രണ്ടു പെൺ ചങ്കുകളിൽ കല്ലു കയറ്റിവെച്ച കനമൂറുന്ന നോവൽ – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

രണ്ടു പെൺ ചങ്കുകളിൽ കല്ലു കയറ്റിവെച്ച കനമൂറുന്ന നോവൽ

രണ്ടു പെൺ ചങ്കുകളിൽ കല്ലു കയറ്റിവെച്ച കനമൂറുന്ന നോവൽ

  • 25 March, 2025
  • RAT Books

 

പീറ്റർ ഷിനോജ് 

"രണ്ടു പെൺ ചങ്കിലെ കല്ലു കയറ്റി വച്ച കനം, വായന മുറുകുമ്പോൾ വായനക്കാർ നെഞ്ചേറ്റേണ്ടി വരുന്നത് പ്രമേയത്തിൽ ഉപയോഗിച്ച ആഖ്യാനരീതിയിലെ വഴക്കം കൊണ്ടു മാത്രമാണ്." റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച റിഹാൻ റാഷിദ് എഴുതിയ  ‘വരാൽ മുറിവുകൾ’ എന്ന നോവലിന്റെ വായന, പീറ്റർ പീറ്റർ ഷിനോജ് എഴുതുന്നു.

മരണത്തിനു കൂട്ടുവിളിച്ചാൽ ഒരാൾ സന്തോഷത്തോടു കൂടി പോകുമോ?അങ്ങനെയെങ്കിൽ അവരുടെ മനസ്സിലെന്തായിരിക്കും... പെണ്ണുങ്ങളുടെ മനസ്സെഴുതാൻ ആണിനാവില്ലേ! അപ്രസക്തമായൊരു  ചോദ്യമാകുന്നു വരാൽ മുറിവുകളിലെ പെണ്ണുങ്ങളുടെ മനസ്സു കാണുന്ന റിഹാൻ്റെ മനസ്സു വായനയിൽ.

ഏതു നിമിഷവും നേരം തെറ്റിയ ഒരു തീവണ്ടി ഇളകിത്തെളിച്ച് കടന്നു വന്നേക്കാവുന്ന രണ്ടറ്റം കാണാത്ത പാളങ്ങൾക്കിടയിലെ സിമൻ്റ് സ്ലീപ്പറുകൾ പോലെ രണ്ടു പെണ്ണുങ്ങൾ തങ്ങളുടെ മനസ്സുകൾ ഒളിവും മറയുമില്ലാതെ പങ്കുവെക്കുകയാണ്  തോരാമഴപോലെ. ഈ മരണം കാത്തുകിടക്കലിന്നിടയിലും തൻ്റെ സുരക്ഷിത ഇടങ്ങളിൽ പോലും കുരുന്നു ജീവിതങ്ങളെ 'പരതുന്ന' ബന്ധങ്ങളെ നമ്മുടെ മുമ്പിൽ അനാവരണം ചെയ്യുകയാണ് എലീനയെന്ന ഇലയും, അഞ്ചു എന്ന അന്നമ്മയും.

വരാലിൻ്റെ വഴുവഴുപ്പും, ഉളുമ്പുമണവുമെല്ലാം ചേർന്ന ഒരു പരുക്കൻ കരം ഇളം കുഞ്ഞു മനസ്സിൽ നൽകിയ മുറിവുകൾ അവൾ വെണ്ണീറു ചേർത്ത് പാറക്കല്ലിലിട്ടുരച്ചിട്ടും പോകാതെ , അവളെ വേട്ടയാടുന്നവനെ അവൾ വേട്ടയാടുന്നു. സുരക്ഷിതത്വത്തിനായി സ്നേഹവാൻ്റെ കൂട്ടത്തിൽ ചേർന്നാലും തൻ്റെ പഴയ ജാതിബന്ധത്തിൻ്റെ നിറങ്ങളും, മണങ്ങളും അവരെ സ്നേഹക്കൂട്ടത്തിൽ നിന്നു പോലും മാറ്റി നിർത്തപ്പെടുന്നുണ്ട്, തല ചായ്ക്കാൻ ഒരിടം ലഭിക്കുമെന്നല്ലാതെ താഴ്ന്ന ജാതിക്കാരായി കണക്കാക്കുന്നവരുടെ ഉന്നമനത്തിന് അനുവദിക്കുന്ന  കോളനികൾ സമൂഹത്തിൽ അവരെ ലയിപ്പിക്കാതെ മാറ്റിനിർത്താനേ ഉപകരിച്ചിട്ടുള്ളൂ എന്നാണ് എൻ്റെ അഭിപ്രായം. ഈ സംവരണങ്ങളും, കോളനികളുമെല്ലാം യഥാർത്ഥ ഫലം അവർക്ക് നൽകിയിട്ടില്ല, ചിലപ്പോൾ സാമ്പത്തിക ഉന്നമനം, വിദ്യാഭ്യാസ - ഉദ്യോഗ സുരക്ഷിതത്വം ലഭിച്ചിട്ടുണ്ടാകാം. പക്ഷേ ഉന്നത കുലജാതൻമാരുടെ മനസ്സിലെ വേലിക്കെട്ടുകൾ പൊട്ടിക്കാൻ ആയിട്ടില്ലെന്നുള്ളത് സ്പഷ്ടം.

രണ്ടു പെൺ ചങ്കിലെ കല്ലു കയറ്റി വച്ച കനം, വായന മുറുകുമ്പോൾ വായനക്കാർ നെഞ്ചേറ്റേണ്ടി വരുന്നത് പ്രമേയത്തിൽ ഉപയോഗിച്ച ആഖ്യാനരീതിയിലെ വഴക്കം കൊണ്ടു മാത്രമാണ്. പലപ്പോഴും മനുഷ്യജീവിതത്തിൽ ബന്ധങ്ങൾക്ക് കൽപ്പിക്കപ്പെട്ട എഴുതപ്പെടാത്ത നിയമങ്ങളെ നമ്മുടെ പെണ്ണുങ്ങൾ ഖണ്ഡിക്കുന്നുണ്ട് , ഇതിൽ ആരാകും തെറ്റുകാർ ? അല്ലെങ്കിൽത്തന്നെ ഏതാണു ശരി, ഏതാണ് തെറ്റ്! നിങ്ങളുടെ ശരികൾ എനിക്ക് തെറ്റാകാം, എൻ്റെ ശരികൾ നിങ്ങൾക്കു തെറ്റുമാകാം. വായനക്കാരെ മനുഷ്യബന്ധങ്ങളുടെ ഒരു പാട് വിഭിന്നതലങ്ങളിലേക്ക് കൂട്ടി കൊണ്ടു പോകുന്നുണ്ട് കഥാകാരൻ. ശരികളും തെറ്റുകളും വിശകലനം ചെയ്യേണ്ടുന്ന ബാധ്യതയും  അവർക്ക് തന്നെ വിട്ടുകൊടുത്തു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

കെട്ടകാലത്ത് തീർച്ചയായും വായിക്കപ്പെടേണ്ട എഴുത്താണ് റിഹാൻ റാഷിദിൻ്റെ ഈ കൈപ്പുസ്തകം. അവതാരികകൾ ഇല്ലാത്ത ഈ കൊച്ചു കൈപ്പുസ്തകം നേരെ വായനയിലേക്കാണ് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് എന്തിനാണ് ഈ അവതാരിക എഴുതിക്കുന്നത്? ആമുഖങ്ങൾ പുസ്തകത്തെക്കുറിച്ച് ഒരു ധാരണ നമുക്ക് തരുന്നതിന് നല്ലതാണെങ്കിലും ഒരു യഥാർത്ഥ വായനയ്ക്കും, എഴുത്തുകാരന്റെ ശൈലി ബോധ്യപ്പെടുന്നതിനും ഈ ഇടിച്ചു ചെന്നു കയറൽ പ്രയോജനപ്പെടും എന്നു ഞാൻ കരുതുന്നു.

റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച റിഹാൻ റാഷിദ് എഴുതിയ നോവൽ ‘വരാൽ മുറിവുകൾ’  ഡിസ്‌കൗണ്ടിൽ ഓഡർ ചെയ്യാനായി ക്ലിക്ക് ചെയ്യൂ... 

Share:
Older Post Newer Post
Translation missing: en.general.search.loading