വരാലിനെപ്പോലെ പിടികൊടുക്കാത്ത രണ്ടു പെണ്ണുങ്ങളുടെ ജീവിതം | Varal murivukal | Rihan rashid | RATbooks – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

വരാലിനെപ്പോലെ  പിടികൊടുക്കാത്ത  രണ്ടു പെണ്ണുങ്ങളുടെ ജീവിതം

വരാലിനെപ്പോലെ പിടികൊടുക്കാത്ത രണ്ടു പെണ്ണുങ്ങളുടെ ജീവിതം

  • 07 January, 2026
  • RAT Books

നിജു സേതുനാഥ്

നമ്മൾ അഭിപ്രായം രേഖപ്പെടുത്തേണ്ടതും നിലപാടുകൾ അറിയിക്കേണ്ടതുമായ ഒരുപാട് വിഷയങ്ങൾ റിഹാൻ റാഷിദ് എന്ന എഴുത്തുകാരൻ വരാൽ മുറിവുകളിലെ പെണ്ണുങ്ങളിലൂടെ നമ്മളോട് ചോദിക്കുന്നുണ്ട്.


അങ്ങനെയൊന്നും പിടി കൊടുക്കാത്ത മീനാണ് വരാൽ. പിടിച്ചെടുത്താൽ തന്നെ പിന്നെയും വഴുതിപ്പോകും. എന്നാലോ പാകം ചെയ്താൽ അപാര രുചിയാണ്.

വരാൽ പോലെ പിടികൊടുക്കാത്ത രണ്ടു പെണ്ണുങ്ങളുടെ ജീവിതം അവർ അവസാനിപ്പിക്കാൻ തീരുമാനിച്ച ശേഷം റെയിൽപാളത്തിൽ മരണവണ്ടിയും കാത്തുകിടന്ന് പരസ്പരം ചില കാര്യങ്ങൾ തുറന്നുപറയുന്ന ഒരു നീണ്ട വർത്തമാനമാണ് ഈ നോവൽ. അന്നമ്മയും ഇലയും സംസാരിച്ചു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അവരുടെ അരികിൽ പാളത്തിനോട് ചേർന്നു തന്നെ ഇരിപ്പായി. പിന്നെ ഞങ്ങൾ മൂന്നുപേരും കൂടി വർത്തമാനം പറഞ്ഞു.

ഓരോ അദ്ധ്യായം കഴിയുമ്പോഴും എനിക്ക് പറയാനുള്ള ചിലതുകൂടി അവരോടു പറഞ്ഞു. കാരണം നമ്മൾ അഭിപ്രായം രേഖപ്പെടുത്തേണ്ടതും നിലപാടുകൾ അറിയിക്കേണ്ടതുമായ ഒരുപാട് വിഷയങ്ങൾ എഴുത്തുകാരൻ ഈ പെണ്ണുങ്ങളിലൂടെ നമ്മളോട് ചോദിക്കുന്നുണ്ട്. അതിൽ സാമൂഹികക്രമം, അവകാശങ്ങൾ, നീതി നിഷേധങ്ങൾ, ജാതീയത, ലൈംഗികത, സ്വവർഗ്ഗാനുരാഗം, തിരഞ്ഞെടുക്കൽ, നിസ്സഹായത, ചൂഷണം, പ്രതിഷേധം തുടങ്ങി ഒരുപാട് മൂല്യാധിഷ്ഠിതമായ വസ്തുതകളുണ്ട്.

ആഴത്തിലേറ്റ മുറിവുകളിൽ നിന്ന് ചോര പൊടിയുന്ന നീറ്റലിൽ ഇല എന്ന എലേന തന്റെ അനുഭവങ്ങൾ പറഞ്ഞപ്പോൾ പൂർണ്ണമായും ഞാനവളോട് ഐക്യപ്പെട്ടു. ഞാനാഗ്രഹിച്ചത് തന്നെ ഒടുവിൽ സംഭവിച്ചെന്ന് അവൾ പറഞ്ഞപ്പോൾ ചേർത്തുപിടിച്ചു കൊണ്ട് അത് തന്നെയാണ് നടക്കേണ്ടതെന്നും പറഞ്ഞു. സമയമെടുത്തായാലും മുറിപ്പാടുകൾ വെറും വരകൾ മാത്രമാകുമെന്നും ധൈര്യം നൽകി.

കപടസദാചാരവാദികൾ കൊടി ഉയർത്തുന്ന, ചൂഷണത്തിനും സ്തുതിപാടകരുള്ള ഈ സമൂഹത്തിൽ നീതി നടപ്പിലാക്കുവാൻ നോവലിൽ പറയുന്ന പോലെയുള്ള ഈപ്പൻ കുഴികൾ ഓരോ പുരയിടത്തിലും വേണം.
അതെ, ഈ സമൂഹത്തിൽ ഈപ്പൻ കുഴികൾ അനിവാര്യമാണ്.

റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച റിഹാൻ റാഷിദ് എഴുതിയ നോവൽ ‘വരാൽ മുറിവുകൾ’  ഡിസ്കൗണ്ടിൽ ഓഡർ ചെയ്യാനായി ക്ലിക്ക് ചെയ്യൂ.


Share:
Older Post
Translation missing: en.general.search.loading