Your cart is empty now.
"ഇന്റർനെറ്റ് യുഗത്തിൽ ജീവിക്കുന്ന പുതുതലമുറയിലെ കുട്ടികൾ വായനയുടെ വലിയ സാധ്യതകൾ ഉപയോഗപ്പെടുത്തുമ്പോഴും വർധിച്ചു വരുന്ന നിലവാരം കുറഞ്ഞ പുസ്തകങ്ങളുടെ ആഘോഷം ഭയപ്പെടുത്തുന്നുണ്ട്." ഹരിത ആർ. എഴുതുന്നു.
"നല്ല പുസ്തകം വായിക്കാത്ത ഒരാളും
നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല. "
- മാർക്ക് ട്വയിൻ
ഇനിയും വായിച്ചുതീരുവാൻ ഉത്കൃഷ്ടമായ പുസ്തകങ്ങൾ പ്രപഞ്ചത്തിൽ അവശേഷിക്കുന്നുവെന്നുള്ള ഉത്തമബോധ്യത്തിനാൽ മാത്രം ജീവിച്ചിരിക്കുന്ന ഒരുവളാണ് ഞാൻ. ആയതിനാൽ, വായനദിനത്തിന്റെ പ്രാധാന്യത്തെ നിർവചിക്കുന്നതിൽ പരാജയപ്പെട്ടുപോകാറുണ്ട്. ജീവിച്ചിരിക്കുന്ന കാലത്തോളമാണ് എനിക്കതിന്റെ ശ്രേഷ്ഠത എന്നതിനാൽ,
അതൊരു ദിനത്തിലേക്കോ വാരത്തിലേക്കോ സംഗ്രഹിക്കുവാൻ കഴിയുന്നതല്ല.
പുസ്തകങ്ങളാണ് എന്റെ ലോകമെന്നു തിരിച്ചറിയുവാൻ പ്രയത്നിക്കേണ്ടി വന്നിട്ടില്ല. ബാലരമകളിൽ നിന്നും ബാലസാഹിത്യത്തിലേക്ക് എത്തിയത് ആറു വയസ്സുള്ളപ്പോഴാണ്. ഡോ. കെ. ശ്രീകുമാർ എഴുതിയ "ദീപു" എന്ന പുസ്തകത്തിലെ, കുഞ്ഞിന്റെ സ്വപ്നങ്ങൾ എന്റേത് കൂടിയാകുകയും, ദീപുവിന് അച്ഛനെ നഷ്ടപ്പെട്ടപ്പോൾ എന്റെ കണ്ണുകൾ നിറയുകയും ചെയ്തതാണ് വായനയാണ് എന്റെ സാമ്രാജ്യമെന്നുള്ള യാഥാർത്ഥ്യത്തിലേക്ക് വഴി തെളിച്ചത്.
" ഒരു കുടയും കുഞ്ഞുപെങ്ങളും", " നാലുകെട്ട് " , "ബാല്യകാലസഖി" ഇതൊക്കെ ഞാൻ ആദ്യമായും അവസാനമായും വായിച്ചത് എന്റെ വളരെ ചെറിയ സ്കൂൾ കാലഘട്ടങ്ങളിലാണ്. എന്നിട്ടും ഇപ്പോഴും, ഓർക്കുമ്പോൾ കുടയില്ലാതെ ലില്ലി നനഞ്ഞ മഴ, ഞാൻ നനയുന്നുണ്ട്, അപ്പുണ്ണിക്ക് ഇഷ്ടപ്പെട്ട ഉള്ളി മൂപ്പിച്ച ചോറിന്റെ വാസന, ഇപ്പോഴും എനിക്കറിയുന്നുണ്ട്, എന്റെയുള്ളിലും ഒരു ചെമ്പരത്തിക്കാട് പൂത്തു നിൽക്കുന്നുണ്ട്, അത്തരത്തിൽ വായന എനിക്ക് ദൃശ്യവത്ക്കരിക്കപ്പെടുകയും, കഥകളിൽ നിന്നും കഥാപാത്രങ്ങൾ ഇറങ്ങിവന്ന് എന്റെ സുഹൃത്തുക്കളാകുകയും ചെയ്തു.
അധ്യയനത്തിന്റെ കാലഘട്ടങ്ങളിൽ ആകമാനം, ഞാൻ എപ്പോഴും കവിതകളേക്കാൾ കഥകൾ തിരഞ്ഞു. കഥകൾ മെനഞ്ഞു, എഴുതി ഫലിപ്പിക്കുവാനുള്ള ശ്രമങ്ങൾവരെ നടത്തിയിട്ടുണ്ട്. ബഷീർ, മാധവിക്കുട്ടി, മുട്ടത്തുവർക്കി, എം ടി , നന്തനാർ തുടങ്ങി നിരവധി എഴുത്തുകാരുടെ പുസ്തകങ്ങൾ എനിക്ക് പൂർണ്ണമായും വായനയുടെ ആദ്യവാതായനം തുറന്നു നൽകി. എട്ടാം ക്ലാസ്സിലെ മലയാളപാഠാവലി തന്നതാണ് എനിക്ക് "ഉണ്ണിക്കുട്ടന്റെ ലോകം" ഇന്നും.. എല്ലാ ജൂണിലും ഞാൻ അത് സ്വന്തമാക്കി വായിക്കുന്നു. ഉണ്ണിക്കുട്ടൻ വളരാതെ, വലുതായിപ്പോകാതെ ഇന്നും അതേ നിഷ്കളങ്കതയോടെ എന്റെ മുന്നിൽ നിൽക്കുന്നു. എന്നിട്ടും ആർത്തിപുരണ്ട വായനയില്ലാതെ നീണ്ട മൂന്നോ നാലോ വർഷങ്ങൾ കഴിഞ്ഞുപോകേണ്ടി വന്നിട്ടുണ്ട്.
ഓസ്കാർ വൈൽഡ് ന്റെ ഒരു ഉദ്ധരണി ഇങ്ങനെ പറയുന്നു..
" ഭൂതകാലത്തെ തിരികേ വാങ്ങുവാൻ കഴിവുള്ള ധനികർ ആരുമില്ല. "
ആയതിനാൽ തന്നെ എന്റെ ഭൂതകാലത്തിന്റെ ഇരുണ്ടവർഷങ്ങളെന്നു, തികഞ്ഞ കുറ്റബോധത്തോടെ വായനയില്ലാതെ കടന്നുപോയ വർഷങ്ങളെ ഞാൻ അടയാളപ്പെടുത്തും.
അടച്ചിട്ട ചുവരുകൾക്കുള്ളിൽ ലോകം തന്നെ ചുരുങ്ങിയ കോവിഡ് കാലത്തിലാണ് എന്റെ വായനയുടെ അടഞ്ഞുപോയ ലോകം വീണ്ടും വിശാലമാകുന്നത്. ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ "ചിദംബരസ്മരണ " യിൽ തുടങ്ങിയ യാത്ര തുടരുകയാണ്. അവിടേയും കാലം രണ്ടു ഘട്ടങ്ങളായി എനിക്ക് വായനയുടെ അറിവുകൾ നൽകിയിട്ടുണ്ട്.
ഫിക്ഷൻ മാത്രം വായിച്ചു രസിച്ചിരുന്ന ഒരാൾ പൊടുന്നനെ, ലേഖനങ്ങളുടെ മധുരഭരണിയിലേക്ക് കൂപ്പുകുത്തുകയെന്നത് പോലെ വന്നു വീഴുന്നു. എന്റെ വായനയുടെ ഘട്ടത്തെ മാറ്റി മറിച്ചതിൽ കെ പി അപ്പൻ സമ്പൂർണ്ണകൃതികളുടെ സ്ഥാനം മറച്ചു വെയ്ക്കാവുന്നതല്ല.
എന്റെയുള്ളിൽ ചോദ്യങ്ങൾ ഉണ്ടാകുന്നു..
തർക്കങ്ങൾ ഉണ്ടാകുന്നു..
വാദങ്ങളും നിഗമനങ്ങളും വന്നു ചേരുന്നു..
എന്ത് വായിക്കണം.?
എങ്ങനെ വായിക്കണം..?
ആരെയെല്ലാം വായിക്കണം..?
കൃത്യവും വ്യക്തവുമായ വഴികൾ തുറന്നിടുന്ന വായനയുടെ മഹാപ്രപഞ്ചത്തിനു മുമ്പിൽ ഇപ്പോഴും ഞാൻ പകപ്പോടെ തന്നെ നിൽക്കുകയാണ്.
സുലോചന നാലപ്പാട് എഴുതിയ "എന്റെ ജ്യേഷ്ഠത്തി കമല" എന്നുള്ള ജീവചരിത്രപുസ്തകത്തിൽ ഞാൻ മറക്കാതെ മനസ്സിൽ കുറിച്ചിട്ടൊരു വാചകമുണ്ട്.
" പതിനാലു വയസ്സാകുമ്പോഴേക്ക് എല്ലാ ക്ലാസിക്കുകളും വായിച്ചു തീർത്തയാളാണ് എന്റെ ജ്യേഷ്ഠത്തി. "
ഞാൻ ഏറെയാരാധിച്ച കമലാ സുരയ്യ എന്നുള്ള എഴുത്തുകാരിയുടെ വായനദാഹം തന്നെയാകും അവരെ ഒരു പ്രതിഭയുടെ അത്യുന്നതിയിലേക്ക് നയിച്ചതെന്ന് ഞാൻ എന്റെ വായനയുടെ എല്ലാ കാലവും ഓർമ്മിച്ചു കൊണ്ടിരുന്നു. അടുത്തിടെ RAT ബുക്ക് പ്രസിദ്ധീകരിച്ച "നീർമാതളത്തിന്റെ പൂവ് " വായിക്കുമ്പോഴും ഞാൻ ഒരു തികഞ്ഞ മാധവിക്കുട്ടി ആരാധിക തന്നെയെന്ന് തൊട്ടറിഞ്ഞതാണ്.
പുസ്തകങ്ങളുടെ അഥവാ വായനയുടെ പ്രയോജനങ്ങളെ വാതോരാതെ പറയുന്ന വായനക്കാരിൽ നിന്നും വിപരീതമായി എഴുത്തുകാരിയായ ഒരു വായനക്കാരി എനിക്ക് പറഞ്ഞു തന്നൊരു അറിവാണ്,
"വായിക്കുന്ന പുസ്തകങ്ങൾ നിങ്ങൾക്ക് പ്രയോജനം നൽകുന്നില്ലായെങ്കിൽ, നിങ്ങളെ ചിന്തിപ്പിക്കുന്നില്ലായെങ്കിൽ, നിങ്ങളുടെ വായന ജീർണ്ണതയുടെ പാതയിലാണ്."
ആ വാചകങ്ങളിൽ നിന്നും ഞാൻ എനിക്ക് വായിക്കേണ്ട പുസ്തകങ്ങളുടെ രൂപരേഖ തയ്യാറാക്കി. എം. ടി. യുടെ ലേഖനസമാഹാരം ഉൾപ്പെടെ, മികച്ച പുസ്തകങ്ങളുടെ അറിവുകൾ ലഭ്യമാകുന്നത് എവിടെയെല്ലാമാണോ, അവിടേയ്ക്ക് മാത്രം ഞാൻ എന്റെ ശ്രദ്ധയെ തിരിച്ചുവിട്ടു.
പുസ്തകങ്ങളിൽ നിലവാരമുള്ളത്, നിലവാരം കുറഞ്ഞത് എന്നീ വിഭാഗങ്ങൾ മാത്രമാണ് ഉള്ളതെന്നും, നിലവാരമില്ലാത്ത പുസ്തകങ്ങൾ ധാരാളമായി സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നും മനസ്സിലാക്കാൻ എടുത്ത കാലയളവ് ചെറുതല്ല.
ആനന്ദ്, മേതിൽ, ഒ. വി. വിജയൻ, സേതു, വി. കെ. എൻ, സംഗീത ശ്രീനിവാസൻ, സാറാ ജോസഫ്, പാമുക്, ജെയിംസ് ജോയ്സ്, മിലൻ കുന്ദേര, കാഫ്ക, മാർക്കേസ്, യോസ തുടങ്ങി ഒരു വലിയ നിരയുടെ മികച്ച എഴുത്തുകളിലേക്ക് സഞ്ചരിച്ചത് നിരന്തരമായി മികച്ച വായനക്കാരിലൂടെയാണ്.
ഒരു ഉത്കൃഷ്ടമായ കൃതി നിങ്ങളെ എന്ത് ചെയ്യുന്നു,?
നമ്മുടെ ചിന്താശേഷിയെ, ബൗദ്ധികതയെ, നിരീക്ഷണപാടവത്തെ ഉയർത്തുന്നു.
ഈ ഉത്തരത്തിലേക്ക് എത്തിയത് കാരമസോവ് സഹോദരന്മാർ വായിച്ചതോടെയാണ്. പുസ്തകം നൽകുന്ന ആത്മീയമായ ചൈതന്യത്തെ അനുഭവിച്ചറിഞ്ഞത് ആദ്യമായി കാരമസോവ് സഹോദരന്മാരിലൂടെയാണ്.
മാറുന്ന ലോകത്തെ വായന വൈവിധ്യങ്ങൾ ഒരേ സമയം അതിശയിപ്പിക്കുകയും, ആശങ്കപ്പെടുത്തുകയും ചെയ്യുന്നത്, എനിക്ക് നഷ്ടമായ വായനവര്ഷങ്ങളുടെ കണക്കുകളെ കുറിച്ച് ബോധ്യമുള്ളത് കൊണ്ടു കൂടിയാണ്. ഇന്റർനെറ്റ് യുഗത്തിൽ ജീവിക്കുന്ന പുതുതലമുറയിലെ കുട്ടികൾ വായനയുടെ വലിയ സാധ്യതകൾ ഉപയോഗപ്പെടുത്തുമ്പോഴും വർധിച്ചു വരുന്ന നിലവാരം കുറഞ്ഞ പുസ്തകങ്ങളുടെ ആഘോഷം ഭയപ്പെടുത്തുന്നുണ്ട്.
ജനപ്രിയതയുടെ പേര് പറഞ്ഞു വിപണിയിൽ ശ്രദ്ധ നേടുന്ന, അവാർഡുകൾ നേടുന്ന പുതുതായി ഒന്നും നല്കാത്ത, ഒരുവിധത്തിൽ പറഞ്ഞാൽ, പ്രസിദ്ധീകൃതയോഗ്യം പോലുമല്ലാത്ത പുസ്തകങ്ങളെ വായനക്കാരിലേക്ക് എറിഞ്ഞു കൊടുക്കുന്ന, വായിപ്പിക്കുന്ന ജീർണ്ണതയ്ക്കുള്ള ഏക പരിഹാരം ഇത്തരം വായനദിനങ്ങളും വായനവാരങ്ങളും മികച്ച പുസ്തകങ്ങളെ കുറിച്ചും നിരന്തരമായി വായനാസമൂഹത്തെ ഓർമ്മിപ്പിക്കുക എന്നത് തന്നെയാണ്. കടലുപോലെ കുമിഞ്ഞു കൂടുന്ന പുസ്തകത്തിരമാലകൾ മികച്ച പുസ്തകങ്ങളെയും വഹിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ശരാശരി ആയുസ്സിൽ വായിക്കാൻ സാധിക്കുന്ന പുസ്തകങ്ങളുടെ എണ്ണം തുച്ഛമാണെന്നിരിക്കെ, നമ്മൾ വായനക്കാർ, കണ്ണ് തുറക്കേണ്ടതുണ്ട്.. കൈനീട്ടി ബുദ്ധി തെളിച്ച്, പുസ്തകങ്ങളെ കണ്ടെത്തി വായിക്കേണ്ടതുണ്ട്.
വിക്ടർ യൂഗോ യുടെ "പാവങ്ങൾ" നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്തിട്ട് നൂറു വർഷം കഴിയുന്നു. ഇന്ന് അത് വായിച്ചു കൊണ്ടിരിക്കുന്ന വായനക്കാരിയായ ഞാൻ സകലമാന വിശുദ്ധ ഗ്രന്ഥങ്ങൾക്കും പകരം ആ പുസ്തകത്തെ നമസ്കരിച്ചു വായിക്കുന്നു.
വായനകൾ നിലനിൽക്കേണ്ടത് ഒരു അനിവാര്യതയാണ്.. കൺകെട്ടുകൾക്കും തെറ്റിധരിക്കപ്പെടലുകൾക്കും, കൃത്രിമത്വങ്ങൾക്കും എതിരെ പ്രവർത്തിക്കേണ്ടത് മികച്ച നിലവാരമുള്ള പുസ്തകങ്ങളാണ്...
കെ പി അപ്പന്റെ ഒരു പദം കടമെടുത്തു പറയട്ടെ...
"വിവേകശാലിയായ വായനക്കാരാ..." നിങ്ങൾ സൂഷ്മതയോടെ കൃത്യതയോടെ മികച്ച വായനയിലേക്ക് തിരിയൂ... തെറ്റിപ്പോയ നിങ്ങളുടെ തന്നെ തീരുമാനങ്ങളെ തിരുത്തി നോക്കൂ... നിങ്ങൾക്കത് ജ്ഞാനം നൽകും..
ഊർജ്ജം നൽകും.. ജീവിച്ചിരിക്കുവാൻ കരുത്ത് നൽകും.