മേതിലിന്റെ ചില രഹസ്യങ്ങളിലേക്കുള്ള ഒരു വാതിൽ... – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

മേതിലിന്റെ  ചില രഹസ്യങ്ങളിലേക്കുള്ള  ഒരു വാതിൽ...

മേതിലിന്റെ ചില രഹസ്യങ്ങളിലേക്കുള്ള ഒരു വാതിൽ...

  • 21 May, 2025
  • RAT Books
പ്രവീൺ ചന്ദ്രൻ 


"മേതിന്റെ രഹസ്യാത്മകതയിലേക്കുള്ള സർഗാത്മകമായ ഒരു ഹിച്ചകോക്കിയൻ ഇടപെടലാണിത്. കരുണാകരന്റെ രചനയിൽ  ചിലപ്പോൾ കരുണാകരൻ അദ്ദേഹം തന്നെയായും മറ്റുചിലപ്പോൾ മേതിലായും പ്രത്യക്ഷപ്പെടുന്നു." കരുണാകരൻ എഴുതിയ 'മേതിൽ Ars Longa, Vita Brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ' എന്ന പുസ്തകത്തിന്റെ വായന. പ്രവീൺ ചന്ദ്രൻ എഴുതുന്നു. 

 

കരുണാകരന്റെ ഒരു പുസ്തകമാണിത്, മേതിലിനെപ്പറ്റി. മേതിൽ ഴുതിയത് എന്തുതന്നെയായാലും മേതിൽ എന്നെ ഏറെ ഭ്രമിപ്പിക്കുന്നു. ഒരു സർറിയലിസ്റ്റിക് ചിത്രമോ ചലച്ചിത്രമോ കാണുമ്പോഴുള്ള ആനന്ദത്തിന്റെ ഒരളവ് മേതിലിന്റെ എഴുത്ത് എനിക്ക് തരുന്നുണ്ട്. 

മേതിൽ എഴുതിയ ആ രചന വായിച്ചിട്ട് നിങ്ങൾക്ക്  എന്ത് മനസ്സിലായി?
 എന്നോട് പലരും ചോദിച്ചിട്ടുണ്ട്. അതിന്റെ ഉത്തരം ഒന്നും മനസ്സിലാക്കാനായി ഞാന് അദ്ദേഹത്തെ വായിക്കാറില്ല എന്നതാണ്. ഒന്നും മനസ്സിലായില്ല എന്നതിന്റെ തിരിച്ചിട്ട പ്രയോഗമല്ലേ അതെന്ന് വീണ്ടും ചോദിച്ചേക്കാം. അല്ല, വായനക്കാരന് മനസ്സിലാക്കാനായി എന്തെങ്കിലും നല്കണം എന്ന് എഴുത്തുകാരന് ലക്ഷ്യമായി കാണുന്നില്ല. ധ്യാനത്തില് സമയം ശൂന്യമാകുന്നതുപോലെ വായനയിൽ അദൃശ്യസ്ഥലങ്ങൾ സൃഷ്ടിക്കുകയാണ് മേതിൽ. 


അദ്ദേഹത്തിന്റെ ശാസ്ത്രലേഖനങ്ങൾ പോലുള്ള കോളങ്ങൾ പോലും ഞാൻ  കവിതയായാണ് വായിക്കുന്നത്. കാരണം ശാസ്ത്രലേഖനം വായിക്കുന്നതിന്റെ യാതൊരു പ്രയോജനവും മേതിൽ ആ കോളങ്ങളിലൂടെ പ്രദാനം ചെയ്യുന്നില്ല. മറിച്ച് ഒരു കവിതവായനയുടെ അനുഭൂതി ഏറെ അവയിലുണ്ടുതാനും.

കരുണാകരന്റെ ഈ പുസ്തകത്തിലേക്ക് വരുമ്പോള് മേതിലിനെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുടെ ഹൃദയം നിറഞ്ഞ എഴുത്ത് കാണാം. അതുകൊണ്ടു തന്നെ മേതില് വായനയുടെ എല്ലാം വിഭ്രമങ്ങളും തകർന്ന  കണ്ണാടിയിലെ ശിഥിലദൃശ്യസ്വഭാവവും ( ഒരു ക്ലീഷെ-ക്ഷമിക്കുക) കരുണാകരന്റെ ഈ പുസ്തകത്തിലും കാണാം.

കരുണാകരന് ഒരിടത്ത് എഴുതുന്നു.

ഒരു രാത്രികൊണ്ട് ഒരാൾ എത്ര കവിതകൾ എഴുതും?

എന്നാലിപ്പോൾ , ആ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ മേതിലിന്റെ ഫ്ളാറ്റില് എത്തുമ്പൾ മേതിലിന്റെ മുറിയിൽ കട്ടിലിലും നിലത്തുമായി കിടക്കുന്ന കടലാസുകളിൽ എഴുതിത്ത പന്ത്രണ്ട കവിതകൾ, അവ ഞാൻ  വരുന്നതും കാത്ത്, വാക്ക് പാലിച്ച് ശാന്തതയോടെ കിടക്കുന്നു.....

ഞാൻ  ശരിക്കും അത്ഭുതപ്പെട്ടു. അസാധാരണ ഭംഗിയുള്ള കൈപ്പടയിൽ, തിരുത്തലുകളോ ഇല്ലാതെ, കവിതകൾ. ഞാൻ അവ ഓരോന്നും ശേഖരിച്ചു. ഓരോ കവിതയുടെയും തലക്കെട്ടുകൾ വായിച്ചു. അവിടെ ഒരു കസേരയിലിരുന്ന് മേതിലിനെ അതേ അത്ഭുതത്തോടെ നോക്കി.

മേതിൽ എന്നെ നോക്കി പൊട്ടിച്ചിരിച്ചു....

''ഇപ്പോൾ നിനക്ക് മനസ്സിലായോ കവിതകളും ഉത്പാദിപ്പിക്കാം എന്ന്.''

ഞാന് തലയാട്ടി... 


അല്ലെങ്കിൽ  കവിതയുടെ പ്രചോദനം എന്താണ്, കവിയായിരിക്കുക എന്നല്ലാതെ, ഓർമയിലുംപ്രവർത്തിയിലും. എന്റെ രാഷ്ട്രീയം, ഒരു വ്രണവും നക്ഷത്രവും, ഒച്ചിന്റെ തോട്, തേവിടിശ്ശികൾ തുടങ്ങി പിന്നീട് വേറെ ശ്രദ്ധിക്കപ്പെട്ട മേതിലിന്റെ പല കവിതകളും ആ ഒരൊറ്റ രാത്രിയുടെ പലപുറപ്പാടുകൾ ആയിരുന്നു എന്ന് ഇന്നും ഓർക്കുമ്പോൾ  എന്നെ അത്ഭുതപ്പെടുത്തുന്നു.

 മേതിന്റെ രഹസ്യാത്മകതയിലേക്കുള്ള സർഗാത്മകമായ  ഒരു ഹിച്ചകോക്കിയൻ  ഇടപെടലാണിത്. കരുണാകരന്റെ രചനയില് ചിലപ്പോൾ കരുണാകരൻ  അദ്ദേഹം തന്നെയായും മറ്റുചിലപ്പോൾ മേതിലായും പ്രത്യക്ഷപ്പെടുന്നു. ഒരു ഒളിഞ്ഞ് നോട്ടക്കാരന്റെ ഓർമക്കുറിപ്പുകൾ പോലെ, യഥാർത്ഥ  സംഭവങ്ങളിൽ നിന്ന് അവയെ യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന ഘടകങ്ങൾ എടുത്ത് മാറ്റിയതിന് ശേഷം വീണ്ടും അവതരിപ്പിക്കുമ്പോൾ ചില പുസ്തകങ്ങൾ ജനിക്കുന്നു. 'വ്യാഴ്ചകൾ മാത്രമുള്ള ഏഴ് ദിവസങ്ങൾ' പോലെ. 


റാറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച 'മേതിൽ Ars Longa, Vita Brevis  വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ', മേതിൽ  രാധാകൃഷ്ണനുമായി കരുണാകരൻ നടത്തിയ പലതരം വിനിമയങ്ങളുടെയും സംഭാഷണങ്ങളുടെയും പുസ്തകം ഡിസ്കൗണ്ടിൽ ഓഡർ ചെയ്യാനായി ക്ലിക്ക് ചെയ്യൂ... 

Share:
Older Post Newer Post
Translation missing: en.general.search.loading