''ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ പലപ്രാവശ്യം രൂപാന്തരപ്പെടുന്നുണ്ട്.
തോലുകള്‍ കൊഴിഞ്ഞു പോകുന്നു. പുതിയവ കിളിര്‍ക്കുന്നു. ചുറ്റുമുള്ളവരും ചുറ്റുപാടും മാറിവരുന്നു. അവയുമായി പൊരുത്തപ്പെടുന്നു. ഓര്‍മ ഒരു കണ്ണാടിയായി കൂടെ വരുന്നു.
ഒരിക്കല്‍ക്കൂടി കാമ്പസ് ശീതളിമകളിലൂടെയും ചടുലമായ ജീവിതസമരങ്ങളിലൂടെയും പ്രാര്‍ഥനാനിരതമായ കാത്തിരിപ്പുകളിലൂടെയും കടന്നുനീങ്ങുന്നതിന് ഈ കുറിപ്പുകള്‍ സഹായകമായി. കാഴ്ചകള്‍ എല്ലാം വിശദമായി ഓര്‍മയില്‍ തെളിയുകയില്ല. വീണ്ടും വീണ്ടും ഓര്‍ത്തെടുക്കാന്‍ ധാരാളം ഉണ്ടാവുകയും ചെയ്യും. എഴുതിയതിനേക്കാള്‍ അധികം എഴുതാത്തത് ഉണ്ടാവും. പറഞ്ഞതിനേക്കള്‍ എത്രയോ അധികം ആളുകള്‍ ഇഷ്ടത്തോടെയും ചിലര്‍ അസ്വസ്ഥതയുണ്ടാക്കിയും കൂടെ കടന്നുപോയിട്ടുണ്ട്. ഇതില്‍ ഉപയോഗിച്ചിട്ടുള്ള പേരുകളില്‍ ചിലവ യഥാര്‍ഥവും മറ്റുചിലവ സാങ്കല്‍പ്പികവുമാണ്. ആളുകള്‍ക്ക് വിഷമം ഉണ്ടാക്കിയേക്കാമെന്ന വിചാരം കൊണ്ടാണ് ചില പേരുകള്‍ മാറ്റിയിട്ടുള്ളത്.
ജീവിതക്കാഴ്ചകള്‍ പല കോണുകളിലൂടെ മാറിമറിയുന്നതാണ് അനുഭവം. അകമെ നിന്നും പുറമെ നിന്നും കാണുന്നത് വേര്‍തിരിയാതെ കുഴഞ്ഞുമറിഞ്ഞാണ് ആശയങ്ങള്‍
രൂപപ്പെടുന്നത്. അവ ചിട്ടപ്പെടുത്തലൊന്നുമില്ലാതെ വന്യമായി ഈ താളുകളില്‍ ചിതറിക്കിടക്കുകയാണ്.''