ഷഫീക്ക് മുസ്തഫയുടെ കഥാലോകം കാല്പനിക ഭാഷകൊണ്ട് ഇഴചേർക്കപ്പെട്ടതല്ല. അലങ്കാരങ്ങൾ, കാവ്യാത്മക പ്രയോഗങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കി, സാധാരണ കഥാകഥനത്തിന്റെ ഭാഷയും രീതിയുമാണ് ഈ കൃതികളിൽ കാണാൻ കഴിയുക. പ്രമേയം തെരഞ്ഞെടുക്കുമ്പോഴോ അതിൽ നിന്നും ഒരു കഥാതന്തു വിരിയിച്ചെടുക്കുമ്പോഴോ ഔചിത്യത്തിന്റെ അതിരുകൾ കഥാകൃത്തിനെ
ബുദ്ധിമുട്ടിക്കുന്നില്ല. ഇതിന്റെയൊക്കെ ഫലമായി ഓർഫിയസ് എന്ന ഗന്ധർവ്വ കിന്നരനെ പോലെ അനാദൃശവും സമാനതകളില്ലാത്തതുമായ ഒരു ലോകം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിയുന്നു. വായനക്കാർക്ക് ആ ലോകം പുത്തൻ അനുഭവങ്ങൾ നൽകുന്നു. അവരുടെ ചുറ്റുമുള്ള ലോകത്തിന് പുതുവ്യാഖ്യാനങ്ങൾ ചമയ്ക്കാൻ അങ്ങിനെ അവർ പ്രാപ്തരാകുന്നു.