മലപ്പുറം പെണ്ണുങ്ങളേ, എന്തൊരു വിസ്മയ ജീവിതമാണ് നിങ്ങളുടേത്... – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

മലപ്പുറം പെണ്ണുങ്ങളേ,  എന്തൊരു വിസ്മയ ജീവിതമാണ്  നിങ്ങളുടേത്...

മലപ്പുറം പെണ്ണുങ്ങളേ, എന്തൊരു വിസ്മയ ജീവിതമാണ് നിങ്ങളുടേത്...

  • 21 March, 2025
  • Truecopy Magazine

ജോണി എം.എൽ

'കൊ. ത. ഗു.സാ.ത' - ഇങ്ങനെയുള്ള ചുരുക്കെഴുത്തുകൾ പല പുരാതന ഉരുപ്പടികളിലും കാണുമ്പോൾ നമുക്ക് ചിരി വരും. ഷംഷാദ് ഹുസ്സൈൻ കുട്ടിയായിരുന്ന സമയത്ത് കൊണ്ടോട്ടിയിലുള്ള വാപ്പയുടെ കുടുംബവീട്ടിൽ അവിടത്തെ വിശ്രുതമായ ഖുബ്ബ അഥവാ പള്ളിപ്പെരുന്നാളിന്റെ നാളുകളിൽ ചെന്നുനിൽക്കും. ബന്ധുക്കളും അപരിചിതരും അടങ്ങുന്ന വലിയൊരു സംഘം ആളുകൾ ആ വലിയ വീട്ടിൽ മുറ്റത്തും ഉമ്മറത്തും മുറികളിലും ഇടനാഴികളിലും പറമ്പുകളിലും ഒക്കെ തമ്പടിച്ചിരിക്കും. ഇന്റർനെറ്റും സ്മാർട്ട്ഫോണും ഒക്കെ വന്നു മനുഷ്യരെ സ്ക്രീൻടൈമിലേയ്ക്കും റീലുകളിലേയ്ക്കും വാട്സാപ്പ് സർവ്വകലാശാലകളിലേയ്ക്കും ചുരുക്കുന്നതിന് മുൻപുള്ള കാലമായിരിക്കണം. അങ്ങനെയുള്ള പെരുന്നാൾക്കാഴ്ചകൾ നിറഞ്ഞ ആ ബാല്യകാലത്തിൽ ജാലകക്കാഴ്ചകളുടെ അത്ഭുതങ്ങളിലേക്ക് കൺതുറന്നിരിക്കുന്ന വേളകളിലാണ് ആ വീട്ടിലെ ഉരുപ്പടികളിൽ മേൽപ്പറഞ്ഞ ചുരുക്കെഴുത്ത് കാണുന്നത്.

'കൊണ്ടോട്ടി തക്കിയക്കൽ ഗുലാം സാഹിബ് തങ്ങൾ' എന്നതിന്റെ ചുരുക്കെഴുത്താണത്. ആ മനുഷ്യൻ മഹാശക്തിമാനായിരുന്നു. പ്രേതങ്ങളെയൊക്കെ ഓടിക്കാൻ കഴിവുള്ള ഒരാൾ. അതൊക്കെ ഹിപ്നോട്ടിസം ആണെന്ന് വാപ്പ പറഞ്ഞു കൊടുക്കുമ്പോൾ ഉപ്പുപ്പായുടെ കഥകളിലെ അതിശയങ്ങൾ അല്പം കുറഞ്ഞു പോകുന്നില്ലേ എന്ന് ഷംഷാദിന് തോന്നിയിരുന്നു.

ഷംഷാദ് ഹുസ്സൈൻ എന്നുപറഞ്ഞാൽ എനിയ്ക്ക്, ഒരു വായനക്കാരനെന്ന നിലയിലും കലാ- സാംസ്‌കാരിക ചരിത്ര- വിമർശകൻ എന്ന നിലയിലുമൊക്കെ, പ്രശസ്ത ചിത്രകാരനായ എം. എഫ്. ഹുസൈന്റെ മകനും ചിത്രകാരനുമായ ഷംഷാദ് ഹുസ്സൈനായിരുന്നു. എന്നാൽ റാറ്റ് ബുക്ക്സ് 'മലപ്പുറം പെണ്ണിന്റെ ആത്മകഥ' എന്ന പേരിൽ ഒരു പുസ്തകം ഇറക്കുന്നു എന്നും അതിന്റെ രചയിതാവ് ഷംഷാദ് ഹുസ്സൈൻ ആണെന്നും അറിഞ്ഞപ്പോൾ ഒരു കൗതുകം തോന്നി. ചില പേരുകൾ അങ്ങനെയാണ്; ആണിനും പെണ്ണിനും ചേരും. ഷംഷാദ് ഹുസ്സൈൻ എന്ന എഴുത്തുകാരിയെക്കുറിച്ച് നേരത്തെ കേട്ടിരുന്നില്ല. പക്ഷെ അവരെക്കുറിച്ചുള്ള വിവരം ഇങ്ങനെയാണ്: ഗവേഷകയും എഴുത്തുകാരിയുമായ ഷംഷാദ് ഹുസ്സൈൻ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം പ്രൊഫെസറാണ്. കൂടാതെ, ‘മലബാർ കലാപത്തിന്റെ വാമൊഴി പാരമ്പര്യം’, ‘ന്യൂനപക്ഷത്തിനും ലിംഗപദവിയ്ക്കും ഇടയിൽ’, ‘മുസ്ലീമും സ്ത്രീയും അല്ലാത്തവർ’ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവുമാണ്. ആളെ ഗൗരവമായി എടുക്കേണ്ട കാര്യമുണ്ടെന്ന് എനിയ്ക്ക് മനസ്സിലായി. അതിനേക്കാളേറെ എന്നെ ഈ പുസ്തകത്തിലേക്ക് ഉന്മുഖനാക്കിയത്, അതിന് തൊട്ടുമുൻപ് റാറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച 'ഒരു ഇന്ത്യൻ മുസ്ലീമിന്റെ കാശി യാത്ര' എന്ന പി.പി. ഷാനവാസ് എഴുതിയ പുസ്തകം ഞാൻ വായിച്ചിരുന്നു എന്ന പശ്ചാത്തലമാണ്.

ഷാനവാസ് മലപ്പുറത്തിന്റെ ചരിത്രമാണ് പറഞ്ഞത്. വിശദമായ ഭൂമിശാസ്ത്രവിവരണങ്ങൾ പോലും നൽകിയിട്ടുള്ള ആ പുസ്തകം മലപ്പുറത്തിന്റെ സാംസ്‌കാരിക-സാമൂഹിക- ആത്മീയ ചരിത്രത്തിലേക്കാണ് വെളിച്ചം വീശിയത്. ഇസ്ലാമിക- ഹൈന്ദവ ആത്മീയതയുടെ സംഗമസ്ഥാനമായ സൂഫി പാരമ്പര്യത്തിലെ ഒരു കണ്ണിയായി നിൽക്കുന്ന ഷാനവാസിന്റെ കാഴ്ചപ്പാടും ഷംഷാദ് എന്ന സ്ത്രീയുടെ കാഴ്ചപ്പാടും എവിടെയൊക്കെ വ്യത്യാസപ്പെടുന്നു എന്നറിയാനുള്ള കൗതുകവും ഈ പുസ്തകത്തിലേക്ക് എന്നെ നയിച്ചു.

പുരാതന ഇന്ത്യൻ ശില്പകലയെ നേരിട്ട് കാണാൻ ഇടയായ ആദ്യകാല കൊളോണിയൽ അധികാരികൾക്ക് അവയിൽ കൊത്തിവെച്ചിരിക്കുന്ന രൂപങ്ങളുടെ ബഹുവിധ അംഗോപാംഗങ്ങളെയോ ഘനീഭൂത-ശിലാഖ്യാനങ്ങളുടെ ആഴങ്ങളെയോ അവയുടെ ആധാരശിലയായ ആശയങ്ങളെയോ പുരാവൃത്തങ്ങളെയോ ഇതിഹാസപുരാണങ്ങളെയോ അവയുടെ പശ്ചാത്തലത്തിലുരുത്തിരിഞ്ഞ ശില്പതന്ത്രങ്ങളുടെയോ കലാവ്യാകരണങ്ങളുടെയോ ആഴങ്ങൾ ഒന്നും അറിയാൻ കഴിയാതിരുന്നതിനാൽ അവർ അവയ്ക്ക് ഒരു ചെല്ലപ്പേരിട്ടു; രാക്ഷസീയ രൂപങ്ങൾ. നമുക്ക് എതിർനിൽക്കുന്നതിനെയോ മനസ്സിലാകാത്തതിനെയോ നമ്മുടെ സൗന്ദര്യശാസ്ത്രങ്ങൾക്ക് വിരുദ്ധമായതിനെയോ രാക്ഷസീകരിക്കുന്നത് ഒരു രാഷ്ട്രീയതന്ത്രം കൂടിയാണല്ലോ. പുരാണങ്ങളിലെ പാമ്പുകളും പക്ഷികളും വാനരന്മാരുമെല്ലാം മനുഷ്യരായിരുന്നു എന്ന് നമുക്ക് ഇന്നറിയാം. പാർത്ഥ മിത്തർ എന്ന ചരിത്രകാരൻ ഈ പാശ്ചാത്യനോട്ടത്തിലൂടെ കാണപ്പെട്ട ശില്പങ്ങളെ പൊതുവെ 'അഭിശപ്ത രാക്ഷസർ' എന്ന് വിളിച്ചു (Much Maligned Monsters). മലപ്പുറത്തെക്കുറിച്ച് കേരളത്തിനകത്തും പുറത്തും രൂപപ്പെട്ടിരിക്കുന്ന ആശയങ്ങളിൽ ഈ ആഭ്യന്തര കൊളോണിയലിസത്തിന്റേതായ ഒരു നോട്ടം (Gaze) ഉണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു. മലപ്പുറം എന്നൊരു നാടുണ്ടത്രെ, അവിടെ നിറയെ ഇൻഡ്യാവിരുദ്ധരായ മുസ്ലീങ്ങൾ ഉണ്ടത്രേ, അവർ വേറൊരു റിപ്പബ്ലിക് ആണത്രേ, അവിടെ നിന്നാണ് ഐസിസിലൊക്കെ ഭീകരർ പോകുന്നതത്രെ' അതാണ് ഈ നോട്ടം. വലതുപക്ഷ തീവ്രവാദികൾ ഉണ്ടാക്കിയ ജനപ്രിയ ആഖ്യാനങ്ങളിലൂടെ ഇത് ശക്തിപ്പെടാനും തുടങ്ങി. ഇത് കേൾക്കുമ്പോൾ ഒരിടത്ത് എന്ന സിനിമയിൽ കൃഷ്ണൻകുട്ടി നായർ അവതരിപ്പിച്ച തുന്നൽക്കാരന്റെ വാക്കുകൾ ഓർമ്മ വരും; സോവിയറ്റ് യൂണിയനിൽ ഒരു കുഞ്ഞു പിറന്നാൽ അവിടെ അതിന് വേണ്ട വൈദ്യുതിയാണ് ആദ്യം നൽകുന്നത്. പണ്ട് ഇങ്ങനെയൊരു പടപ്പാട്ടും ഉണ്ടായിരുന്നല്ലോ, സോവിയറ്റ് എന്നൊരു നാടുണ്ടത്രെ, പോകാൻ കഴിഞ്ഞെങ്കിൽ എന്ത് ഭാഗ്യം. ഇതൊക്കെ കാണാത്ത ഒന്നിനെക്കുറിച്ച് നമ്മൾ ഉണ്ടാകുന്ന നല്ലതും ചീത്തയുമായ നോട്ടങ്ങളും ആഖ്യാനങ്ങളുമാണ്. അതുകൊണ്ട് തന്നെ അവിടെ ഗ്രൗണ്ട് സീറോയിൽ നിന്ന് വരുന്ന ആഖ്യാനങ്ങളെ കേൾക്കുവാനും വിലയിരുത്തുവാനും ഉള്ള ജാഗ്രത നമുക്ക് എല്ലാവര്ക്കും ഉണ്ടാകേണ്ടതും ഉണ്ട്. അത് കേവലമായ ചരിത്രബോധ്യത്തിനോ ആസ്വാദനത്തിനോ വേണ്ടിയുള്ളതല്ല, നേരെ മറിച്ച് അതൊരു രാഷ്ട്രീയപ്രവർത്തനവും കൂടിയാണ്.

'ക്രൂരമുഹമ്മദർ' നിറഞ്ഞ മലപ്പുറത്തുനിന്ന് ഒരു സ്ത്രീ തന്റെ കഥയെഴുതുമ്പോൾ അതിന് രാക്ഷസരെ മനുഷ്യരാക്കുന്ന ശക്തി ഉണ്ടാകേണ്ടതുണ്ട്. ഷംഷാദ് ഹുസ്സൈൻ നടത്തുന്നത് ഒരു ആത്മാഖ്യാനമാണെങ്കിലും അതൊരു കൗണ്ടർ നറേറ്റിവ് അഥവാ പ്രത്യാഖ്യാനം കൂടിയാണ്. തങ്ങന്മാരുടെ കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടി എന്ന നിലയിൽ ചില സോഷ്യൽ പ്രിവിലേജുകൾ അനുഭവിച്ചുകൊണ്ടാണ് അവൾ വളരുന്നത് എങ്കിലും അവളുടെ സാമൂഹികഭാവനയെ രൂപപ്പെടുത്തുന്നതിൽ എഴുപതുകളുടെ ഒടുവിലെയും എൺപതുകളിലെയും തത്കാല സാംസ്‌കാരിക-സാമൂഹിക- മതപരമായ പാരിതോവസ്ഥകൾ ഉണ്ടായിരുന്നിരിക്കും. ഇങ്ങനെയൊരു കാലനിർണ്ണയം ഞാൻ നടത്തുന്നതിന് കാരണം ഷഫീക് എന്ന ഒരു നടൻ അഭിനയിച്ച ലവ് സ്റ്റോറി എന്ന സിനിമയെക്കുറിച്ചും റഹ്‌മാൻ എന്ന നടനെക്കുറിച്ചും ഉള്ള പരാമർശങ്ങളാണ്. ഷംഷാദിന്റെ നവകിശോരാവസ്ഥയിൽ ഉള്ള സിനിമകളായിരിക്കണം ഇവ. കാരണം പതിമൂന്ന് വയസ്സാകുന്നതോടെ തനിയ്ക്ക് വിവാഹം കഴിയ്ക്കണം എന്ന 'അത്യാഗ്രഹം' ഷംഷാദിന് ഉണ്ടാവുകയാണ്. അക്കാലത്തെ ഗാർഹികാവസ്ഥയിൽ ഒരു പെൺകുട്ടിയ്ക്ക് ആഗ്രഹിയ്ക്കാൻ കഴിയുന്നതിന്റെ പരമാവധിയാണ് ആ ആഗ്രഹം. എന്നാൽ അത് നടക്കാതിരിക്കാൻ കുടുംബത്തിനുള്ളിലെ തന്നെ ചില ബലതന്ത്രങ്ങൾ സഹായിക്കുന്നു എന്നിടത്ത് ഷംഷാദ് ഹുസ്സൈൻ അക്കാലത്തെ മുൻവിധികളുമായി വേർപിരിയുന്നു.

ചെറിയ അധ്യായങ്ങളിലൂടെ വലിയ ചോദ്യങ്ങൾ, അവ ചോദിയ്ക്കാൻ വേണ്ടിയാണ് ആ അധ്യായങ്ങൾ എഴുതിയതെന്ന തോന്നൽ വായനക്കാരിൽ ഉളവാക്കാതെയാണ് ഷംഷാദ് ഹുസ്സൈൻ ആർട്ടിക്കുലേഷൻ നടത്തുന്നത്. ഉദാഹരണത്തിന് എന്താണ് സാക്ഷരത എന്നത് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഷംഷാദിന്റെ വലിയുമ്മ പലതരം പാട്ടുകളും കഥകളും കവിതകളും ഒക്കെ അറിയാവുന്ന ഒരു സ്ത്രീയായിരുന്നു. ഒപ്പം പറമ്പിലെ അസംഖ്യം ചെടികളിൽ ഇതിനൊക്കെ ഔഷധ ഗുണമുണ്ടെന്നും അവർക്ക് അറിയാമായിരുന്നു. അറബിമലയാളത്തിലെ വായ്മൊഴി വഴക്കവും ഗാർഹികവൈദ്യവും അറിയാമായിരുന്ന ആ സ്ത്രീയെ മലയാളം വായിക്കാൻ അറിയില്ല എന്ന കാരണത്താൽ സ്‌കൂൾ വിദ്യാർത്ഥിനിയായ ഷംഷാദ് 'നിരക്ഷര' എന്ന നിലയിലാണ് കരുതിപ്പോന്നത്. എന്നാൽ അറബിമലയാള സാഹിത്യത്തെക്കുറിച്ചുള്ള അവരുടെ ധാരണകൾ ക്രമേണ മനസ്സിലാക്കുകയും അവരുടെ പക്കലുണ്ടായിരുന്ന പുസ്തകങ്ങൾ വായിക്കാൻ തുടങ്ങുകയും ചെയ്യുമ്പോഴാണ് 'സാക്ഷരതാ' എന്നാൽ ലിപിബോധ്യം ആണോ എന്ന ചോദ്യത്തിലേക്ക് ഷംഷാദ് എത്തുന്നത്. ഇത് മറ്റൊരു മേഖലയാണ് തുറക്കുന്നത്, യാഥാസ്ഥിതികം എന്ന് കരുതുന്ന സമൂഹങ്ങളിലെ സ്ത്രീകളുടെ ജൈവജ്ഞാനങ്ങൾ അവഗണിയ്ക്കപ്പെടുകയും അത് പാരമ്പര്യജ്ഞാനത്തിന്റെ ഈടുവെയ്പുകളിൽ പെടാതെ പോവുകയും ചെയ്യുന്നതിന്റെ വലിയൊരു ചരിത്രാപരാധത്തിലേയ്ക്ക് ഷംഷാദ് വിരൽ ചൂണ്ടുന്നു. അത് വിവാഹങ്ങളെക്കുറിച്ചുള്ള വിവരണങ്ങളിലും അവയിൽ സ്ത്രീകൾ വഹിക്കുന്ന പങ്കുകളെക്കുറിച്ചുള്ള ആഖ്യാനങ്ങളിലും നിറഞ്ഞു നിൽക്കുന്നു. മൈലാഞ്ചി അഥവാ മെഹന്ദി എന്ന ചടങ്ങിനെക്കുറിച്ചുള്ള വിവരണത്തിൽ മുസ്‌ലിം സ്ത്രീലോകത്തിന്റെ ആഭ്യന്തര ഘടനകളും അവയ്ക്കുള്ളിൽ അത്രയധികം രേഖപ്പെടുത്താതെ പോയ ചില കലാപരമായ കഴിവുകളും വെളിപ്പെടുന്നു. ഉദാഹരണത്തിന്, ചക്കയുടെ അരക്ക് ഉപയോഗിച്ച് കൈവെള്ളയിൽ പൂക്കളുടെ ഡിസൈൻ ഉണ്ടാക്കിയശേഷം കൈയിൽ മുഴുവൻ മൈലാഞ്ചിക്കുഴമ്പ് പുരട്ടി നനച്ചുണക്കി പിന്നെ ഇളക്കിക്കളയുമ്പോൾ ചുവന്ന കൈവെള്ളയിൽ വെളുത്ത പൂക്കൾ വിടരുന്നതിനെക്കുറിച്ച് ഷംഷാദ് എഴുതിയത് വായിച്ചപ്പോൾ ഞാൻഫ ആർട്സ് കോളേജുകളിൽ പ്രിന്റ് മേക്കിങ് വിഭാഗത്തിൽ എച്ചിങ് എന്ന പ്രോസസ്സിൽ കലാകാരന്മാർ ചെയ്യുന്ന പരീക്ഷണങ്ങളെയാണ് ഓർത്തത്. ഈ സ്ത്രീകളുടെ മൈലാഞ്ചി പരീക്ഷണങ്ങൾ ഷംഷാദിലൂടെ രേഖപ്പെടുത്തപ്പെട്ടു എന്നത് വലിയൊരു കാര്യമായി ഞാൻ കണക്കാക്കുന്നു.

തെറ്റിദ്ധരിയ്ക്കപ്പെട്ട സാംസ്‌കാരിക ഭൂപടമുള്ള മലപ്പുറത്തെ സ്ത്രീകളും അവരുടെ മതാത്മക ജീവിതവും എന്താണെന്നതിനെക്കുറിച്ചുള്ള ഒരു സമഗ്ര ചിത്രം ഷംഷാദ് ഈ പുസ്തകത്തിൽ വരച്ചിടുന്നുണ്ട്. മദ്രസയിൽ പോയി മുസ്ലീമിന്റെ അഞ്ചു നിയോഗങ്ങളും നിസ്കാരങ്ങളും പാഠങ്ങളും അറബ് ചരിതങ്ങളും പഠിയ്ക്കുന്ന പെൺകുട്ടികൾ യാഥാസ്ഥിതിക ചിന്തകളിലേക്ക് പരുവപ്പെടുന്നത് സ്വാഭാവികമാണെങ്കിലും തങ്ങൾക്കിഷ്ടമില്ലാത്ത വിവാഹങ്ങളെ എതിർത്ത് നിൽക്കാനും അതിൽ നിന്ന് പുറത്തു വരാനും ഒക്കെയുള്ള ജ്ഞാന-കർമ്മശേഷികൾ ഉണ്ടാക്കിയെടുക്കുന്നുണ്ട് എന്ന കാര്യം പലപ്പോഴും മുഖ്യധാരാ ചർച്ചയിൽ വരാറില്ല, അതുപോലെ തന്നെ യുവതികൾ തന്നെ നയിക്കുന്ന മദ്രസകളും പ്രാർത്ഥനാ പരിപാടികളും ഉണ്ടെന്ന് ഷംഷാദ് പറയുന്നു. എന്നാൽ അകം -പുറം, പൊതുവിടം- ഗാർഹിക ഇടം എന്നിങ്ങനെയുള്ള ദ്വന്ദങ്ങളിൽ പലപ്പോഴും സ്ത്രീയെ അകത്താക്കാനും 'പുറത്താക്കാനും' പുരുഷലോകം ശ്രമിയ്ക്കുന്നുണ്ട്. ഒരിയ്ക്കൽ മമ്പറം പള്ളിയിൽ നിസ്കാരവേളയിൽ ആളുകൾ കൂടുകയും നിൽക്കാനിടയില്ലാതെ വരികയും ചെയ്തപ്പോൾ ഉസ്താദുമാർ ആദ്യം പുറത്താക്കിയത് സ്ത്രീകളെ ആയിരുന്നു എന്ന കാര്യം ഷംഷാദ് മൃദുവായ നർമ്മത്തിൽ പൊതിഞ്ഞു പറയുന്നുണ്ട്. എന്നാൽ വിവാഹങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ എങ്ങനെയെല്ലാം മുസ്‌ലിം സ്ത്രീയെ സ്വതന്ത്രയാക്കുന്നു എന്നുള്ള കാര്യം ഷംഷാദ് പറയുന്നു. ആധുനിക ഇടങ്ങളും സാങ്കേതികവിദ്യയും കുടിയേറ്റവും വിദ്യാഭ്യാസവും പ്രവാസവും ഒക്കെ സ്വന്തം നിക്കാഹിൽ നിന്ന് പോലും മാറ്റിനിർത്തപ്പെട്ടിരുന്ന മുസ്‌ലിം സ്ത്രീയെ വേദിയിലേക്ക് കൊണ്ടുവരുന്നതിനുള്ള പരിസരമൊരുക്കി എന്ന് ഷംഷാദ് പറയുന്നു. അതുപോലെ തന്നെ നിക്കാഹിനു ശേഷവും ഔപചാരികമായ വിവാഹത്തിന് മുൻപും ഉള്ള ഇടവേളയിൽ ഗർഭിണി ആയിപ്പോയാൽ ഗർഭത്തോടെ തന്നെ 'പുതുക്കം' എന്ന കല്യാണം ആഘോഷമായി നടക്കുന്നുണ്ടെന്ന് ഷംഷാദ് പറയുമ്പോൾ ഇസ്ലാമോഫോബുകളായ ഹിന്ദുത്വവാദികൾക്ക് അത്തരമൊരു കാര്യം ചിന്തിക്കാൻ കൂടി കഴിയില്ല എന്ന് നമുക്ക് മനസ്സിലാകുന്നു.

ഇസ്‌ലാമിൽ ജാതിയുണ്ടോ? ഉണ്ടെങ്കിൽ അത് എങ്ങനെയെല്ലാം പ്രത്യക്ഷമാകുന്നു? ഈ ചോദ്യങ്ങൾ ഷംഷാദ് ഉയർത്തുന്നുണ്ട്. ഒസ്സാന്മാർ, തട്ടാന്മാർ തുടങ്ങി കൈവേലപ്പണിക്കാരുമായി തങ്ങന്മാരും മറ്റുള്ള മാമൂൽ മുസ്ലീങ്ങളും വിവാഹത്തിന് ഒരുങ്ങുകയില്ല. എന്നാൽ സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന സാമ്പത്തികമായ മാറ്റങ്ങൾ ഇത്തരം വിവേചനത്തെ വളരെയധികം മാറ്റിക്കഴിഞ്ഞതിന്റെ ഉദാഹരണങ്ങൾ ഷംഷാദ് നിരത്തുന്നുണ്ട്. തട്ടാനായിരുന്ന മുസ്‌ലിം പയ്യൻ ഗൾഫിൽ പോയി പണക്കാരനാവുകയും വീടും ഭൂസ്വത്തും ഉണ്ടാവുകയും ചെയ്തപ്പോൾ ഉയർന്ന മുസ്‌ലിം വീട്ടിൽ നിന്ന് പെണ്ണുകിട്ടി. ഒരു തലമുറകൂടി കഴിഞ്ഞപ്പോൾ അങ്ങനെയൊരു ചരിത്രം തന്നെ ഇല്ലെന്ന വിചാരമായി. സാമ്പത്തികമായ ഉന്നത നില ജാതീയമായ പിന്നോക്ക നിലയെ വലിയൊരളവിൽ മുസ്‌ലിം സമൂഹത്തിൽ നിന്ന് ഉച്ചാടനം ചെയ്യാൻ കാരണമായിട്ടുണ്ടെന്ന് ഈ പുസ്തകത്തിൽ നിന്ന് നമുക്ക് മനസ്സിലാകുന്നു. എന്നാൽ ഇത് എൻ പി മുഹമ്മദ് എണ്ണപ്പാടം എന്ന നോവൽ എഴുതുന്ന നാളുകളിൽ വ്യത്യസ്തമായിരുന്നു എന്നും എങ്ങനെയാണ് പുതിയ പണക്കാരനായ ഒസ്സാനെ മുസ്‌ലിം പ്രമാണിമാർ നിസ്കാരവേളയിൽ പിന്നിലേയ്ക്ക് തള്ളുന്നതെന്നും ഉദാഹരണമാക്കി ഷംഷാദ് പറയുമ്പോൾ നോവൽ സോഷ്യോളജിക്കൽ തെളിവായി വിടരുന്നത് നമ്മൾ കാണുന്നു. എങ്കിലും, മലപ്പുറത്തെ മുസ്ലീങ്ങൾക്കിടയിൽ പുസ്‌ലീം എന്നൊരു വാക്കുണ്ടെന്നും അത് താഴ്ന്ന ജാതിക്കാർ മുസ്‌ലിമായി മതം മാറിയവർക്കായി പറയുന്നതാണെന്നും ഷംഷാദ് പറയുമ്പോൾ നമ്മൾ ഡോ. ബി.ആർ. അംബേദ്കറെ ഓർത്തുപോകും. ഹിന്ദു പോകുന്നിടത്തെല്ലാം ജാതിയും കൊണ്ട് പോകും എന്ന് പറയുന്നത് പോലെ, മതം മാറിയാലും ജാതി നിൽക്കും എന്ന കാര്യം നമ്മൾ തിരിച്ചറിയും. ഒപ്പം, വെന്തിങ്ങ ഇട്ടിട്ടും പുലയക്രിസ്ത്യാനി മാത്രം ആകേണ്ടി വരുന്ന ആൾ അച്ഛന്റെ വെന്തിങ്ങ ഇന്നാ എന്ന് പറഞ്ഞു ഊരിക്കൊടുക്കുന്നതും ടി.കെ.സി. വടുതലയുടെ വാക്കുകളിലൂടെ നമ്മൾ ഓർത്തുപോകും.

മതവും ജാതിയും വലതുപക്ഷവും ചേർന്ന് മലീമസമാക്കിയ ഇന്ത്യയുടെയും കേരളത്തിന്റെയും അന്തരീക്ഷത്തിൽ സംഭവിയ്ക്കുന്ന സൂക്ഷ്മമായ മാറ്റങ്ങളെ കാണുവാൻ ഷംഷാദിന് ഈ പുസ്തകത്തിലൂടെ കഴിയുന്നുണ്ട്. കളിയാട്ടവും വേലയും ഒക്കെ പള്ളികളുടെ കൂടി ആയിരുന്ന കാലത്തു നിന്ന് അത് മുസ്‌ലിം ഭാഗങ്ങളിലൂടെ പോകേണ്ടതില്ല എന്ന് തീരുമാനിയ്ക്കുന്നതും, അതുമായി നമുക്ക് യാതൊരു ബന്ധവും ഇല്ല എന്ന് പറയുന്ന മുസ്‌ലിം പ്രമാണിമാരും ഇന്ന് ഒരു യാഥാർഥ്യമായിരിക്കുന്നു എന്ന് വേദനയോടെ എഴുത്തുകാരി പറയുന്നു. അവസാനത്തെ ഏതാനും അധ്യായങ്ങളിൽ കളിയിടങ്ങളിൽ നിന്ന് സ്ത്രീകൾ മാറ്റിനിർത്തപ്പെടുന്നതിനെക്കുറിച്ചും പെൺകുട്ടികളുടെ വിവാഹപ്രായം പെൺകുട്ടികൾ തന്നെ തീരുമാനിയ്ക്കുന്നത് വരുത്തിയ വിപ്ലവത്തെക്കുറിച്ചും പുതിയ തലമുറയിൽ ചെറിയകുട്ടികൾ പോലും അവരറിയാതെ 'ജാതി-മത' വ്യവഹാരങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നതിനെക്കുറിച്ചും ഷംഷാദ് പറയുന്നു. ഇന്നും മുസ്‌ലിം പേർസണൽ ലോ അഥവാ മുസ്‌ലിം വ്യക്തി നിയമം നിലനിൽക്കുന്നതിനാൽ വിവാഹാനന്തരവും വൈധവ്യത്തിലും സ്ത്രീയ്ക്ക് കിട്ടേണ്ട അവകാശങ്ങൾ ഇനിയും മുസ്‌ലിം സ്ത്രീകൾക്ക് കിട്ടാതിരിയ്ക്കുന്ന സ്ഥിതിവിശേഷം മാറിയിട്ടില്ലെന്നും അതിനാൽ സുപ്രീം കോടതിയിൽ ഇത് സംബന്ധിച്ച് നടക്കുന്ന കേസിൽ സ്ത്രീകൾക്ക് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷകൾ വെച്ച് പുലർത്തിക്കൊണ്ടാണ് ഷംഷാദ് ഹുസ്സൈൻ ഈ പുസ്തകം അവസാനിപ്പിക്കുന്നത്. 112 പേജുകൾ മാത്രമുള്ള ഈ പുസ്തകം ഒരു മലപ്പുറം പെണ്ണിന് പറയാനുള്ളതൊക്കെ പറയുന്നുണ്ട്.

റാറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച ഷംഷാദ് ഹുസൈൻ എഴുതിയ 'മലപ്പുറം പെണ്ണിന്റെ ആത്മകഥ' ഡിസ്‌കൗണ്ടിൽ ഓഡർ ചെയ്യാനായി ക്ലിക്ക് ചെയ്യൂ...


Share:
Older Post Newer Post
Translation missing: en.general.search.loading