെ വായനാ വികൃതി'കൾ – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

'ആനന്ദപ്പാത്തു' മുതൽ'എച്ചിൽ രാമൻ' വരെ: പുതുകഥാ കാലത്തെ വായനാ വികൃതി'കൾ

'ആനന്ദപ്പാത്തു' മുതൽ'എച്ചിൽ രാമൻ' വരെ: പുതുകഥാ കാലത്തെ വായനാ വികൃതി'കൾ

  • 24 June, 2025
  • RAT Books
ഡോ. സചിന്ത് പ്രഭ

"മില്ലേനിയലിന്റെ അവസാന പാദം തൊട്ട് Gen z ഉം Gen ആൽഫയും  വരെ എത്തി നിൽക്കുന്ന തലമുറകളുടെ ജീവിതം അടയാളപ്പെടുത്താനും, സാമൂഹിക സാങ്കേതിക തലത്തിൽ വന്ന മാറ്റങ്ങളെ പകർത്താനും പുതുകാല ചെറുകഥകൾക്ക് സാധിക്കുന്നുണ്ടെന്നത് ഏറ്റം പ്രതീക്ഷാവഹമാണ്." ഡോ. സചിന്ത് പ്രഭ എഴുതുന്നു.

സമീകൃതമായ ആഹാരം നമ്മുടെ ശരീരത്തെ എത്രത്തോളം പരുവപ്പെടുത്തുമോ അത്രത്തോളം തന്നെ സമീകൃതമായ വായന ചിന്തകളെ ഉദ്ബോധിപ്പിക്കുമെന്ന് ഏതോ പ്രഭാഷണ ശകലത്തിൽ നിന്ന് കേട്ടറിഞ്ഞിട്ടുണ്ട്. കാലാനുസൃതമായ ചേരുവാമാറ്റങ്ങൾ എഴുത്തിൽ ഉണ്ടാവുകയെന്നതും, അത് വായനയിൽ ഉൾപ്പെടുത്താൻ വായനക്കാരൻ തയ്യാറാവുകയെന്നതും സാഹിത്യ മണ്ഡലത്തിലുണ്ടാകുന്ന സ്വാഭാവിക പരിണാമത്തിന്റെ സൂചകങ്ങളാണ്. സിനിമയിലെ 'ന്യൂ ജൻ' തരംഗം പോലെ മലയാള കഥാ സാഹിത്യത്തിലും വളരെ സാവധാനം പരീക്ഷണങ്ങളുടെ പുതുവഴികൾ വികസിച്ചു വരുന്നതായി കാണാം. മില്ലേനിയലിന്റെ അവസാന പാദം തൊട്ട് Gen z ഉം Gen ആൽഫയും  വരെ എത്തി നിൽക്കുന്ന തലമുറകളുടെ ജീവിതം അടയാളപ്പെടുത്താനും, സാമൂഹിക സാങ്കേതിക തലത്തിൽ വന്ന മാറ്റങ്ങളെ പകർത്താനും പുതുകാല ചെറുകഥകൾക്ക് സാധിക്കുന്നുണ്ടെന്നത് ഏറ്റം പ്രതീക്ഷാവഹമാണ്. അങ്ങനെ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ  "വാസനാ വികൃതി" മുതൽ തുടങ്ങുന്ന മലയാള ചെറുകഥാ ചരിത്രം നിലവിൽ എത്തി നിൽക്കുന്ന ഈ പരിണാമ ദശയിൽ, വല്ലാതെ ഉള്ളു തിന്ന ചില കഥകളെയോ കഥാപാത്രങ്ങളെയോ എന്റെ 'വായനാ വികൃതി'കളായി ഓർത്തെടുക്കാൻ ശ്രമിക്കാം.

കേട്ടും പറഞ്ഞും അറിഞ്ഞ അതികായന്മാരെ വായിച്ചു വരുന്നതിനിടയിൽ വളരെ യാദൃശ്ചികമായാണ് കെ. വി. അനൂപിന്റെ കഥകൾ വായിക്കാനിടയാകുന്നത്. അതുവരെ വായിച്ചു ശീലിച്ച ശൈലികളോടോ ഭാഷയോടോ യാതൊരു ചേർച്ചയുമില്ലാത്തൊരു പുതുവഴിയായിരുന്നു അദ്ദേഹത്തിന്റേത്. "ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങൾ" എന്ന കഥ അന്നോളം വായിച്ച കഥകളിൽ നിന്നും തീർത്തും വിഭിന്നമായൊരു  സ്വത്വമുള്ളതായിരുന്നു. വോളിബോൾ കൊണ്ട് തലയ്ക്കടിയേറ്റ് പാത്തുവായി മാറുന്ന ആനന്ദന്റെ പാത്ര സൃഷ്ടിയും, കവലപ്രസംഗങ്ങളിൽ "ആനന്ദപ്പാത്തു"  പറയുന്ന പൊള്ളുന്ന രാഷ്ട്രീയവുമെല്ലാം എത്രത്തോളം നല്ലൊരു ക്രാഫ്റ്റ്മാനാണ് കെ. വി. അനൂപ് എന്നടിവരയിടുകയായിരുന്നു. വായിച്ചു വന്ന വഴികളിൽ നിന്നും മാറി ഇതുപോലുള്ളവരെക്കൂടി തേടിപ്പിടിച്ച് വായനയിൽ ഉൾപ്പെടുത്തിത്തുടങ്ങണമെന്ന ചിന്തയിലും അലച്ചിലിലുമാണ് ഉണ്ണി ആറിലും പി. വി. ഷാജികുമാറിലുമെല്ലാം എത്തിപ്പെടുന്നത്. "കഥകൾ - ഉണ്ണി ആർ" എന്ന പുസ്തകത്തിലെ ഉണ്ണിക്കഥകൾ അന്നും ഇന്നും എന്റെ ഫേവറൈറ്റുകളാണ്. അതിൽ ഏറെ ആഘോഷിക്കപ്പെട്ട കഥ "ലീല"യാണെങ്കിലും "എന്റെയാണെന്റെയാണീ കൊമ്പനാനനകൾ" എന്ന കഥ തലക്കെട്ടിന്റെ കൗതുകം കൊണ്ടും കഥ വഴിയുടെ ആഴം കൊണ്ടും വേറിട്ട് നിൽക്കുന്നു. തന്റെ ജീവാത്മായ പുസ്തകങ്ങൾ മറ്റൊരാൾക്ക് വിൽക്കേണ്ടി വരുന്ന പ്രഭാകരന്റെ ആത്മവ്യാപാരങ്ങൾ ആ കഥ വായിച്ചവരാരും മറക്കാനിടയില്ല. 'കോട്ടയം-17 ' ഉം 'കാളീനാടകവും', 'ഒഴിവുദിവസത്തെ കളി' യും തുടങ്ങി ഉണ്ണി ആറിന്റെ കഥകളിൽ മിക്കവയും അതുവരെ മലയാളത്തിൽ പിന്തുടർന്ന് വന്ന കഥന രീതികളെ പുനർനിർവചിക്കുന്നു. മറുപുറം ഭാഷാ ലാളിത്യമായിരുന്നു ഷാജികുമാറിന്റെ ആദ്യ കാല കഥകളുടെ മുഖമുദ്ര. വടക്കേ മലബാറിന്റെ, പ്രത്യേകിച്ച് കാസർഗോടൻ ഉൾനാടുകളുടെ ഭാഷയും സംസ്കാരവും ഗ്രാമീണതയുമെല്ലാം അതുപടി പകർത്തി വച്ച കഥാസമാഹാരങ്ങളായിരുന്നു "കിടപ്പറ സമരവും" "വെള്ളരിപ്പാടവു"മെല്ലാം. "കിടപ്പറ സമര"ത്തിന്റെ അനുബന്ധത്തിലെ രമണിയമ്മയും അവരുടെ പൈ (പശു) ഉമ്പിച്ചിയും വായനയ്ക്കിപ്പുറം എത്ര നാൾ എന്റെ സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നതിന് കയ്യും കണക്കുമില്ല..!

ചരിത്രത്തിന്റെ പൊളിച്ചെഴുത്തോ പുനർവായനയോ ആയിരുന്നു  അബിൻ ജോസഫ് കഥകളുടെ ഐഡന്റിറ്റിയായി തോന്നിയത് . "കല്യാശേരി തീസിസ്" എന്ന ലക്ഷണമൊത്തൊരു കഥയുടെ  വായനയ്ക്കിപ്പുറമാണ് അദ്ദേഹത്തിന്റെ എഴുത്തുകളുടെ പിറകെ കൂടുന്നത്. പിന്നീട് അതേ പേരിലിറങ്ങിയ സമാഹാരത്തിലെ കഥകൾ വായിച്ചപ്പോഴും, "റൂറൽ നക്സൽസ്" പോലെയുള്ള ഗംഭീര സൃഷ്ടികളിലൂടെ കടന്നു പോയപ്പോഴും മുഴച്ചു നിൽക്കാത്ത വണ്ണം ഇന്നിന്റെ രാഷ്ട്രീയം എങ്ങനെ കഥകളിൽ  ഉൾച്ചേർക്കാം എന്ന് എഴുത്തുകാരൻ അനുഭവവേദ്യമാക്കി. അരികുവൽക്കരിക്കപ്പെട്ട മനുഷ്യരെയാണ് മനോജ് വെങ്ങോല തന്റെ കഥകളിൽ കൂടുതലും അടയാളപ്പെടുത്തിക്കണ്ടത്. "പൊറള്" ആയിരുന്നു അദ്ദേഹത്തിന്റേതായി വായിച്ച ആദ്യ കഥ. മരണത്തിന്റെയും വിധേയത്വത്തിന്റെയുമെല്ലാം രാഷ്രീയം കൃത്യമായി സമന്വയിപ്പിച്ച ഗംഭീര വായാനാനുഭവമായിരുന്നു അത്. പിന്നീട് അദ്ദേഹത്തിന്റേതായി ഓർത്തിരിക്കുന്ന കഥ "പെരുമ്പാവൂർ യാത്രീനിവാസാ"ണ്. നിലവിലുള്ള നീതിന്യായ സംഹിത തന്നെ വിചാരണ ചെയ്യപ്പെടുന്ന ആ കഥയും അന്തർലീനമായ രാഷ്ട്രീയ അസ്തിത്വം കൊണ്ട്          
വേറിട്ടൊരു വായനാനുഭവമായി.

"അതിഭീകരമാം വിധം സാധാരണം" എന്ന ക്യാപ്ഷൻ എന്ത് കൊണ്ടും യോജിക്കുന്ന കഥകളാണ് സുനു എ. വി. യുടേത്. വായനയുടെ ആദ്യ ലേയറിൽ കേവലം കഥയെന്നു തോന്നുന്ന, എന്നാൽ ആഴത്തിലുള്ള പുനർവായനയിൽ കാമ്പുള്ള രാഷ്ട്രീയം പറയുന്ന "ഇന്ത്യൻ പൂച്ച"യടക്കമുള്ള ഒരു പിടിക്കഥകൾ ഈ നിർവചനത്തിനു സാക്ഷ്യം പറയും.  ചിരപരിചിതമായ കഥാതന്തുക്കളെ അവതരണ മികവ് കൊണ്ട് വായനക്കാരന്റെ ഉള്ളിലേക്ക് തൊടുക്കുന്നുവെന്നതാണ്  കെ രേഖയുടെ കഥകളുടെ സവിശേഷതയായി തോന്നിയത്. വളരെ യാദൃശ്ചികമായി വായിച്ചു തുടങ്ങിയ "അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റു കഥകളും" എന്ന സമാഹാരത്തിലെ കഥകളോരോന്നും അവതരണത്തിലെ പുതുമ കൊണ്ട് വേറിട്ട് നിന്നവയാണ്. കോവിഡാനന്തര കാലത്ത് വായിച്ച പുതുകഥകളിൽ ഏറ്റവും റിഫ്രഷിങ് അനുഭവം തന്നിട്ടുള്ളത് മൃദുൽ വി. എം. ന്റെ കഥകളാണ്. മൃദുലിന്റെ "കുളെ" യും "മരിച്ച വീട്ടിലെ മൂന്നുപേരു" മെല്ലാം സമീപനത്തിലെ വ്യത്യസ്ഥത കൊണ്ടും ഭാഷയുടെ തെളിമ കൊണ്ടും അടയാളപ്പെടുന്നവയാണ്. അതോടൊപ്പം തന്നെ ചേർത്തു വയ്ക്കേണ്ട മറ്റൊരു പേര് ഷനോജ് ആർ ചന്ദ്രന്റേതാണ്. "കാലൊടിഞ്ഞ പുണ്യാളൻ" എന്ന കഥാസമാഹാരത്തിലെ കഥകളോരോന്നും അത്രമേൽ ഉള്ളു തൊട്ടവയാണ്. ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ വന്ന "സദ്യ" എന്ന ഷനോജ് കഥയിലെ "എച്ചിൽ രാമനെ"യും "സദ്യ രാജീവനെയും" അത് വായിച്ചവരാരും തന്നെ അത്രവേഗം മറവിക്ക് വിട്ടു കൊടുക്കാനാകില്ല. പാത്രസൃഷ്ടിയിലെ കണിശത കൊണ്ട് ഞെട്ടിച്ച മറ്റൊരു വായനാനുഭവമായിരുന്നു അദ്ദേഹത്തിന്റെ തന്നെ "അമ്പലപ്പുഴ സിസ്റ്റേഴ്സ്" എന്ന കഥ.  ഭാഷയുടെ ഒതുക്കവും സാമ്പ്രദായിക രീതികളിൽ നിന്നുള്ള ഒഴിഞ്ഞു നിൽക്കലുമാണ് ആഷ് അഷിതയുടെ എഴുത്തുകളുടെ  സ്വത്വം. "മുങ്ങാങ്കുഴി" യടക്കമുള്ള സമാഹാരങ്ങളിലെ കഥകളിൽ ഈ പ്രത്യേകതകൾ വായനക്കാരനെന്ന നിലയിൽ അനുഭവിക്കാനായി. ഈ അടുത്ത കാലത്ത് "സമകാലിക മലയാളത്തി"ൽ പ്രസിദ്ധീകരിച്ച കൃഷ്ണനുണ്ണി  ജോജിയുടെ "വേതാള പ്രശ്നം" എന്ന കഥ പുതുകാല കഥയുടെ മറ്റൊരു ട്രെൻഡ് സെറ്ററാണ്. അതേ പേരിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ കഥാസമാഹാരത്തിലെ മറ്റു കഥകളും കാഴ്ചപ്പാടുകളുടെ കണിശത കൊണ്ട് ഗംഭീര വായനാനുഭവം സമ്മാനിക്കുന്നവയാണ്.

ഇനിയും അത്രമേൽ ആഘോഷിക്കപ്പെടാത്ത  അണ്ടർ റേറ്റഡ് എഴുത്താളുകളുടെയും കഥകളുടെയും വേറൊരു നീണ്ട നിര തന്നെയുണ്ട്. രഞ്ജു എ. വി. യുടെ കഥകൾ അത്തരത്തിലുള്ളവയാണ്. അദ്ദേഹത്തിന്റെ "ചാൾസ് ഡാർവിന്റെ കണക്കു പുസ്തകം" എന്ന കഥ കൂടുതൽ വായിക്കപ്പെടണമായിരുന്നു എന്ന് ആഗ്രഹം തോന്നിയ കഥയാണ്. മറ്റേതു കലയും വിജയിക്കാൻ കാണികൾ ആഗ്രഹിക്കുമ്പോൾ മാന്ത്രികന്റെ പരാജയമാണ് അവർ  ആഗ്രഹിക്കുന്നത് എന്ന ചിന്തയാണ്  ആ കഥയുടെ സ്പാർക്. "മരത്തൻ" എന്ന മാന്ത്രികനും അയാളുടെ ജാലവിദ്യാ രഹസ്യങ്ങൾ പൊളിക്കാൻ പിന്നാലെ കൂടുന്ന യുവാവും ഇപ്പോഴും  മായാതെ കണ്മുന്നിലുണ്ട്. കേവലം ഫിക്ഷനുമപ്പുറം,  അക്കാലത്ത് ചർച്ചയായ  പൗരത്വ ഭേദഗതി നിയമത്തിന്റെ രാഷ്രീയ പശ്ചാത്തലം കൂടി പേറുന്നുണ്ട് ആ കഥ. ഇതേ വിഭാഗത്തിൽ പെടുത്താവുന്നവയാണ് എൻ. ഹരിയുടെ കഥകൾ. "ഝാൻസി റാണിയുടെ കുതിരകൾ" പോലെയുള്ള അദ്ദേഹത്തിൻറെ കഥകൾ  ആഴത്തിൽ വിശകലനം  ചെയ്യപ്പെടേണ്ടുന്നവയാണ്.  പോസ്റ്റ്പാർട്ടം  ഡിപ്രെഷൻ പ്രമേയമാകുന്ന ഡോ. സജീലയുടെ "അനന്തരം" എന്ന കഥയും  അത്തരമൊരു ഗംഭീര നിർമ്മിതിയാണ്. സമകാലിക സമൂഹത്തിൽ ഏറെയാളുകൾ അനുഭവിക്കുന്ന ആ മനോനിലയെ യാഥാർഥ്യത്തിനും മിത്തിനുമിടയിൽ തെല്ലും മടുപ്പിക്കാതെ അനുഭവിപ്പിക്കുന്നുണ്ട് ആ കഥ. ഏതാണ്ട് സമാന നിലയിലുള്ള വിഷയത്തെ വൈകാരികതയുടെ മേമ്പൊടി കൊണ്ടും ഭാഷയുടെ തെളിമ കൊണ്ടും മറ്റൊരു തലത്തിൽ അവതരിപ്പിച്ചു കണ്ട കഥയാണ് ജൂന സജുവിന്റെ "എസ്തർ ലോറിയിലെ ആപ്പിൾ മരങ്ങൾ". അതിനാടകീയതകളില്ലാതെ ജീവിത  നിഗൂഢതകൾ കൈകാര്യം ചെയ്യുന്ന കഥകൾ സിനുമോൻ എന്ന എഴുത്താളിന്റേതായുണ്ട് . വളരെ പതിഞ്ഞ താളത്തിൽ തുടങ്ങി അവതരണ മികവ് കൊണ്ട് വായനക്കാരെ ഭ്രമിപ്പിക്കുന്ന "പുറ്റും", "ചെട്ടിച്ചനു"മെല്ലാം അത്തരം സൃഷ്ടികൾക്ക് ഉദാഹരണങ്ങളാണ്.  

അങ്ങനെ പുതു കഥകളുടെ വായനാനുഭവങ്ങൾ പറഞ്ഞും എഴുതിയും നീണ്ടു നീണ്ടു പോകുമെന്നല്ലാതെ ഇതിനൊരു പൂർണ്ണവിരാമമില്ല. പറഞ്ഞതിലുമേറെ പരാമർശിക്കാൻ വിട്ടുപോയ കഥകളും പ്രിയപ്പെട്ട എഴുത്താളുകളുമാണെന്ന നല്ല ബോധ്യമുണ്ടുതാനും. വായനാനുഭവങ്ങൾ കുറിക്കുവാനിരുന്നപ്പോൾ പെട്ടെന്ന് മനസ്സിലേക്ക് വന്ന ഏതാനും ചിലത് കുറിച്ചിട്ടുവെന്നല്ലാതെ ഈ അവലോകനം സമഗ്രമാണെന്നോ പൂർണമെന്നോ പറഞ്ഞുകൂടാ. എന്നിരുന്നാലും വായന മരിച്ചുവെന്നും പുതുതലമുറ സ്മാർട്ട് ഫോൺ യുഗത്തിലാണെന്നും എഴുത്തുകളിൽ ജീവിതമില്ലെന്നും ആവർത്തിക്കുന്ന വായനാദിന ക്ളീഷേ പരാമർശങ്ങൾക്ക് മറുമൊഴിയായെങ്കിലും ഈ ഉദ്യമം നിലനിൽക്കട്ടെ. ജെൻ-സി യിലും ജെൻ-ആൽഫയിലുമെല്ലാം നല്ല ചിമിട്ടു പിള്ളേരുണ്ടെന്നും അവരുടെ കഥകളിൽ ജീവനും ജീവിതവുമുണ്ടെന്നും അലറിപ്പായുന്നൊരു വികൃതിക്കുട്ടിയായി ഈ പുതുവായനക്കുറിപ്പ് അടയാളപ്പെടട്ടെ.  


Share:
Older Post Newer Post
Translation missing: en.general.search.loading