Your cart is empty now.
രണ്ട് സ്ത്രീകൾ, സ്വയം അവസാനിപ്പിക്കാൻ ശ്രമിച്ച അവരുടെ ജീവിതത്തിൽ നിന്ന്, ജീവിച്ചേ മതിയാവൂ എന്ന അറിവിൽ, കൈ പിടിച്ചു കേറി വരുന്ന ഒരു ചിത്രം ഈയിടെ വായിച്ച റിഹാൻ റാഷിദിന്റെ വരാൽ മുറിവുകൾ എന്ന പുസ്തകത്തിൽ കാണാം. അതാണ് ഈയിടെ വായിച്ചതിൽ എന്നെ ബാധിച്ച ഒരു പുസ്തകം.- മേഘ്ന കെ. എഴുതുന്നു.
എന്റെ ജീവിതത്തെ പരുവപ്പെടുത്തിയെടുക്കുന്നതിൽ പുസ്തകങ്ങൾക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. എന്താണ് കല എന്ന് ആരെങ്കിലും ചോദിച്ചാൽ അതിജീവനമാണ് കല എന്ന് ഞാൻ ഉത്തരം പറയും. ഇനി മുന്നിൽ ജീവിതമില്ല എന്ന് കരുതി തുലഞ്ഞിരിക്കുന്ന മനുഷ്യന്റെ നിസ്സഹായതകളോട്, ഏകാന്തതകളോട് അത് ചേർന്നുനിൽക്കുകയും എണീറ്റ് നടക്കൂ എന്ന് തോളിൽ തട്ടുകയും ചെയ്യുന്നുണ്ട്.
ഓർമയിൽ എല്ലാ കാലത്തും നിലനിൽക്കാൻ ഇടയുള്ള ഒരു പുസ്തകം ഏകാന്തതയുടെ നൂറുവർഷങ്ങൾ ആണ്. കുട്ടിയായിരിക്കുമ്പോൾ തന്നെ അച്ഛൻ പറഞ്ഞ് കേട്ട കഥകളിലാണ് ആ പുസ്തകം ആദ്യമായി വരുന്നത്. അതിലെ ഓരോ കഥകളും വായിക്കാൻ പഠിക്കും മുന്നേ മനസ്സിൽ നിറഞ്ഞുനിന്നു. മേൽക്വഡിയാസ് ഒരു കുട്ടിയുടെ ഭാവനകളെ വാനോളം ഉയർത്തി. ഇപ്പോഴും എഴുത്തിലും വായനയിലും തുടരുന്നതിന്റെ കാരണം ഇത്തരം വന്യമായ അനുഭൂതികൾ തന്നെ ആയിരിക്കണം.
എപ്പോഴും വായനയിൽ ഏറ്റവുമധികം ഐക്യപ്പെട്ടിട്ടുള്ളത് സ്ത്രീകളുടെയും ജീവിക്കാൻ ഓരോ നിമിഷവും ബുദ്ധിമുട്ടുന്ന മനുഷ്യരുടെയും നിസ്സഹായതകളോടാണ്. ജീവിതത്തിന്റെ തീക്ഷ്ണമായ ഘട്ടത്തിൽ പോലും ഒരു കുടുംബത്തെ നിലനിർത്താൻ ഒരു സ്ത്രീ അനുഭവിച്ച ചെറുത്തുനിൽപ്പുകളെ ഉർസുല എന്ന സ്ത്രീയിൽ കാണാം. അവരിലൂടെയാണ് ആ കഥ മുന്നോട്ട് പോകുന്നത് എന്ന് ഞാൻ പറയും.
അത്തരത്തിൽ രണ്ട് സ്ത്രീകൾ, സ്വയം അവസാനിപ്പിക്കാൻ ശ്രമിച്ച അവരുടെ ജീവിതത്തിൽ നിന്ന് ജീവിച്ചേ മതിയാവൂ എന്ന അറിവിൽ കൈ പിടിച്ചു കേറി വരുന്ന ഒരു ചിത്രം ഇയ്യിടെ വായിച്ച റിഹാൻ റാഷിദിന്റെ 'വരാൽ മുറിവുകൾ' എന്ന പുസ്തകത്തിൽ കാണാം. അതാണ് ഈയിടെ വായിച്ചതിൽ എന്നെ ബാധിച്ച ഒരു പുസ്തകം.
വീട്ടിനകത്തു പോലും സുരക്ഷിതരല്ലാതെ നിരന്തരം പീഡിപ്പിക്കപ്പെടാൻ ഇടയാവുകയും ചെയുന്ന ഒച്ചയില്ലാത്ത കുഞ്ഞുങ്ങളുടെ കഥ കൂടിയാണ് ഇത്. എത്രയൊക്കെ നശിച്ചെന്നു തോന്നിയാലും ഇനിയും തുടരണം എന്ന് തീരുമാനിക്കുന്ന ഇലയും അന്നമ്മയും റെയിൽപാളത്തിൽനിന്നും ജീവിതത്തിലേക്കു നടക്കുന്ന നടത്തം തന്നെയാണ് പ്രതീക്ഷ. ഒടുക്കത്തിൽ തന്നെ ദ്രോഹിച്ചവനായിട്ടും അയാൾക്ക് കുഴിയിൽ നിന്ന് കേറിവരാൻ കയർ ഇട്ടുകൊടുക്കുന്ന സ്ത്രീയാണ് വറ്റാത്ത സഹാനുഭൂതിയുടെ പ്രതീകം. ആ സഹാനുഭൂതിയാണ് വായനയിലൂടെ വായനക്കാർ ആർജിക്കേണ്ടത് എന്ന് തോന്നുന്നു.
വായന കഴിഞ്ഞിട്ടും ഏറെക്കാലം പിന്തുടർന്ന ഒരു പുസ്തകം അജയ് പി. മങ്ങാട്ടിന്റെ 'സൂസന്നയുടെ ഗ്രന്ഥപ്പുര'യാണ്. ഇതിൽ നിറയെ ഇറങ്ങിപ്പോക്കുകളാണ്. അഭിക്കും അലിക്കും വെള്ളതൂവൽ ചന്ദ്രനും അമുദയ്ക്കും ഒപ്പം പലവട്ടം ഞാനും ഇറങ്ങി പോയി.ഒരിക്കലും തിരിച്ചുവരാതെ ഇറങ്ങിപ്പോയ അമുദ നമ്മളെ ബാധിക്കും. എങ്കിലും എന്തിനാണ് അവൾ ഒളിച്ചുകടന്നത്? ഒരു കുഴിയിൽ തന്റെ ഗ്രന്ഥപ്പുരയാകെ തീ കൊടുത്ത് അവസാനിപ്പിക്കുമ്പോൾ സൂസ്സന്നയുടെ മനസിൽ എന്തായിരിക്കും? എവിടെയും, ആരെയും ഏൽപ്പിക്കാതെ അവളവയെ ഒറ്റരാത്രി കൊണ്ട് മായ്ച്ചുകളഞ്ഞത് എന്തിനായിരിക്കും? ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്.
ഞാൻ കഥകളിലും നോവലിലും നിരന്തരം തിരഞ്ഞത് ഇത്തരത്തിലുള്ള മനുഷ്യരെയാണ്. ജീവിച്ചിരുന്നു എന്നതിന് ഒരു തെളിവ് പോലും ബാക്കിയാക്കാതെ ചത്തു പോയ മനുഷ്യരുടെ ഓർമ്മ കൂടിയാണത്. അല്ലെങ്കിലും എന്താണ് ജീവിതം? ആ ചോദ്യത്തിന് പലപ്പോഴും ഉത്തരമില്ലാതാവുന്നു.
എമിലി ബ്രോണ്ടിയുടെ 'വുതറിങ് ഹൈറ്റ്സ്' ആണ് മറ്റൊന്ന്. ഒറ്റ നോവൽ മാത്രം എഴുതി വിശ്വസാഹിത്യത്തിൽ ഇടം നേടിയ എഴുത്തുകാരിയാണ് അവർ. ഹീത്ക്ലിഫും കാതറിനും വായനയെയും അനുഭൂതിയെയും മറിച്ചിട്ടു. ഇത്തരത്തിൽ പല കാലത്തും പല പുസ്തകങ്ങളുണ്ടായി..പലതും എവിടെയും തൊടാതെ കടന്നുപോയി, ചിലതെല്ലാം ഭാവനയെ ഉലച്ചു, ജീവിക്കാൻ പ്രേരിപ്പിച്ചു, ചത്തുപോയെക്കും എന്ന് തോന്നുന്ന നേരങ്ങളിൽ ജീവിച്ചിരിക്കണം എന്ന് ഓർമിപ്പിച്ചു. ഇപ്പോഴും പറയുന്നു മനുഷ്യനെ ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന മാജിക് ആണ് സാഹിത്യം..
ബോർഹെസിന്റെ ഒരു വാചകം ഇങ്ങനെയാണ്:
I have always imagined that paradise will be a kind of library.
പുസ്തകങ്ങൾ ഇല്ലായിരുന്നു എങ്കിൽ ജീവിച്ചിരിക്കുമോ എന്ന് പോലും ഉറപ്പില്ല എന്നാണ് എനിക്ക് എന്നെപറ്റി തോന്നുന്നത്.