Your cart is empty now.
"ഭ്രമകല്പനയ്ക്കു യാഥാർഥ്യ ബോധത്തിന്റെ നിർമ്മിതിയിൽ വലിയ പങ്കുണ്ടെന്നു ഈ നോവൽ തെളിയിക്കുന്നു, കാരണം റിഹാന്റെ വരികളിലൂടെ ഓരോ വ്യക്തികളുടെ ലോകത്തെയും അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്." റാറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച വരാൽ മുറിവുകൾ എന്ന നോവലിന്റെ വായനക്ക് ശേഷം എഴുത്തുകാരനായ റിഹാൻ റാഷിദിന് എം.ജി. യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായ നവാസ് എം ഖാദർ അയച്ച എഴുത്ത്.
പ്രിയപ്പെട്ട റിഹാൻ,
നിങ്ങളുടെ പുതിയ നോവലായ "വരാൽ മുറിവുകൾ" റാറ്റ് ബുക്കിൽ (RAT Books) നിന്നും എനിക്ക് ലഭിച്ചു. ഞാൻ ഇതുവരെ വായിച്ച റിഹാനിൽ നിന്നും വളരെ വ്യത്യസ്തമായ കഥപറച്ചിൽ രീതിയെ ആദ്യമായി അഭിനന്ദിക്കുന്നു. റെയിൽവേ പാളത്തിൽ മരണത്തിനായി കാത്ത് കിടക്കുന്ന രണ്ടു പെണ്ണുങ്ങളുടെ സംസാരമാണ് ഈ നോവൽ എന്ന് ട്രൂ കോപ്പിയിലെ പരസ്യത്തിലൂടെ ഞാൻ അറിഞ്ഞതു കൊണ്ടാണ് ഈ നോവൽ വായിക്കണമെന്ന് തോന്നിയത്. അതിനു പ്രത്യേകമായൊരു കാരണം കൂടിയുണ്ട്. ആത്മഹത്യയെ ഗവേഷണപരമായും സാഹിത്യപരമായും കൈകാര്യം ചെയ്യാൻ റിഹാനുള്ള കഴിവ് 'ആത്മഹത്യയുടെ രസതന്ത്രത്തിലൂടെ' ഞാൻ തിരിച്ചറിഞ്ഞതാണ്.
മരണത്തിലൂടെ ജീവിത ഘട്ടത്തിലെ മറ്റൊരു യാത്രയുടെ വാതിൽ തുറക്കപ്പെടുന്നുള്ള താങ്കളുടെ ചിന്തയെ (Rashid, 2024) ഞാൻ തിരിച്ചറിഞ്ഞത് കൊണ്ടാകാം റെയിൽവേ പാളത്തിലെ സ്ത്രീകളുടെ ചിന്തകൾ അറിയാൻ എനിക്ക് ആകാംഷ കൂടിയത്. റിഹാൻ സൃഷ്ടിച്ച അതഹത്യയുടെ ലോകത്ത് ആത്മഹത്യകളിൽ നിന്നുയിർകൊണ്ടവർ തങ്ങൾ അനുഭവിച്ച ആനന്ദത്തെ വെളിപ്പെടുത്തുന്ന വ്യാഖ്യാനങ്ങളും, ആത്മഹത്യയുടെ സന്തോഷം തിരിച്ചറിയപ്പെടുത്തുന്ന നന്ദിത, സിൽവിയ പ്ലാത്ത് എന്നിവരൊന്നും വരാൽ മുറിവുകളിൽ വന്നിട്ടേ ഇല്ല എന്നത് താങ്കളുടെ മാനസിക ഭാവനയിലെ മാറ്റത്തെ കാണിക്കുന്നു. റിഹാൻ മുൻപ് പറഞ്ഞിട്ടുള്ള മരിക്കാൻ ആഗ്രഹിച്ചിട്ട് സാധിക്കാതെ പോകുന്ന മനസ്സിന്റെ വിങ്ങലുകളും വരാൽ മുറിവിൽ കണ്ടില്ല.
ഇതുവരെ എഴുതിയ റിഹാന്റെ കഥകളിൽ, നോവലുകളിൽ യഥാർത്ഥ ജീവിതവുമായി ബന്ധപ്പെട്ട ചില ഏടുകൾ എപ്പോഴും ഉൾപെടുത്താറുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്, വരാൽ മുറിവുകൾ അതിൽ നിന്നും വിത്യസ്തമാകുന്നത് ഇത് റിഹാനെ തേടിയെത്തിയ കഥയായി ഞാൻ കാണുന്നു. ഇതിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരുമായും മരിച്ചവരുമായും സാദൃശ്യമുണ്ട്. സത്യത്തിൽ ഈ നോവലിലെ ഒരു കഥാപാത്രം റിഹാനുമായി നേരിട്ട് ബന്ധമുള്ള ആളും, അയാൾ തന്റെ ജീവിതാനുഭവം റിഹാനുമായി പങ്കു വെച്ചതുമാകാം ഈ നോവൽ.
കേരളത്തിൽ വിവാഹം കഴിഞ്ഞു ജീവിക്കുന്ന 18നും 65നും ഇടയിലുള്ള സ്ത്രീകളുടെ ഇടയിൽ നടത്തിയ പഠനത്തിൽ (Mundodan, K K, & Haveri, 2021) വ്യക്തമാകുന്നത് 29% സ്ത്രീകൾക്ക് അവരുടെ ഇണയുടെ ഭാഗത്തുനിന്നുള്ള അക്രമം അനുഭവിച്ചതായി റിപ്പോർട്ട് ചെയ്തു; ഏറ്റവും സാധാരണമായി സ്ത്രീകൾ അനുഭവിക്കുന്നത് വൈകാരിക അക്രമവും (19%), തുടർന്ന് ലൈംഗിക അതിക്രമവും (18.6%), ശേഷം ശാരീരിക അതിക്രമവുമാണ് (14.8%) എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്ത് കൊണ്ട് ഈ റിപ്പോർട്ട് ഇവിടെ പ്രസക്തമാകുന്നു എന്നത് വെട്ടുന്ന വരാൽ വീഴ്‌ത്തുന്ന മുറിവുകൾ പോലെയാണ് കേരളത്തിലെ സ്ത്രീകൾ അനുഭിക്കുന്ന ട്രോമായെന്നു റിഹാൻ നോവലിലൂടെ ചൂണ്ടികാണിക്കുന്നു.
രണ്ടു സ്ത്രീകൾ അവരുടെ ജീവിത പ്രശ്നങ്ങൾ, കൗമാരവും യൗവനവും ലൈംഗികതയും അവരിൽ ഉണ്ടാക്കുന്ന വ്യത്യസ്ഥ ചിന്തകൾ, ജീവിതത്തിൽ നേരിടുന്ന മനോവ്യഥകൾ, മാനഹാനികൾ, അവയിലെല്ലാം മൗനമായി പോകുന്ന കേരളത്തിലെ നിരവധി സ്ത്രീകളുടെ പ്രതിനിധികളാണ് അന്നമ്മയും, ഇലയും. കുടുംബത്തിൽ ഒരേ സ്ഥാനത്തു നിൽക്കുന്ന വ്യക്തികളോടുള്ള ,മനോഭാവം രണ്ടു സ്ത്രീകളിൽ എങ്ങനെ വിത്യസ്തമായി ഉണ്ടാകുന്നു എന്നത് സാഹചര്യവുമായി ഇടകലർത്തി പറയുകയാണ് ഈ നോവലിൽ. ഭ്രമകല്പനയ്ക്കു യാഥാർഥ്യ ബോധത്തിന്റെ നിർമ്മിതിയിൽ വലിയ പങ്കുണ്ടെന്നു ഈ നോവൽ തെളിയിക്കുന്നു, കാരണം റിഹാന്റെ വരികളിലൂടെ ഓരോ വ്യക്തികളുടെ ലോകത്തെയും അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്.
ജാതിയുടെയും വർണ്ണത്തിന്റെയും പേരിലുള്ള ഒറ്റപെടത്തലുകൾ, പരിഹാസങ്ങൾ ഒരു ജനത അനുഭവിക്കുന്നത് സൂക്ഷമമായി തന്നെ റിഹാൻ അവതരിപ്പിക്കുന്നുണ്ട്. അതിനു കാരണമായി ഞാൻ കാണുന്നത് കേവലമൊരു കേട്ടറിവിന്റെയോ കണ്ടറിവിന്റെയോ അടിസ്ഥാനത്തിലായിരിക്കില്ല എഴുത്തുകാരൻ ആ പ്രശ്നത്തെ ഏറ്റെടുത്തിട്ടുണ്ടാവുക. ആദ്യം സൂചിപ്പിച്ചതു പോലെ, ഇതൊരു അനുഭവത്തിന്റെ ആവിഷ്കരണമാണ്. നാളെയുടെ സെൻസറിൽ കട്ട് ചെയ്യപ്പെടാൻ സാദ്യതയുള്ള ചില ജീവിതാനുഭവങ്ങൾ.
ക്രൈസ്തവ സമുഹത്തിൽ ഇന്നും നിലനിൽക്കുന്ന 'പുലയക്രിസ്ത്യാനി' എന്ന വേർതിരിവിനെ കൃത്യമായി അവതരിപ്പിക്കുകയും, സമൂഹത്തിന്റെ വിവിധ തട്ടുകളിൽ, മതത്തിന്റെ അതിരുകളിൽ അവരെ നിന്ദ്യരായി കുരുക്കിയിടുന്നതും നോവലിലെ പ്രധാന പ്രമേയമാണ്. പീഡനങ്ങൾ എവിടെ വെച്ചും ഉണ്ടാകാം എന്നും അതിനു ആൺ പെൺ വിത്യാസം ഇല്ല എന്നും നോവലിൽ കാട്ടിത്തരുന്നുണ്ട്. വീടുകളിലെയും ദേവാലയങ്ങളിലെയും സ്ത്രീകളുടെ അവസ്ഥയും, പിതാവില്ലാത്ത പെൺകുട്ടികളുടെ അവസ്ഥയും, പുരുഷ രീതിയിൽ വിധേയപ്പെടുന്ന പ്രതിഷേധം പുകയുന്ന മനസുമായി ജീവിക്കുന്ന വിവാഹിതരായ സ്ത്രീകളുടെ അവസ്ഥയും, പുതു ക്രിസ്ത്യാനിയെയും പാരമ്പര്യ ക്രിസ്താനിയെയും വിത്യസ്തമായി പരിഗണിക്കുന്ന മതങ്ങളിലെ ജാതീയതയും റിഹാൻ തുറന്നു കാട്ടുന്നുണ്ട്. പൊയ്കയിൽ അപ്പച്ചൻ പറഞ്ഞത് ഇവിടെ കൂട്ടി വായിക്കാം, “കാണുന്നില്ലോരക്ഷരവും എന്റെ വംശത്തെപ്പറ്റി കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ”
പ്രിയപ്പെട്ട റിഹാൻ, ജീവിതത്തിൽ മനുഷ്യർ പരാജയപ്പെടുന്നത് ഉള്ളു തുറന്നു ഒന്ന് സംസാരിക്കാൻ ഒരാളില്ലാത്തതു കൊണ്ടാണ് എന്നുള്ള താങ്കളുടെ എഴുത്തിൽ അന്തർലീനമായിരിക്കുന്ന വസ്തുത ഈ സാഹചര്യത്തിൽ ശെരിയാണ്. ഒരു പക്ഷെ ജീവിതത്തിൽ ഓരോ സാധാരണ മനുഷ്യരും നിരവധി സംഘർഷങ്ങളിലൂടെയാകാം കടന്നു പോകുന്നത്. വ്യക്തികൾ തമ്മിലുള്ള ബന്ധത്തിലും, ജന വിഭാഗങ്ങൾ തമ്മിലുള്ള ബന്ധത്തിലും ഓരോരുത്തരുടെയും അപരത്വത്തെ അംഗീകരിച്ചു സ്നേഹിക്കുന്ന അവസ്ഥ ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു. താങ്കളുടെ ഈ 'വരാൽ മുറിവുകൾ' അനുഭവിക്കുന്നവരോട് ഐക്യപ്പെട്ടുകൊണ്ട് നിർത്തുന്നു.
താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളൂം.
സ്നേഹത്തോടെ,
നവാസ് എം. ഖാദർ