മേതിൽ, ഒരു ബ്രസീലിയൻ കാൽപ്പന്തുകളിക്കാരൻ കൂടിയാണ്.. – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

മേതിൽ,  ഒരു ബ്രസീലിയൻ  കാൽപ്പന്തുകളിക്കാരൻ കൂടിയാണ്..

മേതിൽ, ഒരു ബ്രസീലിയൻ കാൽപ്പന്തുകളിക്കാരൻ കൂടിയാണ്..

  • 12 May, 2025
  • RAT Books
അനിൽകുമാർ തിരുവോത്ത് 

"മേതിലാണ് സാഹിത്യത്തിലെ ഏറ്റവും മികച്ച അവിശ്വാസി, സാഹിത്യം തന്നെ അവിശ്വസിക്കുന്ന ഒരാൾ. തനിക്കുമാത്രമായി ഒരു ഭ്രമണപഥം സങ്കല്പിക്കുന്ന ഒരാളാണ് മേതിൽ എന്ന് കരുണാകരൻ്റെ സാക്ഷ്യം. അതുകൊണ്ട് നിർമ്മാണത്തിലിരിക്കുന്ന ഒരു സൗന്ദര്യാനുഭവമാണ് മേതിൽ വായന." കരുണാകരൻ എഴുതിയ 'മേതില് Ars Longa, Vita Brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ' എന്ന പുസ്തകത്തിന്റെ വായന. അനിൽകുമാർ തിരുവോത്ത് എഴുതുന്നു.

 

മേതിലും കരുണാകരനും വ്യാഴാഴ്ച്ചതോറും കണ്ടു. അക്കാലത്ത് ആഴ്ചയിൽ ഏഴ് വ്യാഴാഴ്ച ഉണ്ടായിരുന്നു. 
   
 ദൈവം ലോകത്തെ സൃഷ്ടിച്ചത് ഒരു പ്രോഗ്രാം ചെയ്യുന്നപോലെയാണ്. അതിനുള്ള ഏക തെളിവ്, ഇന്നവശേഷിക്കുന്നത്, മേതിൽ കഥയെഴുതുന്നത് ഒരു പ്രോഗ്രാം ചെയ്യുന്നത് പോലെയാണ് എന്നത് മാത്രമാണ്. താൻ സൃഷ്ടിച്ച ലോകത്തിലെ ആദ്യത്തെ കുടിയേറ്റക്കാരനും ദൈവം തന്നെയാണ്. ദൈവം എന്തിനാണ് ലോകം സൃഷ്ടിച്ചത്? ഒരുപക്ഷെ, ദൈവത്തിനുമാത്രം അറിയാവുന്ന ആ ഉത്തരം തേടിപ്പോയ ഒരാൾ മേതിലായിരിക്കണം. അതുകൊണ്ട് മേതിൽ 'ആദ്യേപുത്യേ ' ലോക സൃഷ്ടി തുടങ്ങി. എന്നിട്ടതിൽ ആദ്യത്തെ കുടിയേറ്റക്കാരനുമായി. മേതിൽ രാഷ്ട്രങ്ങൾ ഉപേക്ഷിച്ച ഒരാളെപ്പോലെയായിരുന്നു അക്കാലത്തെന്ന് കരുണാകരൻ പറയുന്നു. ആ ഉപേക്ഷിച്ച രാഷ്ട്രം നിശ്ചയമായും സാഹിത്യമായിരുന്നു. " Literature is dead, Long back" എന്ന് മേതിൽ പറഞ്ഞിട്ടുണ്ട്. എന്നിട്ട് സൈബർ ലോകത്ത് അതിൻ്റെ ദൈവത്തെപ്പോലെ അയാൾ കുടിയേറി.

ഒരു കാലഗണന ഉണ്ടാക്കാൻ ശ്രമിച്ചാൽ, അത് ഏതാണ്ട് ഇരുപത് വർഷമാണ്. ആ ഈടിൽ മേതിൽ എഴുതാത്ത ഒരാളായോ, എഴുത്ത് അവസാനിപ്പിച്ച ഒരാളായോ 'മരിച്ചു പോയ' സാഹിത്യത്തിൻ്റെ ചരിത്രത്തിൽ അടയാളപ്പെട്ടു. അപ്പോഴും സൂര്യവംശവും പെൻഗ്വിനും ആ സാഹിത്യചരിത്രത്തിൻ ഒറ്റപ്പെട്ടുനിന്നു, സ്രഷ്ടാവില്ലാത്ത സൃഷ്ടിയായി ! കരുണാകരൻ മുന്നിലിരുന്ന(വ്യാസനു മുന്നിൽ ഗണപതി എന്ന പോലെ !?) ആ വ്യാഴാഴ്ചകളിൽ മേതിൽ ഒരു ലോകം സൃഷ്ടിച്ചെടുക്കുകയായിരുന്നിരിക്കാം. ദൈവം സൃഷ്ടിച്ച ലോകം അത്ര പോരായിരുന്നു. കുഴമറിഞ്ഞ് കിടക്കുകയായിരുന്നു. ആ ലോകത്തെ നേരെ നിർത്തിയത് മാർക്സായിരുന്നു. ആ നേരെ നിർത്തിയ ലോകത്തെ തലകുത്തനെ നിർത്തുകയായിരുന്നു മേതിൽ. അതെ, തലകുത്തനെ നിർത്തിയ ശരിയായ ലോകമാണ് മേതിലിൻ്റെ ലോകം! 

എന്തൊരു അട്ടിമറി ! ലോകത്തെ അട്ടിമറിക്കാൻ നിയോഗിക്കപ്പെട്ട, യു.എ.പി.എ ചുമത്തിക്കൂടാത്ത ഒരേയൊരു അട്ടിമറിക്കാരൻ മേതിലാണ്.  എന്തിനാവും ലോകത്തെ ഇങ്ങനെ അട്ടിമറിക്കാൻ ഇയാൾ മുതിരുന്നത്? "സ്രഷ്ടാവ് ഒരൊറ്റത്തടിയില്ല, ഒരു ദ്വീപല്ല. പരിണാമത്തിലൂടെ ഒരു ജീവിവർഗ്ഗമായും പിന്നീട് സാങ്കേതികവിദ്യകളുടെ സിദ്ധിയുള്ള സാംസ്ക്കാരിക ജീവികളായുമുള്ള നിലനില്പിൽ, അതിൻ്റെ തുടർച്ചയിൽ, നമ്മുടെ ആർജ്ജിതങ്ങൾ.....മസ്തിഷ്കത്തിനകത്തെ വിനിമയവ്യവസ്ഥകൾ, എല്ലാ തലങ്ങളിലുമുള്ള സാമൂഹിക വിവരവ്യവസ്ഥാ വിതരണങ്ങൾ, ജൈവ പരിതോവസ്ഥാ ബന്ധങ്ങൾ, മറ്റും മറ്റും  ..... പുനരുല്പാദനം നടത്താനും, സാമൂഹിക ജീവിതം നയിക്കാനും കഴിവുള്ള യന്ത്രക്കൂട്ടങ്ങൾക്കേ ഇത്രയും കാര്യങ്ങളിൽ മനുഷ്യനോട് അടുക്കാനെങ്കിലും കഴിയൂ". മേതിലിൻ്റെ സ്വപ്നങ്ങൾ അദ്ദേഹം കുടിയേറിയ സൈബർ ലോകത്ത് സംഭവിക്കുന്നത് നാം അറിയുന്നുണ്ട്. എഐ പോലുള്ള സാങ്കേതികവിദ്യകൾ മനുഷ്യനോട് അടുക്കുന്നുണ്ട്, ഇപ്പോൾ, സൗഹാർദ്ദപരമായി.

ദൈവം ആറുദിവസം കൊണ്ട് പണി പൂർത്തിയാക്കി, ഏഴാം ദിവസം വിശ്രമിച്ചു. മേതിൽ ഏഴുദിവസം, ഏഴ് വ്യാഴാഴ്ച്ചകൾ, തികച്ചുമെടുത്തു. പിന്നെ ഇരുപത് വർഷം കഴിഞ്ഞ് വിശ്രമിക്കാനായി സാഹിത്യത്തിലേക്ക് തിരിച്ചുവന്നു. മരിച്ച സാഹിത്യം തിരിച്ചു വന്നത് മേതിൽ എഴുതിയപ്പോൾ !

മേതിലാണ് സാഹിത്യത്തിലെ ഏറ്റവും മികച്ച അവിശ്വാസി, സാഹിത്യം തന്നെ അവിശ്വസിക്കുന്ന ഒരാൾ. തനിക്കുമാത്രമായി ഒരു ഭ്രമണപഥം സങ്കല്പിക്കുന്ന ഒരാളാണ് മേതിൽ എന്ന് കരുണാകരൻ്റെ സാക്ഷ്യം. അതുകൊണ്ട് നിർമ്മാണത്തിലിരിക്കുന്ന ഒരു സൗന്ദര്യാനുഭവമാണ് മേതിൽ വായന. " എഴുപതുകളിലെ ആധുനികതാ പ്രസ്ഥാനത്തിൽ ഒരു തീവ്രവാദിയായോ മൗലിക വാദിയായോ ഞാനുണ്ടായിരുന്നു" എന്ന് മേതിൽ. നടേ സൂചിപ്പിച്ച അട്ടിമറി തീവ്രവാദിയോ മൗലികവാദിയോ അല്ലാതെ മറ്റാര് നടത്തും. നോക്കൂ ഞാൻ ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്ന ഈ പുസ്തകവും എൻ്റെ കയ്യിലുള്ള മറ്റ് മേതിൽ പുസ്തകങ്ങളും എളുപ്പത്തിൽ കുത്തഴിഞ്ഞു പോയവയാണ്. 


തൻ്റെ പുസ്തകം സ്വയം കുത്തഴിക്കുന്ന, അട്ടിമറിക്കുന്ന ഒന്നല്ലെങ്കിൽ ഏത് പ്രസ്ഥാനത്തിലും മേതിൽ അവിശ്വാസിയായിരിക്കുന്നതിൽ, അൺഫിറ്റ് ആയിരിക്കുന്നതിൽ അർത്ഥമില്ല. എന്തെന്നാൽ തൻ്റെയൊപ്പമുണ്ടായിരുന്ന എല്ലാവരും ആധുനികതയിലേക്ക് പോയപ്പോൾ കലയിലെ 'പ്രയോജനവാദികൾ' എന്നും 'ഉള്ളടക്കവാദികൾ' എന്നും വിശേഷിപ്പിച്ച്, സ്റ്റാലിൻ്റെ പ്രേതത്തിനൊപ്പമാണ് അവർ പോയതെന്നും വിശ്വസിച്ച അവിശ്വാസിയായ മേതിലിൻ്റെ പുസ്തകങ്ങൾ കുത്തഴിഞ്ഞാൽ ആർക്കെന്തുചേതം!

ഒരു രാഷ്ട്രത്തെ അതിലെ പൗരൻ അവിശ്വസിക്കുന്ന പോലെയാണ് മേതിലിൻ്റെ സാഹിത്യത്തിലെ അവിശ്വാസം എന്ന് കരുണാകരൻ അതിനെ നിരീക്ഷിക്കുന്നു. ആധുനികത സൃഷ്ടിച്ച മറ്റനേകം അവിശ്വാസികളെപ്പോലെയല്ല മേതിൽ. ആധുനികത തൻ്റെ സർഗ്ഗാത്മതയുടെ അവസാന ദൃശ്യമായി അടച്ചു പൂട്ടി. അതുകൊണ്ടായിരിക്കും തന്റെ കലയെ ഒരു സാമൂഹ്യാനുഭവമാക്കുന്നതിനേക്കാൾ ഭാവനയുടെ ഭൗതികസ്ഥലമാക്കാൻ മേതിൽ ആഗ്രഹിച്ചത്. ഏത് കളിക്കളത്തിലും എതിരാളിയുടെ കാലിൽനിന്ന്  പന്ത് നിഷ്പ്രയാസം തൻ്റെ കാൽക്കലാക്കുന്ന ഒരു ബ്രസീലിയൻ കാൽപ്പന്തുകളിക്കാരൻ മേതിലിൽ ഒരു പത്തുവർഷം മുമ്പേ നിറവേറുന്നത്.
ആ മേതിലിനെ അറിയാൻ ഈ പുസ്തകം : Ars Longa, Vita Brevis- കല നീണ്ടുനിൽക്കുന്ന നൈപുണ്യമാകുന്നു, ജീവിതം ഹ്രസ്വവും.



റാറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച 'മേതില് Ars Longa, Vita Brevis  വ്യാഴാഴ്ചകള് മാത്രമുള്ള ഏഴു ദിവസങ്ങള്', മേതില് രാധാകൃഷ്ണനുമായി കരുണാകരന് നടത്തിയ പലതരം വിനിമയങ്ങളുടെയും സംഭാഷണങ്ങളുടെയും പുസ്തകം ഡിസ്കൗണ്ടിൽ ഓഡർ ചെയ്യാനായി ക്ലിക്ക് ചെയ്യൂ... 

Share:
Older Post Newer Post
Translation missing: en.general.search.loading