Your cart is empty now.
"ജനനം മുതൽ മരിക്കാനെടുത്ത തീരുമാനം വരെ ഓർത്തുപറഞ്ഞ് ഒടുക്കം രണ്ട് പെണ്ണുങ്ങളും ആത്മഹത്യയെ അതിജീവിക്കുന്നു. അതിജീവനത്തിന്റെ രാഷ്ട്രീയ പാഠവും ആഖ്യാനത്തിലെ പരീക്ഷണവും 'വരാൽ മുറിവുകൽ' എന്ന നോവലിന് ക്ലാസിക് വായനാനുഭവം സമ്മാനിക്കാൻ കഴിഞ്ഞു." റിഹാൻ റാഷിദ് എഴുതിയ വരാൽ മുറിവുകൾ’ എന്ന നോവലിന്റെ വായന, ജിംഷാർ എഴുതുന്നു.
റിഹാൻ റാഷിദിന്റെ റാറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച 'വരാൽ മുറിവുകൾ' ഉള്ളുലച്ച് കൊണ്ടല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല. കുടുംബം എന്ന വ്യവസ്ഥിതിയുടെ ജീർണതകളും ബന്ധങ്ങളിലെ സങ്കീർണതകളും ആൺലൈംഗികതയുടെ വയലൻസും ഈ നോവൽ പ്രശ്നവൽക്കരിക്കുന്നു. ശക്തമായി സ്ത്രിപക്ഷരാഷ്ട്രീയത്തെ ഉൾക്കൊള്ളുന്ന ഈ നോവലിലൽ, ആൺ അഹന്തയാൽ മുറിവേറ്റ അനേകം പെണ്ണുങ്ങളുടെ ജീവിതം ഒളിച്ചിരിപ്പുണ്ട്.
കുഞ്ഞുനാൽ മുതൽ ഇളയപ്പന്റെ ലിംഗവിശപ്പിന് ഇരയായി സെക്ഷ്വൽ അബ്യൂസിന്റെ ട്രോമ 'വരാൽ മുറിവ്' ആയി അസ്വസ്ഥത പെരുക്കുന്നതോടെ തീവണ്ടിയ്ക്ക് തലവെച്ച് മരിക്കാൻ തീരുമാനിച്ച എലേനയുടേയും, അവളുടെ കൂടെ മരിക്കാൻ കൂട്ടുപോയ അന്നാമ്മയെന്ന അഞ്ജുവിന്റേയും കഥയാണ് ഈ നോവലിലൂടെ റിഹാനൻ റാഷിദ് അവിഷ്ക്കരിച്ചിട്ടുള്ളത്.
പ്രത്യക്ഷത്തിൽ തീവണ്ടിയ്ക്ക് തലവെച്ച് മരിക്കാൻ ഇറങ്ങിയ കൂട്ടുകാരികളുടെ കഥയായിരിക്കുമ്പോളും, തങ്ങളുടെ ജീവനെടുക്കാനെത്തുന്ന തീവണ്ടിയ്ക്കായുള്ള കാത്തിരിപ്പിന് ഇടയിലുള്ള സംസാരത്തിൽ അനേകം മനുഷ്യരുടെ ജീവിതങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. മരണത്തെ കാത്തിരിക്കുന്നതിന്റെ വിരസതയകറ്റാൻ വര്ത്തമാനം പറയുന്ന രണ്ട് പെണ്ണുങ്ങൾ. അവരുടെ ജീവിതത്തെ കുറിച്ചു പറയുന്ന സംഭാഷണങ്ങളുടെ ഘടനയിലാണ് ഈ നോവലിന്റെ ആഖ്യാനം.
ആഖ്യാനത്തിലെ പരീക്ഷണാത്മകത 'വരാൽ മുറിവുകളൽ' എന്ന നോവലിനെ നവീനമാക്കുന്നു. Incest ബന്ധങ്ങളിലെ സങ്കീർണതകളും വയലൻസും LGBTQ+ രാഷ്ട്രീയവും നോവലിനെ പുതിയ കാലത്തിന്റെ സങ്കീർണതകളിലേക്ക് കണ്ണിചേർക്കുന്നു.
രണ്ട് പെണ്ണുങ്ങളുടെ ഈ ജീവിതപ്പറച്ചിലിൽ ദലിത് ആയതിന്റെ പേരിലും സ്ത്രി ആയതിന്റെ പേരിലും നേരിടേണ്ടി വന്ന വിവേചനങ്ങളും സെക്ഷ്വൽ അബ്യൂസുമെല്ലാം ഒട്ടും തീവ്രത ചോരാതെ ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ജനനം മുതൽ മരിക്കാനെടുത്ത തീരുമാനം വരെ ഓർത്തുപറഞ്ഞ് ഒടുക്കം രണ്ട് പെണ്ണുങ്ങളും ആത്മഹത്യയെ അതിജീവിക്കുന്നു. അതിജീവനത്തിന്റെ രാഷ്ട്രീയ പാഠവും ആഖ്യാനത്തിലെ പരീക്ഷണവും 'വരാൽ മുറിവുകൽ' എന്ന നോവലിന് ക്ലാസിക് വായനാനുഭവം സമ്മാനിക്കാൻ കഴിഞ്ഞു.