വിനോദ് മങ്കര
"തൻ്റെ പിൻകഴുത്തിലാണ് കവിത ചുംബിച്ചതെന്ന ഓർമ്മയിൽ ആ കാലം മുഴുവൻ നിശബ്ദമായി എന്നാണ് കരുണാകരൻ്റെ തുടർച്ചയും തർജ്ജമയും." കരുണാകരൻ എഴുതിയ 'മേതില്‍ Ars Longa, Vita Brevis വ്യാഴാഴ്ചകള്‍ മാത്രമുള്ള ഏഴു ദിവസങ്ങള്‍' എന്ന പുസ്തകത്തിന്റെ വായന. വിനോദ് മങ്കര എഴുതുന്നു.
നിരാലംബ വർത്തമാനത്തിൽ ഉദ്ഘാടനം ചെയ്യുന്ന ഹൈബർനേഷനാവും ഓർമ്മകളിലേക്ക് ചാരുന്ന ഏണികൾ. എത്രത്തോളം പ്രക്ഷുബ്ധമാണ് ഇന്നലെകൾ എന്നതുപോലെത്തന്നെ അത്രയ്ക്കു പ്രഭാതമാവാനും അതിന് സമയമധികം വേണ്ടിവരില്ല. സാഹിത്യം എന്നേ മരിച്ചു എന്നു പറയുമ്പോഴും മേതിലിൻ്റെ രണ്ടാം വരവും മൂന്നാം വരവും ആഘോഷമാവുന്നതിന് കാരണം മറ്റൊന്നല്ല. ഇക്കാര്യത്തിൽ മേതിലിൻ്റെ ദൈവം ജോൺ കേജാണ്.

ഭൗമിക രാഷ്ടീയത്തിനപ്പുറം മറ്റൊരുദയമില്ലെന്നും ടോളമി തന്നെ ശരിയെനും മേതിൽ നിരന്തരം
പ്രഖ്യാപിക്കുമ്പോൾ ഒരാൾ പാർക്കുന്ന ക്ഷേത്ര വ്യാസം എത്ര പ്രേമതരമാണെന്ന് മനസ്സിലാവും. ഭൂമിയെ ഊതിയൂതി വീർപ്പിച്ച് പ്രപഞ്ചാതിർത്തി കടത്തുന്ന കൗശലവും ജീവൻ്റെ പഴുതാര നടത്തത്തോടുള്ള കനിവുമാണത്. അതീന്ദ്രിയമില്ലെന്ന് കണ്ണടച്ച് വിശ്വസിച്ച്, അന്യഗ്രഹജീവിക്കു നേരേ കണ്ണടച്ചു കെട്ടി ഭൂമിയുടെ സചേതനയിലേക്കു മാത്രം കാലത്തെ കൂർപ്പിച്ച ഒരാളെയാണ് മേതിലിൽ നിരന്തരം കണ്ടുമുട്ടുക.
കണിശമായ സിമട്രിയാണ് പ്രപഞ്ചം എന്നതിനാൽ കുഴിയാനക്കുഴിയിലും ബ്രായിലും ഒരേ ഗണിതം തിരയാൻ മേതിലിനു മാത്രം കഴിയുന്നതെന്തുകൊണ്ടാണ്? ജോൺ ലെനൻ കൊല്ലപ്പെട്ട ആ ഒരൊറ്റ നേരത്ത് ആധുനികതയും തങ്ങളുടെ തലമുറയും മരിച്ചു എന്നും കലയിലെ അവസാന ശ്വാസമാണ് സർറിയലിസമെന്നും പറയാനുള്ള ചങ്കൂറ്റമാണ് ഒരാളെ എഴുതാതിരിക്കാൻ വാശി പിടിപ്പിക്കുന്നതും. മേതിലിനെക്കുറിച്ച് കരുണാകരൻ പറയുന്നതുപോലെ ജീവിതത്തെ തങ്ങളുടെ മുറിവുകളിൽ അയാൾ നിക്ഷേപിക്കുന്നു. ഒരാൾ ഉള്ളിൽ സൂക്ഷിച്ചു പോരുന്ന മ്യൂസിയമാണത്.
കാറ്റിൻ്റെ നിയമങ്ങളെ
കാറ്റിനു വിട്ടുകൊടുക്കുക
ഞാൻ പട്ടം പറപ്പിക്കുന്നോൾ
അവർ കാറ്റിനെ പറപ്പിച്ചു.
എന്നെ അവരെന്തിനു സ്മരിക്കണം, പരിഗണിക്കണം!
ഇതായിരുന്നു മേതിലിൻ്റെ എന്നത്തേയും ബൈബിൾ വാക്യം. തൻ്റെ പിൻകഴുത്തിലാണ് കവിത ചുംബിച്ചതെന്ന ഓർമ്മയിൽ ആ കാലം മുഴുവൻ നിശബ്ദമായി എന്നാണ് കരുണാകരൻ്റെ തുടർച്ചയും തർജ്ജമയും.
ഒരൊറ്റയിരുപ്പിന് വായിച്ചു തീർക്കാവുന്ന ഒരു പുസ്തകം വായിച്ചപ്പോൾ കുറിച്ചതാണിതെല്ലാം. കരുണാകരൻ പറയുന്നതുപോലെ ഒരു രാഷ്ട്രത്തെ അതിലെ പൗരൻ അവിശ്വസിക്കുന്നതു പോലെ സാഹിത്യത്തെ ആവോളം അവിശ്വസിച്ച മേതിലുമായി തൻ്റെ പ്രവാസകാലത്ത് നടത്തിയ കൂടിക്കാഴ്ചയാണ് പത്ത് അധ്യായങ്ങളും ഒരു അനുബന്ധ ലേഖനവുമടങ്ങുന്ന ഈ പുസ്തകം.
- മേതിലിനൊപ്പം വിനോദ് മങ്കര
മേതിൽ - വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ എന്ന ഈ പുസ്തകത്തിലെ മുൻകുറിപ്പിൽ മേതിൽ എഴുതുന്നു; ഈ പുസ്തകം താനാണ് എഴുതുന്നതെങ്കിൽ 'മേതിൽ' എന്നയിടത്ത് 'കരുണാകരൻ' എന്ന് എഴുതുമായിരുന്നു എന്ന്.
"അപരിചിതമായ ആകാശത്ത് അലയുന്ന ഇല്ലാത്ത ഒരു പട്ടത്തിൻ്റെ ചരടുമായി അയാൾ ഇരിക്കുന്നു. അതുകൊണ്ടു തന്നെ, അത്രയും നിരുൻമേഷപരമായ ആ നാളുകളിൽ മേതിലിനെ കണ്ടുമുട്ടാനും പരിചയപ്പെടാനും കഴിഞ്ഞത് എനിക്ക് ആശ്വാസമായി. കല നൽകുന്ന ഒരു മറു ജീവിതമായി ആ കൂടിക്കാഴ്ച അതിൻ്റെ പല ഉറവകളിലൂടെയും തുടർന്നു: പിന്നെയുള്ള വർഷങ്ങളിൽ വന്ന നീണ്ട ഇടവേളകളിലും "