മുഹമ്മദ് കുർദിൻ്റെ വല്യുമ്മയാണ് റിഫ്ക്ക. കുർദിൻ്റെ ആദ്യ കവിതാസമാഹാരത്തിൻ്റെ പേരും റിഫ്ക്ക എന്നാണ്. അധിനിവേശ പലസ്തീനിലെ ജറൂസലേമിൽ 2020ൽ നൂറ്റി മൂന്നാമത്തെ വയസ്സിൽ മരിക്കുമ്പോഴും സ്വതന്ത്ര പലസ്തീൻ എന്ന റിഫ്ക്കയുടെ വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടാതെ കിടന്നു. പലസ്തീൻ്റെ സയണിസ്റ്റ് കോളനൈസേഷനേക്കാൾ പ്രായമുണ്ട് റിഫ്ക്കയ്ക്ക്. അതുകൊണ്ടാവാം പുതു അമേരിക്കൻ കവികളിൽ ശ്രദ്ധേയയായ അജാ മോനേ റിഫ്ക്കക്ക് എഴുതിയ അവതാരികയുടെ തലക്കെട്ട് Love Is Older Than “Israel” എന്നാണ്.
Apartheid, Genocide തുടങ്ങിയ മനുഷ്യവിരുദ്ധ പ്രയോഗങ്ങളുടെ സമകാലിക സാക്ഷാത്കാരങ്ങൾ ആധുനിക ലോക ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിധം പലസ്തീനിൽ ഇസ്റായേൽ നടപ്പിലാക്കി കൊണ്ടേയിരിക്കുകയാണ്.
പുതിയ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സെറ്റ്‌ലര്‍ കൊളോണിയല്‍ ശക്തി ഇസ്റായേൽ ആണ് എന്ന ചരിത്രപരമായ ശരിയുടെ അടിസ്ഥാനത്തില്‍ വേണം പലസ്തീനെതിരായ യുദ്ധത്തെ വിലയിരുത്താന്‍.മനുഷ്യ സംസ്കാരത്തിനു മുന്നിൽ പലസ്തീൻ നിലവിളിക്കുമ്പോൾ ഭൂമുഖത്തു നിന്നും ഇല്ലാതാക്കപ്പെടുന്ന ഒരു ജനസൂഹത്തിൻ്റെ രാഷ്ട്രീയ വർത്തമാനം ആഴത്തിൽ മനസിലാക്കാനുള്ള പരിശ്രമമാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളെ ഒന്നിപ്പിക്കുന്നത്.