വായനക്കു ശേഷം ഞാൻ ആ നോവലിൽ നിന്ന് കുതറിയോടി – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

വായനക്കു ശേഷം ഞാൻ ആ നോവലിൽ നിന്ന് കുതറിയോടി

വായനക്കു ശേഷം ഞാൻ ആ നോവലിൽ നിന്ന് കുതറിയോടി

  • 21 June, 2025
  • RAT Books
ആരിഫ അവുതൽ

"പ്രതീക്ഷകളുടെ വായനകളുണ്ടാകുന്നത്  ആ പുസ്തകങ്ങൾ ഹൃദയത്തോട് സംവദിക്കപെടുമ്പോഴാണ്. പ്രതീക്ഷകൾ ജീവിതങ്ങളാകുമ്പോൾ അവിടെ പുസ്തകങ്ങളെ പോലെ  അവയുടെ പുതിയ പതിപ്പുകളുണ്ടാകുന്നു." ആരിഫ അവുതൽ  എഴുതുന്നു.

ജീവിതത്തോട് അഗാധമായ സ്നേഹമുള്ളിടത്ത് വായനകളുണ്ടാകുമെന്ന്  തോന്നിപോയിട്ടുണ്ട്. സ്വന്തം ജീവിതത്തെ  മനോഹരമായി രൂപകല്പന ചെയ്യാൻ പുസ്തകങ്ങൾ കാണിച്ചുതന്ന മാർഗങ്ങൾ വിവരണാധീതമാണ്.  അമർ ചിത്രകഥകളിലെ ചിത്രങ്ങൾ നോക്കി നോക്കി, കഥകൾ വായിക്കാൻ മാത്രം പഠിച്ച വായന  തുറന്ന് തന്നത് വലിയൊരു ലോകത്തെയാണ്. പണ്ടെപ്പോഴോ വായിക്കാൻ കഴിഞ്ഞ ഒരു പുസ്തകമാണ് തമിഴിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട "ചിത്തിരപ്പാവൈ". എഴുത്തുകാരനായ അഖിലൻ  പറഞ്ഞു വച്ച ഒരു വാചകം പലപ്പോഴും ജീവിതത്തോടുള്ള സമീപനത്തിനു മാറ്റങ്ങൾ ഉണ്ടാക്കി തന്നിട്ടുണ്ട് "സുന്ദരമായി ജീവിക്കാൻ പഠിക്കുക, ജീവിതമത് അർഹിക്കുന്നു. ഇനി നിങ്ങൾക്ക് അതിനു കഴിയുന്നിലെങ്കിൽ അതിനെ വൃത്തി കേടാക്കാതെ ഇരിക്കുക. "

ഓരോ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ആത്മാനുഭൂതിയും ആത്മസംഘർഷങ്ങളും തിരിച്ചറിവുകളും വിവിധ ജീവിതപാഠങ്ങളായി അനുഭവപ്പെടുന്നു. ഒരു നൂറായിരം ജന്മങ്ങളിൽ ജീവിച്ച പ്രതീതി. ജീവിതം  അതിന്റെ സങ്കീർണതകളിലൂടെ കടന്നുപോകുമ്പോൾ വായിക്കാൻ ഓരോ കാരണങ്ങളുമുണ്ടാകുന്നു. "മനുഷ്യൻ നിരാശനമായി എവിടെയുണ്ട്.  അവിടെയെല്ലാം പാവങ്ങളുണ്ട് " എന്ന് പറഞ്ഞു വച്ചിടത്ത് പ്രകടമാകുന്നു വിക്ടർ ഹ്യുഗോയുടെ പാവങ്ങൾ എന്ന സൃഷ്ടിയുടെ സ്വാധീനം.അശാന്തിയുടെ ഇരുൾപടർപ്പുകൾ വന്നു മൂടുന്ന മനുഷ്യർക്ക് പ്രതീക്ഷകൾ നൽകാൻ പുസ്തകത്തോളം വിശ്വാസയോഗ്യമായി മറ്റെന്തുണ്ട്! ഓരോ പുസ്തകങ്ങളുടെ അവസാനങ്ങളിലും പ്രതീക്ഷകൾ അതിന്റെ പുതിയ ഉറവകളെ കിനിഞ്ഞിറക്കുന്നുണ്ട്.

അജയ് പി മങ്ങാടിന്റെ "സൂസന്നയുടെ ഗ്രന്ഥപുര"യിലേക്ക് വാതിൽ തുറന്നു പ്രവേശിക്കുമ്പോൾ   ആ പുസ്തകം അക്ഷരാർത്ഥത്തിൽ ഒരു ഗ്രന്ഥപുരയുടെ കർത്തവ്യം നിർവഹിക്കുന്നു. അനേകം പുസ്തകങ്ങളെ വായിക്കാതെ  ആ ഗ്രന്ഥപുരയിൽ നിന്നും പുറത്തുകടക്കാൻ കഴിയില്ല. ഓരോ തവണ വായിക്കുമ്പോഴും ബോധമണ്ഡലങ്ങളിൽ വ്യത്യസ്തോദീപനങ്ങൾ  നൽകി ഇനിയുമെന്തൊക്കെയോ ബാക്കിവച്ചിറങ്ങുന്ന ഖസാക്കിനോളം വലിയ ഇതിഹാസം എന്തുണ്ട് മലയാളത്തിൽ .  മനുഷ്യന്റെ ഒരു തുള്ളി രക്തത്തിനു ഒരു കിരീടത്തേക്കാൾ വിലയുണ്ടെന്ന് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എം മുകുന്ദൻ പറഞ്ഞുവെക്കുമ്പോൾ അത് വിശാലമായ മാനവിക ബോധത്തിന്റെ വ്യാപ്തി തുറന്നുകാട്ടുന്നു. മയ്യഴിപുഴയിലെ ദാസനെ പോലെയൊരു പ്രണയമുണ്ടായെങ്കിൽ എന്ന്  സ്വപ്നം കണ്ടുറങ്ങിയ  രാത്രികൾ  വെള്ളിയാങ്കല്ലിന് അതിന്റെ തുമ്പികളെന്ന പോലെ എനിക്കും പ്രിയപ്പെട്ടതായിരുന്നു.  

 യാഥാസ്ഥീകതയുടെ അടരുകളിൽ ഇപ്പോഴും  ശ്വാസം മുട്ടുന്ന സമൂഹീക വ്യവസ്ഥകളോടുള്ള പ്രത്യേകിച്ചും  കൂച്ചുവിലങ്ങിടപ്പെടുന്ന  സ്ത്രീസ്വത്തങ്ങളോടുള്ള ചൂണ്ടുവിരലാണ് ആർ. രാജശ്രീയുടെ   "കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത" കടൽ മുഴുക്കെയുള്ള പെൺ ജീവിതങ്ങളെ  കടലാസിലാക്കി എഴുത്തുകാരി.

ഈ അടുത്തകാലത്ത് വായിച്ചതിൽ  മറ്റൊരു മികച്ച വയനാനുഭവമായി തോന്നിയത്   റാറ്റ് ബുക്ക്സ്  പബ്ലിഷ് ചെയ്ത റിഹാൻ റാഷിദിന്റെ  പുസ്തകമായ വരാൽ മുറിവുകളായിരുന്നു.  വായനയ്ക്കൊടുവിൽ ഹൃദയത്തിൽ നിന്നും മുറിവുകളില്ലാതെ രക്തം പൊടിഞ്ഞിരിഞ്ഞു.   എന്നും കെടുതി കെടാത്ത  ലൈംഗികാതിക്രങ്ങൾ അതിന്റെ കാഹളമൂതി പിന്തുടരുന്നപോലെ ഞാനാ പുസ്തകത്തിൽ നിന്നും കുതറിയോടി. ഏതൊരു സ്ത്രീക്കെന്നല്ല ലൈംഗികാതിക്രമങ്ങൾക്കിരായാകുന്ന സകലർക്കും ആ പുസ്തകമൊരു പ്രതീക്ഷയാണ്,  എല്ലാം അവസാനിച്ചു എന്ന തോന്നലുകളിൽ തന്നെ  അതിജീവനത്തിന്റെ നീണ്ട റെയിൽവഴികളുണ്ടെന്ന് വരാൽ മുറിവുകൾ   കാണിച്ചു തരുന്നു.  

പ്രതീക്ഷകളുടെ വായനകളുണ്ടാകുന്നത്  ആ പുസ്തകങ്ങൾ ഹൃദയത്തോട് സംവദിക്കപെടുമ്പോഴാണ്. പ്രതീക്ഷകൾ ജീവിതങ്ങളാകുമ്പോൾ അവിടെ പുസ്തകങ്ങളെ പോലെ  അവയുടെ പുതിയ പതിപ്പുകളുണ്ടാകുന്നു. ജീവൻ നിലനിർത്തുക ഒരു വലിയ ഉത്തരവാദിത്തമായിരിക്കെ പുസ്തകങ്ങൾ  പ്രത്യാശകളെ  തിരിതെളിയിക്കുന്നു.

Share:
Older Post Newer Post
Translation missing: en.general.search.loading