ജീവിതത്തിലെ പിരിമുറുക്കങ്ങൾക്കിടയിൽ എനിക്ക്, വായിക്കുന്ന മനുഷ്യരെ കാണണ – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

ജീവിതത്തിലെ പിരിമുറുക്കങ്ങൾക്കിടയിൽ  എനിക്ക്, വായിക്കുന്ന മനുഷ്യരെ കാണണം

ജീവിതത്തിലെ പിരിമുറുക്കങ്ങൾക്കിടയിൽ എനിക്ക്, വായിക്കുന്ന മനുഷ്യരെ കാണണം

  • 23 June, 2025
  • RAT Books

ഖമറു ഫാത്തിമ

"വായന ഒരാളെ പൂർണമായും എന്തിനും പാകപ്പെടുത്തുന്നു എന്നല്ല, എങ്കിലും ഒരാൾ വായനയിലൂടെ പരിഷ്കരിക്കപ്പെടുന്നു. ഹൃദയം കുറേകൂടി വിശാലമായ കാഴ്ചപ്പാടിലേക്കും കാഴ്ചകളിലേക്കും യാത്ര ചെയ്യുന്നു." ഖമറു ഫാത്തിമ എഴുതുന്നു.

 

ഇരുട്ടത്ത് ഒറ്റക്കായിപ്പോയ ഒരു കുഞ്ഞിന് ദൂരെ തെളിയുന്ന വെട്ടം കാണുമ്പോഴുണ്ടാവുന്ന ആശ്വാസം പോലെയാണ് ചില പുസ്തകങ്ങൾ. മനസ്സിന്റെ ഇരുട്ടിലേക്ക് വെളിച്ചം വീശി കടന്നുവരുന്നവർ. ഓർമിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും ചിരിപ്പിച്ചും ആശ്വസിപ്പിച്ചും കടന്നുപോകുന്ന കൂട്ടുകാരെപ്പോലെ...

ബുക്ക് ഫാമിലെ നീണ്ട ചർച്ചകൾക്കൊടുവിലാണ്  'സ്വാതന്ത്ര്യം പരുന്തിനാകാശം പോലെ രാത്രിക്ക് നക്ഷത്രം പോലെ എനിക്ക് സ്വപ്നങ്ങൾ പോലെ'  എന്നെഴുതിവെക്കുന്ന ടി. ഡി. രാമകൃഷ്ണന്റെ 'ആൽഫ ' വായിക്കാൻ തീരുമാനിക്കുന്നത്. ആൽഫ മാത്രമല്ല പുതുതായി വായിച്ച പല പുസ്തകങ്ങളും ചർച്ചകളുടെ പരിണാമത്തിൽ ഉണ്ടായ തിരഞ്ഞെടുപ്പുകളാണ്. പുസ്തകങ്ങൾ വാങ്ങാനും വായിക്കാനും ഇടങ്ങൾ ഒരുപാടുണ്ട്. എന്നാൽ വായിച്ച പുസ്തകങ്ങളെക്കുറിച്ച് സ്വതന്ത്രമായി ചർച്ച ചെയ്യാൻ കഴിയുന്ന ഒരിടം എന്നത് അത്ര പരിചയമില്ല. എന്നാൽ അങ്ങനൊരു ഇടം കണ്ടെത്തി എന്നതാണ് ഏറ്റവും മനോഹരം. ജീവിതത്തിലെ പിരിമുറുക്കങ്ങൾക്കിടയിൽ ചില നേരങ്ങളിൽ കുന്നു കയറി ബുക്ക് ഫാമിലെത്തും, വായിക്കുന്ന മനുഷ്യരെ കാണാൻ,അറ്റമില്ലാതെ മനുഷ്യരോട് സംസാരിക്കാൻ.

 ഓരോ വ്യക്തിയും അവനവന്റെ അഭിരുചിക്ക് അനുസരിച്ചുള്ള പുസ്തകങ്ങൾ കണ്ടെത്തുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്.    പല മനുഷ്യരുടെ വായന അനുഭവങ്ങളും ജീവിത അനുഭങ്ങളും കലരുന്നത്കൊണ്ട്  ബുക്ക് ഫാമിലെ ചൂടേറിയ വയനാനുഭവങ്ങൾക്ക്  ഒരു പ്രത്യേക രസതന്ത്രമുണ്ട്. മനോജ് വെള്ളനാടിന്റെ  'ഉടൽ വേദ'ത്തിലെ പദപ്രശ്നത്തിൽ കുടുങ്ങിക്കിടന്നത് പോലെ എത്രയെത്ര വരികൾക്കിടയിൽ നിന്നും ഇന്നും ഇറങ്ങിപ്പോരാതെയിരിക്കുന്നു.

റിഹാൻ റാഷിദിന്റെ 'വരാൽ മുറിവുകളിൽ' ജീവിക്കാൻ ആർദ്രമായ ഒരുനിമിഷത്തിന്റെ ഓർമ്മകൾ പോലുമില്ലാതെ  പൊള്ളിപ്പിടയുന്ന രണ്ടു പെണ്ണുങ്ങൾ ആത്മഹത്യയിലേക്ക് ചൂളം വിളിച്ചു പായുമ്പോഴും ജീവിതത്തിന്റെ അവസാന ബിന്ദുവിലേക്ക് ഉറ്റ് നോക്കി അറ്റമില്ലാതെ സംസാരിക്കുന്ന രണ്ടു പെണ്ണുങ്ങളെ കണ്ടപ്പോൾ അസൂയ തോന്നിപോയി. ജീവിതത്തിന് പല നിറങ്ങളും ഭാവങ്ങളുമുണ്ടെന്നും ചുറ്റുമുള്ള മനുഷ്യരുടെ ഉള്ളിന്റെ ഉള്ളിൽ ഒരു കണ്ണുണ്ടെന്നും, സദാ ആർദ്രമായ എന്തോ ഒന്ന് അത് തിരയുന്നുണ്ടെന്നും ഓർമിപ്പിച്ചത് വയനാകളാണ്. വായനകളിലൂടെ കിട്ടുന്ന അനുഭൂതി അത് വ്യത്യസ്തം തന്നെയാണ്.

പുതിയ കാലത്ത് വായനയുടെ തലങ്ങൾ മാറിയിട്ടുണ്ട്. റീൽസുകളിലൂടെയാണ് പുസ്തകങ്ങളുടെ വ്യവഹാരം. പ്രശസ്ത എഴുത്തുകാരി ലളിതംബിക അന്തർജ്ജനത്തിന്റെ മകനും ചെറുകഥാകൃത്തുo  നോവലിസ്റ്റുമായ എൻ. മോഹനന്റെ 'ഒരിക്കൽ ' വായിച്ചു. റീൽസിലൂടെ പരിചയപ്പെട്ട ഒരു പുസ്തകം. എഴുത്തുകാരൻ മരണപ്പെട്ട് വർഷങ്ങൾക്കിപ്പുറം യുവത തിരഞ്ഞു പിടിച്ചു വായിച്ചൊരു പുസ്തകം. കാലമെത്ര കഴിഞ്ഞാലും കാമ്പുള്ള അക്ഷരങ്ങൾ ചിറകുകൾ മുളക്കും. "എന്നിട്ടും അവൾ അറിഞ്ഞില്ല. ആഴക്കടലിനെക്കാൾ അഗാധമായിരുന്നു എന്റെ പ്രണയം. ഏറ്റവും വലിയ മോഹത്തേക്കാൾ വലുതായിരുന്നു എന്റെ ഇഷ്ടം" കാലങ്ങൾക്കിപ്പുറവും സ്നേഹിക്കുന്ന മനുഷ്യരിലേക്ക് വായനയിലൂടെ പടർന്നു കയറിയിരിക്കുന്നു കാലങ്ങൾക്ക് മുൻപേ മണ്ണോടു ചേർന്ന എഴുത്തുകാരന്റെ അക്ഷരങ്ങൾ. കാലത്തിനതീതമായി ഹൃദയങ്ങളിലേക്ക് ഒഴുകുന്നു, സ്റ്റാറ്റസുകളിലേക്കും.

വായന ഒരാളെ പൂർണമായും എന്തിനും പാകപ്പെടുത്തുന്നു എന്നല്ല, എങ്കിലും ഒരാൾ വായനയിലൂടെ പരിഷ്കരിക്കപ്പെടുന്നു. ഹൃദയം കുറേകൂടി വിശാലമായ കാഴ്ചപ്പാടിലേക്കും കാഴ്ചകളിലേക്കും യാത്ര ചെയ്യുന്നു. വായിക്കുന്നവരുടെ മാത്രം ഒരു ലോകമുണ്ട്, വായനയിലൂടെ മാത്രം കണ്ടെത്തുന്ന മനുഷ്യരും. വായിക്കുമ്പോൾ എന്റെ ഞാൻ ഒന്നുകൂടി എന്റെയാകുന്നു. വായിക്കുന്നതും വായിക്കപ്പെടുന്നതും തന്നെയാണ് ഈ ലോകത്തെ മനോഹരമാക്കുന്നത്. ചുറ്റിനും കാണുന്ന എന്തിനെയും നമുക്ക് വായിക്കാൻ സാധ്യമാവട്ടെ.

Share:
Older Post Newer Post
Translation missing: en.general.search.loading