Your cart is empty now.
"അവളുടെ ഉള്ളിൽ നിന്ന്, അറ്റമില്ലാത്ത ഒരു അഗാധതയിൽ നിന്ന് അതൃപ്തിയുടെ പിറുപിറുക്കലുകൾ ഉയർന്നുകൊണ്ടേയിരുന്നു. സ്വാതന്ത്ര്യം. അതു പറഞ്ഞു. എനിക്ക് ഇനിയുമിനിയും സ്വതന്ത്രമാവണം” ഇത് മാധവിക്കുട്ടിയുടെ 'പരുന്തുകൾ' എന്ന കഥയിൽ നിന്നുള്ളതാണ്.
സ്വാതന്ത്ര്യം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഒരു തരത്തിലും സ്വാതന്ത്ര്യം ഇല്ലാതെ ജീവിക്കാൻ നമ്മൾ ആരും തന്നെ ആഗ്രഹിക്കുന്നുമില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനും ഇഷ്ടമുള്ള സ്ഥലങ്ങളിൽ പോകുവാനും ഇഷ്ടമുള്ള ആളുകളെ പ്രണയിക്കാനും ഇഷ്ടമുള്ള കാര്യങ്ങൾ എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും അങ്ങനെ നമുക്ക് ഇഷ്ടമുള്ളത് എന്തും ആരുടേയും അനുവാദവും കൂടാതെ ചെയ്യുവാനുള്ള സ്വാതന്ത്ര്യം നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ പലപ്പോഴും നമുക്കും നമുക്ക് ചുറ്റുമുള്ള പല ആളുകൾക്കും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു . ഒരു പക്ഷേ യാഥാസ്ഥിതിക കുടുംബ പശ്ചാത്തലമാകാം അതിനു കാരണം. അല്ലെങ്കിൽ മറ്റു പല കാരണങ്ങൾ കൊണ്ട് നമ്മുടെ സ്വാതന്ത്ര്യം മറ്റു പലരുടെയും കൈ പിടിയിൽ ആകുന്നു. ചിലർ അത്തരം ബന്ധനങ്ങളിൽ നിന്ന് രക്ഷപെട്ട് തന്റെ സ്വാതന്ത്ര്യം തിരിച്ചു നേടുന്നു. മറ്റു ചിലർ ഇപ്പോഴും അതിൽ തന്നെ പെട്ട് ജീവിതം ജീവിച്ചു തീർക്കുന്നു.
ഭർത്താവിൻ്റെ മേലധികാരിയുമായുള്ള ബന്ധത്തിലാണ് തനിക്ക് അഗാധമായ പ്രണയം അനുഭവപ്പെട്ടത് എന്നും തന്റെ മുറിവുണക്കാനുള്ള യാത്രകളുടെ ഭാഗമായിരുന്നു അത് എന്നും മാധവിക്കുട്ടി പറയുന്നുണ്ട്. അതേസമയം കടുത്ത നിറങ്ങളിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളെയും ഇഷ്ടപെടുന്ന മാധവിക്കുട്ടിക്ക് തന്റെ ബാല്യത്തിലും കൗമാരത്തിലും നിറങ്ങളുടെ ലോകം തന്നെ നിഷേധിക്കപ്പെട്ടു. അച്ഛന്റെയും അമ്മയുടെയും ആദർശങ്ങൾക്കനുസരിച്ചു ജീവിക്കാൻ നിര്ബന്ധിക്കപ്പെട്ടു. ഇത്തരത്തിൽ പല സ്വാതന്ത്ര്യങ്ങളും മാധവിക്കുട്ടിക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് നിഷേധിക്കപ്പെട്ട പല സ്വാതന്ത്ര്യങ്ങളും തിരിച്ച നേടിയെടുത്തിട്ടുമുണ്ട്. അങ്ങനെ ഇനിയുമിനിയും സ്വതന്ത്രയാകാൻ ആഗ്രഹിച്ച ഒരാളായിരുന്നു മാധവിക്കുട്ടി എന്ന കമലാ സുരയ്യ.
എന്നാൽ വായാനാ ലോകത്തിന് ആരായിരുന്നു കമല? ഇന്ത്യൻ സാഹിത്യത്തിൽ തന്നെ വ്യതിരിക്തമായ ശബ്ദങ്ങളിൽ ഒരാൾ. ഒരു തലമുറയുടെ മാത്രമല്ല പല തലമുറകളുടെ വായനാസംസ്കാരത്തെയും ആസ്വാദനരീതികളെയും നിർണ്ണയിച്ച എഴുത്തുകാരി. ഒരിക്കലും മാധവിക്കുട്ടി കലാപകാരിയായോ പ്രക്ഷോഭക്കാരിയായോ ആയി പൊതു സമൂഹത്തിന് മുൻപിൽ പ്രത്യക്ഷപ്പെട്ടില്ല. പക്ഷെ അവരുടെ തുറന്നെഴുതുകൾ ഇവിടുത്തെ സ്ത്രീ ജീവിതത്തിന്റെകൂടി തന്നെ തുറന്നെഴുതുകളായി. അത് വായനക്കാരെ ആവേശം കൊള്ളിച്ചു, ചിലരെ പ്രകോപിപ്പിച്ചു, മറ്റു ചിലരെ മാധവിക്കുട്ടിയുടെ എഴുത്തുകളുടെ വായനയിൽ നിന്ന് തന്നെ വിലക്കി, ചിലർ അയ്യേ എന്ന് കളിയാക്കി മാറ്റി നിർത്തി. പിന്നീട് അയ്യേ എന്ന് പറഞ്ഞവർ തന്നെ കമലയുടെ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. അവരെ ഇഷ്ടപ്പെടാൻ തുടങ്ങി.
തന്റെ എഴുത്തുകളിൽ തറവാടും ഉറ്റവരായ പലരെയും എന്തിന് നമ്മുടെ യാഥാസ്ഥിതിക കുടുംബവ്യവസ്ഥയെ പോലും പ്രതിക്കൂട്ടിലാകുന്നുണ്ട്. കമലയുടെ ഇഷ്ടങ്ങളും, അനിഷ്ടകളും, ലൈംഗികതയും, വിവാഹ ജീവിതത്തിൽ ഭർത്താവിന്റെ കാമാതുരത കൊണ്ടുള്ള വേദനകളും, യാഥാസ്ഥിതികത്വത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വാസുതാ വിവരണങ്ങളും, മത പരിവർത്തനത്തെപ്പറ്റിയും ഒരു മടിയും കൂടാതെ തുറന്നെഴുതുന്നുണ്ട്. അങ്ങനെ സമൂഹത്തിന്റെ എല്ലാവിധ യാഥാസ്ഥിതിക ബന്ധനങ്ങളുടെയും ചരട് മുറിച്ച് എഴുത്തിന്റെ മറ്റൊരു ലോകം തന്നെ സൃഷ്ടിച്ചു മാധവിക്കുട്ടി എന്ന കമലാ സുരയ്യ.
കമലാ സുരയ്യയുടെ എഴുത്തുകൾ ഇപ്പോഴും ആളുകൾ ഇഷ്ടപെടുമ്പോഴും അവർ തന്റെ എഴുത്തുകളിലൂടെ വായനക്കാർക്കുള്ളിൽ സൃഷ്ടിച്ച കലാപങ്ങളുടെയും സംവാദങ്ങളുടെയും ആശയങ്ങളുടെയും മറ്റും അനുരണനങ്ങൾ ഉണ്ടാകുമ്പോഴും കമലയുടെ എഴുത്തുകൾ വ്യത്യസ്തമായ തലങ്ങളിൽ അല്ലെങ്കിൽ രീതികളിൽ വായിക്കപ്പെട്ടിട്ടില്ല എന്നത് യാഥാർഥ്യമാണ്. അത്തരത്തിലുള്ള ഒരു വായനയാണ് റാറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച് വി. വിജയകുമാർ എഴുതിയ നീര്മാതളത്തിന്റെ പൂവ്, കമലാ സുരയ്യയുടെ ധൈഷണിക ജീവചരിത്രം എന്ന പുസ്തകം. ഇതിൽ കമലയുടെ സാഹിത്യത്തിലേയും സാമൂഹ്യമായും നടത്തിയ ഇടപെടലുകൾ കാണാം കൂടാതെ കമല തന്റെ എഴുത്തിലൂടെയും ജീവിതത്തിലൂടെയും സദാചാരം, വിശ്വാസം, സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിലേക്ക് നടത്തിയ ഇടപെടലുകൾ കൃത്യമായി അടയാളപ്പെടുത്തുന്നുമുണ്ട്. ചുരുക്കി പറഞ്ഞാൽ കമലാ സുരയ്യയുടെ ധൈഷണിക ജീവിതത്തിലൂടെയുള്ള ഒരു അന്വേഷണ യാത്രയാണിത്.
കമല എഴുതിയ കഥകളും കവിതകളും ആത്മകഥകളും ഓര്മക്കുറിപ്പുകളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ജീവചരിത്രസംബന്ധിയായ പുസ്തകങ്ങളും പ്രശസ്തരായ വിമർശകകരുടെ നിരൂപണങ്ങളെയും ആധാരമാക്കുന്ന അന്വേഷണം. ആ അന്വേഷണം കമലാ സുരയ്യയുടെ വിവാഹ ജീവിതത്തിലൂടെയും ആ കാലഘട്ടം കമലയുടെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നുള്ള അന്വേഷണവുമുണ്ട്. കമലയുടെ തറവാടും അവിടുത്തെ പരിചാരികമാരുമായുള്ള ബന്ധത്തെക്കുറിച്ചും മതപരിവർത്തനത്തെക്കുറിച്ചും തുടങ്ങി കമലയുടെ ജീവിതത്തിലേക്കും സാഹിത്യത്തിലേക്കുമുള്ള അന്വേഷണമാണിത്. മലയാളികൾ അടക്കമുള്ള വായനക്കാർ സദാചാരത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും വ്യവസ്ഥാപിതത്വത്തിന്റെയും അളവ് കോൽ കൊണ്ട് അളക്കാൻ ശ്രമിച്ച കമലാ സുരയ്യ എന്ന എഴുത്തുകാരിയിലേക്കുള്ള ഒരു അന്വേഷണം.
റാറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച് വി. വിജയകുമാർ എഴുതിയ നീര്മാതളത്തിന്റെ പൂവ്, കമലാ സുരയ്യയുടെ ധൈഷണിക ജീവചരിത്രം എന്ന പുസ്തകം ഇപ്പോൾ ratbooks.com സ്വന്തമാക്കാം.