Your cart is empty now.
"റിഹാൻ റാഷിദിന്റെ ‘വരാൽ മുറിവുകൾ’ വായിക്കുന്ന ഓരോ സ്ത്രീയും തങ്ങളുടെ ജീവിതം നേരിട്ട് കാണുകയോ മറവിക്കപ്പുറത്തേയ്ക്ക് വഴി മാറിയ വേദനകളെ ഒരിക്കൽ കൂടി തൊട്ടറിയുകയോ ചെയ്യുന്നു. ഞാൻ വെറുതെ ഒന്നാലോചിച്ചുനോക്കി, എന്നാണ് എനിയ്ക്ക് അവസാനമായി മുറിവേറ്റത്? എന്റെ മുറിവുകളിൽ ഇപ്പോഴും ചോരവാർക്കുന്നു എന്നല്ലേ ഉത്തരം..." റിഹാൻ റാഷിദ് എഴുതിയ വരാൽ മുറിവുകൾ’ എന്ന നോവലിന്റെ വായന, അശ്വതി പ്ലാക്കൽ എഴുതുന്നു.
പറയാൻ പോകുന്നത് റിഹാൻ റാഷിദ് എഴുതിയ റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച 'വരാൽ മുറിവുകൾ' എന്ന പുസ്തകത്തെ പറ്റിയാണ്. ഒരു ചെറിയ, വലിയ പുസ്തകത്തിന്റെ കഥ. റിഹാൻ റാഷിദ് എന്ന എഴുത്തുകാരന്റെ ഓരോ പുസ്തകവും വ്യത്യസ്തമാണ്. അന്ന, ഇല എന്നീ രണ്ട് സ്ത്രീകളുടെ ജീവിതത്തിലൂടെ റിഹാൻ തന്റെ നോവൽ വികസിപ്പിക്കുമ്പോൾ വായിക്കുന്ന ഓരോ സ്ത്രീയും തങ്ങളുടെ ജീവിതം നേരിട്ട് കാണുകയോ മറവിക്കപ്പുറത്തേയ്ക്ക് വഴിമാറിയ വേദനകളെ ഒരിക്കൽ കൂടി തൊട്ടറിയുകയോ ചെയ്യുന്നു.
ഞാൻ വെറുതെ ഒന്ന് ആലോചിച്ചുനോക്കി, എന്നാണ് എനിയ്ക്ക് അവസാനമായി മുറിവേറ്റത്? എന്റെ മുറിവുകളിൽ ഇപ്പോഴും ചോര വാർക്കുന്നു എന്നല്ലേ ഉത്തരം. അതേ, സ്ത്രീകളാണ് ഏറ്റവും ധൈര്യശാലികൾ എന്ന് പറഞ്ഞു നിർത്തിയിടങ്ങളിലെല്ലാം ഒരു വാചകം കൂടി കൂട്ടിച്ചേർക്കട്ടെ , ഏറ്റവുമധികം കരയുന്നവരും സ്ത്രീകൾ തന്നെയാണ്. ജീവിതത്തിന്റെ ഓരോ ടേണിലും കടന്നുവരുന്ന ആളുകൾ ജീവിതത്തിൽ വസന്തം കൊണ്ടുവരും എന്ന മൂഢസ്വർഗ്ഗത്തിൽ നിന്ന് സ്ത്രീകൾ ഇനിയും രക്ഷപ്പെടുന്നില്ല. അതൊരു പ്രതിക്ഷയാണ് ജീവനെ, ജീവിതത്തെ ഭൂമിയിൽ നിലനിർത്തുന്ന പ്രതീക്ഷ.
സമൂഹത്തിന്റെ താഴത്തെ തട്ടിലുള്ള രണ്ട് സ്ത്രീകളെയാണ് റിഹാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഒന്നിന്റേയും പിന്ബലമില്ലാത്തവർക്ക് ആരാണ് തുണ? എത്രമാത്രം വേദനകളിലൂടെയും വിഷമതകളിലൂടെയും സ്ത്രീകൾക്ക് കടന്നുപോകേണ്ടിവരുമെന്നതിന്റെ നേർക്കാഴ്ച്ച വായനക്കാർക്ക് കിട്ടുന്നുണ്ട്. സ്ത്രീകളുടെ അനുഭവങ്ങളിലൂടെ ഒരു പുരുഷൻ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന പരിമിതികളെ റിഹാൻ മറികടന്നിട്ടുണ്ട്. ഈ പുസ്തകം വായിച്ച് സ്ത്രീകൾ ഇത്രയും അനുഭവിക്കുമോ, ഇതൊരു കഥ മാത്രമല്ലേ എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ വീട്ടിനുള്ളിലേയ്ക്കുതന്നെ നോക്കുക. അവിടെയും കാണാം, വിതുമ്പലുകൾ കരച്ചിലാവാതെ അടക്കിപ്പിടിക്കുന്ന ചില പെൺഹൃദയങ്ങളെ. ആത്മഹത്യയുടെ മുനമ്പിൽ നിന്നാണ് ഈ സ്ത്രീകൾ മനസ്സ് തുറക്കുന്നത്. അത് കഥയാണെന്ന് നമുക്ക് വിശ്വസിക്കാംഅല്ലേ?