Your cart is empty now.
ഡോ. പി. സുരേഷ്
റിഹാൻ റാഷിദ് എഴുതി റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘വരാൽ മുറിവുകൾ’ എന്ന നോവലിന്റെ വായനാനുഭവമെഴുതുന്നു,ഡോ. പി. സുരേഷ്.
സമാന്തരമായി നീണ്ടുപോകുന്ന റെയിൽപ്പാളങ്ങൾ പോലെ സമാന്തരമായി ജീവിക്കുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് റിഹാൻ റാഷിദിൻ്റെ 'വരാൽ മുറിവുകൾ' എന്ന ചെറിയ നോവൽ. വാസ്തവത്തിൽ രണ്ട് സ്ത്രീകളും രണ്ട് ജീവിതങ്ങളിലൂടെയല്ല, ഒരേതരം ജീവിതത്തിൻ്റെ രണ്ട് വശങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.
മൂന്ന് പി എസ് സി പരീക്ഷകൾക്ക് ഒരുമിച്ചു പോയതിന്റെ പരിചയം മാത്രമാണ് രണ്ട് സ്ത്രീകൾക്കുമുള്ളത്. പക്ഷേ സമാനമായ ജീവിതാനുഭവങ്ങൾ അവരെ ഒരുമിപ്പിക്കുന്നു. രണ്ടുപേരുടെയും സംഭാഷണത്തിലൂടെ മാത്രം ആഖ്യാനം ചെയ്യപ്പെടുന്ന നോവലിൽ ജാതി കേന്ദ്ര സ്ഥാനത്ത് വരുന്നുണ്ട്. ആണധികാരത്തിന്റെയും ലൈംഗിക ചൂഷണത്തിന്റെയും അരികുജീവിതങ്ങളുടെയും വീർപ്പുമുട്ടിക്കുന്ന മിടിപ്പുകൾ അവരുടെ വാക്കുകളിൽ നിറഞ്ഞിരിപ്പുണ്ട്. രാത്രിയാണ് നോവലിലെ മുഖ്യകാലം. എല്ലാം മറച്ചുവെക്കുന്ന ഇരുട്ടിൽ നിന്നാണ് മറ്റുള്ളവർക്ക് ദൃശ്യമാകാത്ത ദമിത വേദനകൾ വേരു പടർത്തുന്നത് എന്ന് കാണാം. വെളിച്ചം കെട്ടുപോയ; ആത്മപ്രകാശനത്തിന് ഇടമില്ലാത്ത ജീവിതങ്ങളിലെ ഇരുട്ട് നോവലിലുടനീളം പടർന്നുകിടക്കുന്നുണ്ട്. സങ്കടങ്ങളുടെ ആ ഇരുട്ടിലും സ്വന്തം ഉടലനുഭവങ്ങളുടെ ആനന്ദത്തിൽ മുഴുകാൻ, അങ്ങനെ സ്വയം വിമോചിതരാകുവാൻ ശ്രമിക്കുന്ന രണ്ട് സ്ത്രീജീവിതങ്ങൾ ഈ നോവലിനെ പ്രകാശപൂർണ്ണമാക്കുന്നു.