പി.എഫ്. മാത്യൂസ്
"മേതിൽ സാഹിത്യത്തിൽ കാണാത്ത മറ്റൊരു മേതിലിനെ ഞാനീ പുസ്തകത്തിൽ കാണുന്നു എന്നതാണ്. സാഹിത്യത്തെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടാത്ത, സാഹിത്യം മരിച്ചു കഴിഞ്ഞു എന്ന് പ്രഖ്യാപിച്ച ഒരു മേതിൽ." കരുണാകരൻ എഴുതിയ 'മേതില്‍ Ars Longa, Vita Brevis വ്യാഴാഴ്ചകള്‍ മാത്രമുള്ള ഏഴു ദിവസങ്ങള്‍' എന്ന പുസ്തകത്തിന്റെ വായന. പി. എഫ്. മാത്യൂസ് എഴുതുന്നു.
വർഷങ്ങൾക്കു മുമ്പ് ഹൈദരാബാദിൽ വച്ച് കരുണാകരന് ഒ.വി വിജയൻ സ്മാരക പുരസ്ക്കാരം സമ്മാനിക്കുന്ന ചടങ്ങിൽ സംസാരിക്കാൻ അവസരം കിട്ടിയത് ഓർക്കുന്നു. അന്ന് അവാർഡിന് അർഹമായ 'യുവാവായിരുന്ന ഒമ്പത് വർഷം' എന്ന നോവലിൽ കരുണാകരനും മേതിലുമായുള്ള ചില നല്ല നിമിഷങ്ങൾ വിവരിച്ചതിനെക്കുറിച്ച് ആയിരുന്നു ഞാൻ കൂടുതലും സംസാരിച്ചത്. നോവലിസ്റ്റ് എഴുതിയതിനേക്കാളേറെ വായിക്കാനും അറിയാനും മോഹമുണ്ടായിരുന്നു. നോവലിനൊപ്പം ആ നിമിഷങ്ങൾ തീർന്നു പോകരുതെന്ന ഒരാഗ്രഹം. അതാണിപ്പോൾ സഫലമായിരിക്കുന്നത്.
കരുണാകരൻ എഴുതിയ 'മേതിൽ, വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ' (Rat Books) വായിച്ചുകൊണ്ടിരിക്കുമ്പോൾ കരുണാകരനോടുള്ള ഇഷ്ടവും സ്നേഹവും കൂടുകയാണ്. എന്റെ പ്രീഡിഗ്രിക്കാലം മുതൽ പുസ്തകങ്ങളായി കൂടെയുണ്ടായിരുന്ന മേതിൽ രാധാകൃഷ്ണനെയും ഞാൻ കൂടുതലായി ഇഷ്ടപ്പെടാൻ തുടങ്ങി. പ്രധാന കാരണം മേതിൽ സാഹിത്യത്തിൽ കാണാത്ത മറ്റൊരു മേതിലിനെ ഞാനീ പുസ്തകത്തിൽ കാണുന്നു എന്നതാണ്. സാഹിത്യത്തെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടാത്ത, സാഹിത്യം മരിച്ചു കഴിഞ്ഞു എന്ന് പ്രഖ്യാപിച്ച ഒരു മേതിൽ. 'ഉറ ഒഴിക്കുന്ന ഒരിഴ ജന്തുവാണ് കല' എന്ന ഒറ്റ വരിയിൽ തുടങ്ങി, കവിതയും ഉൽപ്പാദിപ്പിക്കാനാകുമെന്ന് തെളിയിക്കാൻ ഒറ്റരാത്രി കൊണ്ട് 12 കവിതകൾ എഴുതി കാത്തിരുന്ന മേതിലിൻ്റെ പൊട്ടിച്ചിരി ഞാനീ പുസ്തകത്തിൽ കേട്ടു, നന്നായി ചിരിച്ചു.
അച്ഛൻ മരിച്ചുപോയി എന്ന ടെലഗ്രാം സ്വപ്നത്തിൽ വായിച്ചു കൊണ്ടിരിക്കുന്ന കരുണാകരൻ അത് സംഭവിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു എന്നാൽ പിറ്റേന്ന് ഫോണിൽ വിളിച്ചിട്ട് മേതിൽ പറഞ്ഞു, താൻ നാട്ടിലേക്ക് പോവുകയാണ് അദ്ദേഹത്തിൻറെ അച്ഛൻ മരിച്ചു എന്ന്. പരസ്പരം മരണങ്ങളെ വച്ചുമാറുന്നത് വായിച്ചപ്പോൾ കരുണാകരൻ ഫിക്ഷനിലേക്ക് കടന്നു എന്നുപോലും ഞാൻ സംശയിച്ചു.
എഴുത്തിലെ ഇടത് സുഹൃത്തുക്കളെ കലയിലെ പ്രയോജനവാദികൾ എന്ന് മേതിൽ വിലയിരുത്തിയതിൽ അതിശയമില്ല. സ്റ്റാലിന്റെ പ്രേതത്തിനൊപ്പം ആണ് അവർ പോയത് എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. എന്നാൽ മേതിൽ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നില്ല എന്ന് കൂടി കരുണാകരൻ പറഞ്ഞപ്പോൾ കൗതുകമേറി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ മാലിന്യത്തിൽ അടിമുടി മുങ്ങിയ പാർട്ടിയെ കുറിച്ച് മേതിൽ ഒന്നും പറഞ്ഞില്ല. കരുണാകരൻ ധാരാളം പറയാറുണ്ടെങ്കിലും. കുവൈറ്റിലെ പഴയ ട്രാൻസ്പോർട്ട് ബസ്സുകളുടെ പിൻസീറ്റിൽ ഇരുന്ന് പഴയ മലയാള സിനിമാഗാനങ്ങൾ പാടുന്ന മേതിലിനേയും കരുണാകരനെയും എനിക്ക് കാണാൻ കഴിയുന്നുണ്ട്.
വർഷങ്ങൾക്കു മുമ്പേ എഴുതിയ 'സൂര്യവംശം' എന്ന നോവലിൽ നിന്ന് കൊറോണ എന്ന വാക്ക് കണ്ടെത്തി കരുണാകരനോട് പറഞ്ഞു ഒരു കൂട്ടുകാരി. അങ്ങനെ ചില കൊച്ചുകൊച്ച് രസങ്ങൾ. കോവിഡ് കാലത്ത് എല്ലാവരും കമ്യുവിൻ്റെ പ്ലേഗ് ആവർത്തിച്ചു വായിച്ചപ്പോൾ ഞാനും കരുണാകരനെ പോലെ പ്രിയപ്പെട്ട മേതിൽ കഥയായ സംഗീതം ഒരു സമയകല ഒരു വട്ടം കൂടി വായിച്ചത് ഓർക്കുന്നു. ജോൺ ലെനൻ കൊല്ലപ്പെട്ട ആ നിമിഷം ആധുനികത മരിച്ചു ഒപ്പം ഞങ്ങളുടെ തലമുറയും എന്ന് മേതിൽ പറഞ്ഞത് കൗതുകകരമായി തോന്നി. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പിടികിട്ടിയതുമില്ല.
ഒ.വി വിജയനെയും എം ഗോവിന്ദനെയും ഇഷ്ടപ്പെട്ട മേതിൽ . ഒരു ശരിയിലേക്ക് മാത്രമായി പിളരാതെ ഗോവിന്ദൻ. ഗോവിന്ദൻ്റെ ആധുനികത പാരമ്പര്യത്തിന്റെ തുടർച്ചയായിരുന്നില്ലെന്ന് കരുണാകരൻ എഴുതുന്നുണ്ട്. ചലച്ചിത്രത്തിന്റെ ആവിഷ്കാര സാധ്യതകളെക്കുറിച്ച് പഠിക്കാൻ ശ്രമിച്ച മേതിലിനേക്കുറിച്ചും ഈ കൃതി ചിലത് പറയുന്നു. അദ്ദേഹം ചലച്ചിത്രത്തിലൂടെ സഞ്ചരിച്ചിരുന്നെങ്കിൽ എത്ര ഗംഭീരമാകുമായിരുന്നു എന്ന് ഞാൻ ആലോചിച്ചു. മേതിലിന്റെ പല കഥകളിലും അതീവ സംവേദന ശേഷിയുള്ള കാഴ്ചകളുണ്ട്. ബുനുവേലിൻ്റെ 'ആൻ ആൻഡലൂഷ്യൻ ഡോഗ്' തിരക്കഥ വിവർത്തനം ചെയ്ത മേതിലിന് ചിലപ്പോൾ സിനിമയിലും അത്ഭുതങ്ങൾ രചിക്കാൻ കഴിഞ്ഞേനെ.
"Ars Lo, Vita Brevis കല നീണ്ടുനിൽക്കുന്ന നൈപുണ്യമാകുന്നു, ജീവിതം ഹ്രസ്വവും" പുസ്തകം ചെറുതെങ്കിലും മനുഷ്യരെ ഉൾക്കൊള്ളാൻ പര്യാപ്തമായ സൗന്ദര്യവും വലുപ്പവുമുണ്ട്.