‘എഴുകോൺ’ നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ ജീവരേഖ – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

‘എഴുകോൺ’ നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ ജീവരേഖ

‘എഴുകോൺ’ നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ ജീവരേഖ

  • 17 July, 2024
  • Truecopy Magazine
ആർ. ചന്ദ്രബോസ്​
‘അറിവിലുമേറിയറിഞ്ഞിടുവന്നവൻ ത–ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി–
ത്തെരുതെരെ വീണുവണങ്ങിയോതിടേണം’
- ആത്മോപദേശശതകം.
അറിയുന്നവൻ, അറിയപ്പെടുന്നത്, അറിവ് ഇവയല്ലാതെ നാലാമതൊന്നില്ലെന്നാണ് ഗുരു പറഞ്ഞുതുടങ്ങുന്നത്. എ.കെ. ജയശ്രീ തന്റെ ആത്മകഥയിലും പറയുന്നത് അതുതന്നെ. ദുരിതങ്ങളിൽപ്പെട്ടുഴലുന്ന സഹജീവികൾക്ക് സാന്ത്വനമായും വിമോചനമാർഗ്ഗമായും അറിവിനെ വ്യാപിപ്പിച്ച കർമനിരതയായ സ്ത്രീ തന്റെ വൈകാരികവും ബൗദ്ധികവുമായ ജീവിതം പറയുന്ന, സ്ത്രീവാദ ജ്ഞാനശാസ്ത്രപരം എന്ന വിശേഷണം അർഹിക്കുന്ന ആത്മകഥയാണ് എഴുകോൺ.
നവോത്ഥാനതുടർച്ചകളും പുരോഗമന പ്രസ്ഥാനങ്ങളുടെ ഊർജ്ജവും നിർവീര്യമായൊരു ദശാസന്ധിയിൽ, നിന്ദിതരും പീഡിതരും സ്ത്രീകളും മനോരോഗികളും ലൈംഗികത്തൊഴിൽ ചെയ്യുന്നവരും ഒക്കെ ഉൾപ്പെടുന്ന ജനതതികൾക്കിടയിലേക്ക് രക്ഷാകരങ്ങളുമായി നവസാമൂഹിക പ്രസ്ഥാനങ്ങൾ എത്തുന്നത് 1980- കളിലും 1990- കളിലുമാണ്. അക്കാലത്ത് കേരളത്തിൽ ഉദയം കൊണ്ട സ്ത്രീ–പരിസ്ഥിതി–ദലിത്– ലൈംഗിക ന്യൂനപക്ഷ സംഘടനകളെ ചരിത്രത്തിലെ രണ്ടാം നവോത്ഥാനമുന്നേറ്റമായി തിരിച്ചറിയേണ്ടതുണ്ട്. സദാചാരസങ്കല്പങ്ങൾക്കും മൂല്യവ്യവസ്ഥയ്ക്കും പ്രഹരമേല്പിച്ച അത്തരം സംഘടനകളിലെ പോരാളിയും ധൈഷണിക മുഖവുമായിരുന്നു എ.കെ. ജയശ്രീ. വേറിട്ട കർമപഥവും ജീവിതവും പോലെ അവർ തന്റെ ജീവിതമെഴുത്തിലും വ്യത്യസ്തത അടയാളപ്പെടുത്തിയിരിക്കുന്നു.
എഴുകോൺ എന്ന പേരിൽത്തന്നെ ഇതുണ്ട്. സാമൂഹിക- സാംസ്കാരിക ചരിത്രത്തിൽ ദൃശ്യതയിൽ വരാത്ത ഒരു സ്ഥലനാമം ശീർഷകമായി വരുന്ന ആത്മകഥ മലയാളത്തിൽ മറ്റൊന്നില്ല എന്നുതന്നെ പറയാം. പാർശ്വങ്ങളെ മുഖ്യധാരയിൽ പ്രതിഷ്ഠിക്കുന്നതിന്റെ വിസ്ഫോടനം ഈ പേരിലുണ്ട്. അറിവിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം. അത് ഗുരുദർശനത്തിൽ നിന്നാർജ്ജിച്ച അറിവിന്റെ ബലമെന്ന് ബോധ്യമാവും.
പാരമ്പര്യത്തിൽ നിന്നും നഗരപരിഷ്കൃതിയിൽ നിന്നുമകലെ ഗ്രാമാന്തരീക്ഷത്തിൽ ജനിച്ചുവളർന്ന ഈ പെൺകുട്ടിക്ക് വെളിച്ചമായത്, സ്വതന്ത്രമായ അറിവിന് പരമപ്രാധാന്യം കല്പിച്ച, ഗുരുവിന്റെ ആത്മോപദേശങ്ങളെ ആത്മാവിൽ ഉൾക്കൊണ്ട അധ്യാപകരായ അച്ഛനും അമ്മയുമായിരുന്നു.
നവോത്ഥാനാനന്തരം ഗുരുപ്രബോധനങ്ങളെ കെടാതെ സൂക്ഷിച്ച, സ്വതന്ത്രമാനവികതയുടെ അന്തരീക്ഷം പുലർന്ന അപൂർവ്വം കേരളഭവനങ്ങളിലൊന്നായിരുന്നു എഴുകോണിലെ ആനന്ദഭവനം എന്ന് വായനയിൽ തെളിയുന്നുണ്ട്. ആ പെൺകുട്ടിയെ ‘അറിവിലുമേറിയറിഞ്ഞിടുന്നവളായി’ വളർത്തിയ ഗാർഹികപരിസരവും സമൂഹവും ആത്മാഖ്യാനത്തിൽ’ ‘ചാരുചിത്രപടഭംഗി’കളായിത്തീരുന്നുണ്ട്. ആ ‘ഇടം’ ജീവിതലക്ഷ്യപ്രധാനവും രാഷ്ട്രീയപ്രധാനവുമാകുന്നു. നവസാമൂഹികതയുടെ ദീപശിഖകൾ കൊളുത്തപ്പെട്ടത് മുഖ്യധാരയിൽ നിന്നല്ല, അരികുകളിൽ നിന്നാണെന്ന് എഴുകോൺ എന്ന ആത്മാഖ്യാനം അടിവരയിടുന്നു.
ശിവഗിരിയാത്രകളും ഗുരുകൃതികളുടെ പാരായണവും നടരാജഗുരുവും നിത്യചൈതന്യയതിയും വേദാന്തവും ശാസ്ത്രവുമായുള്ള സമ്പർക്കവുമൊക്കെയാണ് എ.കെ. ജയശ്രീയുടെ സ്വത്വകർതൃത്വ രൂപീകരണത്തിൽ നിർണ്ണായകമായതെന്ന് ആദ്യ അധ്യായങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഗുരുവിന്റെ ആത്മോപദേശശതകത്തിലെ,
‘മരണവുമില്ല പുറപ്പുമില്ല വാഴ് വും
നരസുരരാദിയുമില്ല നാമരൂപം
മരുവിലമർന്ന മരീചി നീരുപോൽ നിൽ–
പ്പൊരു പൊരുളാം പൊരുളല്ലിതോർത്തിടേണം’
എന്ന ശ്ലോകത്തിൽ തുടങ്ങി
‘കീലാല വായ്വനല കോലാഹലം ഭുവന–
മാലാപമാത്രമഖിലം’
(‘ജലവും വായുവും അിയും ചേർന്നുള്ള കോലാഹലമായ ലോകം ആലാപം മാത്രമാണ്. ഉലകവും നമ്മളും കളിവാക്കുകൾ മാത്രം. പക്ഷേ ആ കളി തന്നെയാണ് ജീവിതത്തിന്റെ രസം’) എന്ന അഞ്ചാം ശ്ലോകത്തിലെ ആശയപരാമർശത്തിൽ അവസാനിക്കുന്ന ആത്മാഖ്യാനം എഴുത്തുകാരി ശ്രീനാരായണധർമ്മത്തെ ആദ്ധ്യാത്മികമായും ധൈഷണികമായും ഉൾക്കൊണ്ടതിന്റെ തെളിവെത്ര.
അറിവിന്റെ ആനന്ദം
500 പുറങ്ങളിൽ 52 അധ്യായങ്ങളുള്ള ഈ ആത്മകഥാഖ്യാനത്തിൽ വ്യക്തിജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും പല അടരുകൾ കാണാം. അതിൽ പ്രധാനം അറിവിന്റെ സാമൂഹികപ്രയോഗത്തിന്റെ ആഖ്യാനമായും അനുഭൂതിയുടെ ജീവശാസ്ത്രമായും ഈ ആത്മാഖ്യാനം മാറുന്നതിന്റെ കൗതുകമാണ്. കേരളത്തിലും ഇന്ത്യയിലും ആഗോളതലത്തിലും ഉയർന്നുവന്ന നവസാമൂഹിക പ്രസ്ഥാനങ്ങളുടെയും അവർ ഏറ്റെടുത്ത നാനാതരം വിമോചനപ്പോരാട്ടങ്ങളുടെയും രക്ഷാദൗത്യങ്ങളുടെയും ചരിത്രം ഇതിൽ കടന്നുവരുന്നു. വ്യക്തികഥ, സമൂഹകഥയായിത്തീരുന്നു ഈ ഗ്രന്ഥത്തിൽ എന്നു കാണാം.
പരിസരങ്ങളെ കണ്ടും കേട്ടും പഠിച്ചും അറിവിൽ നിന്ന് അറിവിലേക്കു ചുവടുറപ്പിക്കുന്ന പെണ്ണിന്റെ അറിവാനന്ദം ജ്ഞാനസാന്ദ്രമായി പറഞ്ഞുപോകുന്നു. സ്കൂൾ എന്നത് ജീവിതക്കളരിയായി, നന്മതിന്മകൾ പുലരുന്ന ഇടമായി, ലോകത്തിലേക്ക് മലർക്കെ തുറന്ന വാതിലായി അനുഭവപ്പെട്ടതിന്റെ ആഖ്യാനം പോലെ എല്ലാമെല്ലാം നൈർമല്യത്തോടെ പറയുന്നു. പരിസരങ്ങളിലും ഉടലിലും മനസ്സിലും സംഭവിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ആത്മവും അപരവും പെണ്ണിൽ അറിവായി നിറയുന്നതിന്റെ ആഖ്യാനം ആത്മനിഷ്ഠമെന്നതിനേക്കാൾ ശാസ്​ത്രീയമായി തോന്നാം. യുക്തിയും സ്വതന്ത്രചിന്തയും പെണ്ണിൽ സഹജമായി ഉറവെടുക്കുന്നത് കാണുന്നു.
സ്​ത്രീവാദ ജ്ഞാനശാസ്​ത്രത്തിലേക്ക് മുതൽക്കൂട്ടാവുന്ന അധ്യായമാണ് ‘കൗമാരകാമനകൾ’. അനുഭൂതികളെ ശാസ്​ത്രീയമായി വിലയിരുത്തുന്ന രീതി ഇവിടെ കാണാം. ‘പരിചിതവും സ്വായത്തമാക്കിയതുമായതിന്റെ അതിരുകൾ ഭേദിച്ച് അലയുകയാണ് കൗമാരമനസ്സുകൾ ചെയ്യുന്നത്. അതിരുകടക്കാൻ എത്രത്തോളമെന്നതിൽ മാത്രമാണ് വ്യത്യാസമുണ്ടാവുക. ഈ അലച്ചിലിലൂടെയാണ് മനുഷ്യൻ വളരുന്നത്. ശരീരതൃഷ്ണകളെ രതിചോദനകളുടെ തലത്തിൽ മനസ്സിലാക്കുകയാണെങ്കിൽ ഭിന്നവർഗ്ഗതാല്പര്യങ്ങളും സ്വവർഗ്ഗതാല്പര്യങ്ങളും പ്രകടമായി ഉരുത്തിരിയുന്നതിനു മുമ്പുള്ള സന്ദർഭം കൂടിയാണ് കൗമാരക്കാലം. ലൈംഗികാഭിമുഖ്യം രൂപപ്പെടുന്നതിനു ജീവശാസ്​ത്രപരമായ അടിസ്​ഥാനമുണ്ടെങ്കിലും ജീവിതത്തിലുടനീളം അവ കൃത്യമായി വേർതിരിക്കാൻ കഴിയണമെന്നില്ല. ഭാവനകൾ, കാമനകൾ ശരീരവും മനസ്സും തമ്മിലുള്ള ഇഴുകിച്ചേരലുകൾ എന്നിവയെല്ലാം തന്നെ സാംസ്​കാരികവും ഭൗതികവുമായ താല്പര്യങ്ങൾക്കനുസരിച്ച് കൂടിയാണ് പ്രകടമാകുന്നത്’ (പു. 32).
ഇങ്ങനെ ഉള്ളിലേക്കും പുറത്തേക്കും അറിവന്വേഷണങ്ങൾ വ്യാപിക്കുന്നു. പെൺകുട്ടികൾക്കും സ്​ത്രീകൾക്കും നേരെയുള്ള പുരുഷാധിനിവേശങ്ങളും തൊഴിലെടുക്കുന്ന സ്​ത്രീകളുടെ ശക്തിയും സ്വത്വബോധവും അഭിമാനബോധവുമൊക്കെ പരിസരപഠനത്തിന്റെ പാഠങ്ങളായി മാറുന്നത് ആദ്യ അധ്യായങ്ങളിൽ കാണാം. പൊതു ഇടങ്ങളിലെ സ്​ത്രീകളെ സ്​കൂൾ വിദ്യാർത്ഥിനിയായിരുന്ന കാലത്ത് നിരീക്ഷിക്കുന്നതിന്റെ ആഖ്യാനം അത്തരത്തിലൊന്നാണ്.
അണ്ടിയാപ്പീസ് എന്നറിയപ്പെടുന്ന കശുവണ്ടി ഫാക്ടറിയിലേക്കു പോകുന്ന സ്​ത്രീകളിൽ ചില സവിശേഷതകൾ ശ്രദ്ധിക്കുന്നുണ്ട്: ‘‘കശുവണ്ടി ഫാക്ടറിയിലേക്കു പോയിരുന്ന സ്ത്രീകൾ ഊർജ്ജം പ്രസരിപ്പിച്ച് ഒറ്റയ്ക്കും കൂട്ടായും വേഗത്തിൽ നടക്കും. അവർക്കൊപ്പമെത്താൻ ഞങ്ങൾക്കു കഴിയാറില്ല. കൈലിയും ബ്ലൗസും തോർത്തും ധരിച്ചാണ് അവർ ജോലിക്കു പോവുക. കൈകൾ വീശി തികഞ്ഞ ആത്മവിശ്വാസത്തോടെ നടന്നുപോകുന്ന അവരുടെ കൈയിൽ അലുമിനീയം ചോറ്റുപാത്രവും കൂലിക്കൊട്ടയുമുണ്ടാകും. ജോലി കഴിഞ്ഞ് വൈകുന്നേരം തിരിച്ചുപോകും വഴി ചായക്കടയിൽ കയറി ചായ കുടിക്കുന്നതിനും അവർക്ക് മടിയില്ല. ഉറക്കെ തുറന്നു സംസാരിക്കുകയും കളിതമാശകൾ പറയുകയും പരസ്പരം വഴക്കടിക്കുകയും പെട്ടെന്ന് ഇണങ്ങുകയും ചെയ്യുന്ന, ഉഝാഹത്തിെൻ്റ പ്രതീകങ്ങളായിരുന്ന അഭിമാനികളായ സ്ത്രീകൾ, പൊതുസ്ഥലം അവരുടേത് കൂടിയായിരുന്നു’’ (പു. 46).
ഇങ്ങനെ സ്ത്രീശാക്തികരണത്തെക്കുറിച്ചുള്ള അറിവ് ലോകധർമിയിലൂടെ നേടിയതായി പറയുന്നു.
വിദ്യാർത്ഥിയായിരിക്കേ, ശാസ്ത്രമാണ് ഏറെ പ്രചോദിപ്പിച്ചിരുന്നത്. സന്ദേഹങ്ങൾ, അന്വേഷണങ്ങൾ പടിപടിയായി വളർന്നുവരുന്നതും ഗുരു എന്ന സങ്കല്പത്തിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തതായി പറയുന്നു. യോജിച്ച ഗുരുവിനെ കണ്ടെത്തുകയും പഠനത്തിൽ മുഴുകുകയുമാണ് വേണ്ടതെന്ന വിചാരം ആ വിദ്യാർത്ഥിനിയിൽ ഗാഢമാകുന്നുണ്ട്.
1968- ൽ, ഗുരുപ്രതിഷ്ഠയോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന എക്സിബിഷനിൽ പങ്കെടുക്കാനെത്തുമ്പോഴാണ് ശിഷ്യർക്ക് ക്ലാസെടുക്കുന്ന നിലയിൽ നടരാജഗുരുവിനെ കണ്ടത്. ശ്രീനാരായണഗുരുവിന്റെ തത്ത്വചിന്തയിലേക്കും വേദാന്തത്തിലേക്കുമുള്ള അന്വേഷണത്തിന്റെ പശ്ചാത്തലം സ്പഷ്ടമായി വിവരിക്കുന്നുണ്ട്. സയൻസും ദർശനവും പഠിപ്പിക്കുന്ന ഗുരുവിനെ തേടൽ, നടരാജഗുരുവിലും നിത്യചൈതന്യയതിയിലും വേദാന്തവായനയിലേക്കും എത്തിച്ചേരുന്നു.
വേദാന്തവായന മനസ്സിലും ശരീരത്തിലുമുണ്ടാക്കിയ അനുഭൂതികളുടെ ആഖ്യാനം ശ്രദ്ധേയമാണ്. അറിവ് ശരീരത്തിലുണ്ടാക്കുന്ന ആഘാതത്തിന്റെ വിവരണം പുതുമ നിറഞ്ഞതാണ് എന്നു പറയാം. പുതിയ തിരിച്ചറിവിലും അല്പനേരത്തേക്ക്, നിമിഷത്തിലും ചെറുതായ മാത്രയിൽ ബോധം മറയ്ക്കുന്ന മൃദുവും സുഖകരവുമായ ഒരു വിദ്യത്പ്രവാഹമായി ആ അനുഭവത്തെ ഗ്രന്ഥകാരി വിവരിക്കുന്നു: ‘‘പ്രപഞ്ചാനുഭവങ്ങൾ എണ്ണിയെടുക്കുമ്പോൾ സത്യത്തിന്റെ സ്വരൂപത്തിൽ സാക്ഷിയാകുമെന്നാണ് വേദാന്തം പറയുന്നത്. എന്നിരുന്നാലും പുതിയ അറിവുകളും അനുഭവങ്ങളും ജീവിതത്തിൽ തുടർന്നുകൊണ്ടേയിരിക്കും എന്നാണ് എന്റെ തോന്നൽ. പ്രപഞ്ചാനുഭവങ്ങൾ എണ്ണിത്തീർക്കണോ എണ്ണിക്കൊണ്ടിരിക്കണോ എന്ന സന്ദിഗ്ദ്ധതയിലാണ് ഇപ്പോൾ ഞാൻ’’ (പു. 55), എന്നിങ്ങനെ ശ്രീനാരായണഗുരുവിന്റെ കവിത പോലെ സംവദിപ്പിക്കുന്ന വേദാന്തചിന്തകൾ പകർന്ന അനുഭൂതികൾ മനസ്സിലുണ്ടാക്കിയ പ്രകമ്പനങ്ങളെ തൊട്ടെഴുതുന്നു.
സയൻസിലുള്ള കൗതുകം ഉണ്ടായിരിക്കെത്തന്നെ ജീവിതത്തിന് സമഗ്രമായ ദർശനം നൽകുന്ന അറിവ് എവിടെയാണുള്ളതെന്നായിരുന്നു അന്വേഷണം. യതിയുടെ ലേഖനങ്ങളിലേക്കാണ് ആ അന്വേഷണം എത്തിച്ചത്. വൈകാരികവും ആത്മീയവുമായ പ്രശ്നങ്ങൾ നേരിടാൻ സയൻസിന്റെ അറിവുകൾ മതിയാകില്ല എന്ന ധാരണയാണ് ഉണ്ടായിരുന്നതെന്ന് പറയുന്നുണ്ട്. നടരാജഗുരുവിന്റെ സമീപനത്തോടായിരുന്നു ആഭിമുഖ്യം: ‘‘ഫിസിക്സിലും ഫിസിയോളജിയിലും താല്പര്യമുണ്ടായിരുന്ന നടരാജഗുരു, ഈ ശാസ്​ത്രങ്ങളെയും ഗുരുവിന്റെ തത്ത്വചിന്തയെയും ഇണക്കാൻ ശ്രമിച്ചു ആ വഴിക്ക് ചിന്തിക്കാനാണ് ഞാനും ഇഷ്ടപ്പെട്ടത്’’ (പു. 81).
ആ ഇഷ്ടത്തിന്റെ കാര്യകാരണങ്ങൾ ഇങ്ങനെ പറയുന്നു: ‘‘പുറത്തുള്ള വസ്​തുക്കളെ അറിയുന്ന ഉള്ളിലുള്ള ആളെപ്പറ്റി സയൻസ് ഉൽക്കണ്ഠപ്പെടുന്നില്ല. അതിനാൽ അതുകൂടി ഉൾക്കൊള്ളാൻ ആത്മവിദ്യയ്ക്ക് അഥവാ ബ്രഹ്മവിദ്യയ്ക്ക് കഴിയുമെന്നാണ് നടരാജഗുരു പറഞ്ഞുവയ്ക്കുന്നത്. മനുഷ്യരിൽ ഭേദചിന്തയുണ്ടാക്കുന്ന അനീതിയെയും അധർമത്തെയും തള്ളിക്കളയാൻ നാരായണഗുരു ഉപയോഗിച്ചത് വേദാന്തമാണ്. അറിവും അറിയുന്ന വസ്​തുവും അറിയുന്നയാളും തമ്മിൽ ഭേദമില്ലാത്ത അനുഭവമായാണ് അത് പറയപ്പെടുന്നത്’’ (പു. 82). അറിവി​ന്റെ ആസ്​പദങ്ങളുടെ പശ്ചാത്തലം അതിഗാഢമായി ആഖ്യാനം ചെയ്യുന്നു.
സ്വതന്ത്രചിന്തയുടെയും സാമൂഹികസേവനത്തിെൻ്റയും ഗുരുദർശനങ്ങളും സയൻസും സമന്വയിപ്പിച്ച് ആത്മസത്യാന്വേഷണത്തിലേക്ക് സ്ത്രീയുടെ ധിഷണ ചുവടുറപ്പിച്ചതിന്റെയും ജ്ഞാനസാന്ദ്രമായ ആഖ്യാനമാണ് ഈ ആത്മകഥയുടെ ആദ്യ ഭാഗങ്ങളിൽ കാണാനാവുക. ജീവിതത്തെക്കുറിച്ചുള്ള കാതലായ നിരീക്ഷണങ്ങൾ, ഇതിൽ കലർന്നുവരുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും സങ്കീർണ്ണതകളെ ആഴത്തിൽ അപഗ്രഥിച്ച് ശാസ്ത്രീയ നിഗമനങ്ങളിൽ എത്തിച്ചേരുന്നു.
എല്ലാം കൊണ്ടും ഈ ആത്മകഥ, ഒരു മനഃശ്ശാസ്ത്ര ഗ്രന്ഥത്തിന്റെയും സാമൂഹികശാസ്ത്ര ഗ്രന്ഥത്തിന്റെയും ഫലം തരുന്നു. ജീവിതം കർമനിരതമാകണമെന്നും സമൂഹോന്മുഖമാകണമെന്നും അടിവരയിട്ടു പറയുന്നു. ജീവിതത്തിന്റെ ഓരോ ദശകളെയും അറിവിന്റെ ആനന്ദമായും ആത്മവീകരണമായും കാണുന്നു.
‘‘യൗവനത്തിന്റെ തുടക്കത്തിൽ ജീവിതത്തിന്റെ എത്രയോ വ്യത്യസ്​ത തലങ്ങളിലൂടെ നമ്മൾ കടന്നുപോകുന്നു. വീടിന്റെ പശ്ചാത്തലം, മതപരവും സാംസ്​കാരികവുമായ അന്തരീക്ഷം, അധികാരബലതന്ത്രങ്ങൾ, ശരീരത്തിന്റെയും മനസിന്റെയും കാമനകൾ, മത്സരം, ഭാവിയെക്കുറിച്ചുള്ള ആധി, തീവ്രബന്ധങ്ങൾ എന്നിവയിലൂടെയെല്ലാം ചരിക്കുന്ന അമൂർത്തമായ ഒന്നിനെയാണ് നമ്മൾ സുന്ദരമായ ആത്മമായി പണിതെടുക്കേണ്ടത്. നിരന്തരമായ ഈ പണിയൽ തന്നെയാണ് ജീവിതം’’ (പു. 96) എന്ന് തന്റെ ആത്മോപദേശം ആർജ്ജവത്തോടെ പങ്കുവയ്ക്കുന്നു.
അസഹനീയമായ
പുതുമകൾ
ജീവിതാദർശവും ലക്ഷ്യവും ധൈഷണികവും വൈകാരികമായ നിലകളും എല്ലാം അപ്രതീക്ഷിതമായ ചില തീരുമാനങ്ങളിലേക്കും പുതിയ ജീവിതത്തിലേക്കും സംക്രമിച്ച കാലത്തെ, ഭാവസാന്ദ്രമായി അവതരിപ്പിക്കാൻ ജയശ്രീ ഉപയോഗിക്കുന്ന ബിംബഭാഷകളിലൊന്നാണ് ‘അസഹനീയമായ പുതുമ’.
‘‘പ്രണയത്തോടു സമാനമായ അർത്ഥത്തിലാണ് അസഹനീയമായ പുതുമ എന്ന് പ്രയോഗിക്കുന്നത്. പ്രണയത്തിന്റെ സാധാരണ അർത്ഥത്തിൽ കവിയുന്ന ഒന്ന്, അസഹനീയം എന്നു പറയുന്നത് ദുസ്സഹമായതുകൊണ്ടല്ല. താങ്ങാവുന്നിൽ അധികമായ പ്രവാഹത്തെ സൂചിപ്പിക്കാനാണ്. വീണ്ടും വീണ്ടും ജീവിതത്തെ നിറയ്ക്കുന്ന വിസ്​മയം’’ (പു. 111).
മെഡിക്കൽ പഠനത്തിനിടെയുണ്ടായ പ്രണയവും വിവാഹവും മാതൃത്വവും ഒക്കെയായിരുന്നു വിസ്മയം നിറച്ച അനുഭൂതികളായി പറയുന്നത്. മെഡിക്കൽ കോളേജിലെ പഠനവും ഗുരുകുല സന്ദർശനവും നിത്യചൈതന്യയതിയുമായുള്ള സംവാദവുമൊക്കെ പഠനശേഷം ഗുരുകുലത്തിൽ ചേരുന്നതിന് മാനസികമായ തയ്യാറെടുപ്പുകളായിരുന്നു. അതിനിടയിലാണ് മൈത്രേയനുമായുള്ള പ്രണയവും ഒന്നിച്ചുജീവിക്കാനുള്ള തീരുമാനവും ഉണ്ടാകുന്നത്.
ഗുരുകുലത്തിലേക്കുള്ള പ്രവേശം പ്രോത്സാഹിപ്പിക്കാതെ വിവാഹത്തെക്കുറിച്ചുള്ള നിർദ്ദേശം വച്ചത് യതിയായിരുന്നു, വിവാഹമെന്ന സാമൂഹികാചാരത്തിൽ ബന്ധിതയാകുവാൻ ഇഷ്ടമില്ലായിരുന്നെങ്കിലും. എങ്കിൽ പിന്നെ, അപ്പോഴേക്കും കത്തിടപാടുകളിലൂടെയും മറ്റും സൗഹൃദത്തിലായിരുന്ന മൈത്രേയനോടൊപ്പം ജീവിച്ചാലോ എന്ന ചിന്ത പൊടുന്നനെ ഗുരുവിന്റെ മുന്നിൽ അവതരിപ്പിക്കുകയായിരുന്നുവത്രേ. ആയിടെ ഗുരുകുലം ഉപേക്ഷിച്ചിരുന്ന മൈത്രേയനുമായുള്ള ബന്ധം ഗുരു തീരെ പ്രതീക്ഷിക്കാത്തതായിരുന്നു.
‘‘അയാൾ വളരെ വ്യത്യസ്​തനാണ്, എന്നാൽ കൂടെയുള്ള ജീവിതം വളരെ പ്രയാസമുള്ളതായിരിക്കും’’ (പു. 112) എന്നാണ് അതേക്കുറിച്ച് യതി പ്രതികരിച്ചത്.
സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിരുന്നു. ഏതോ തരത്തിൽ മൈത്രേയനുമായി ബാന്ധവത്തിൽ ഏർപ്പെട്ടുകഴിഞ്ഞു എന്ന അറിവ് അസഹനീയമായ പുതുമയായിത്തീരുന്നു. വ്യത്യസ്​ത താല്പര്യങ്ങളും നിലപാടുകളുമുള്ളവരുടെ, സാമ്പ്രദായികതയിൽ നിന്ന് വ്യതിചലിച്ചുള്ള ഒരുമിച്ചുള്ള ജീവിതം കേരളത്തിന്റെ ധൈഷണിക ചരിത്രത്തിലെയും പുതുമകളിലൊന്നായിരുന്നു. ആ ജീവിതത്തിന്റെ ബലതന്ത്രത്തെ ജയശ്രീ വിശദീകരിക്കുന്നതിങ്ങനെയാണ്: ‘‘ഗുരുകുലവും വേദാന്തചിന്തയും മിക്കവാറും മൈത്രേയൻ ഉപേക്ഷിച്ചിരുന്നതിനാൽ എന്റെ നിലപാടുകളിൽ നിന്നുകൊണ്ട് ഒരു വിനിമയം അസാധ്യമായിരുന്നു. ലോകത്തെ മാറ്റുകയല്ലാതെ വിശദീകരിക്കുന്നതിൽ അർത്ഥമില്ലെന്ന മാർക്സിയൻ ചിന്തയായിരുന്നു അന്ന് മൈത്രേയൻ മുറുകെ പിടിച്ചിരുന്നത്. ഇത് ഞാൻ അതുവരെ പിന്തുടർന്ന ചിന്തയോട് ഒത്തുപോകുന്നതായിരുന്നില്ല. മൈത്രേയൻ പറയുന്നത് സ്​ത്രീകളുടെ വശത്തുനിന്നായതുകൊണ്ടും അതിൽ സത്യസന്ധത അനുഭവിക്കാൻ കഴിയുന്നതുകൊണ്ടും അത് ഉപേക്ഷിക്കാനും കഴിയുമായിരുന്നില്ല’’ (പു. 114).
വിശാല സൗഹൃദങ്ങളുടെയും സ്വതന്ത്ര ചിന്തയുടെയും, സ്വയം പുതുക്കിപ്പണിയലിന്റെയും പ്രകൃതിപാഠശാലയും മറ്റൊരു ഗുരുകുലവുമായിരുന്നു മൈത്രേയന്റെ ‘ചിങ്ങോലി’യെന്ന് ജയശ്രീയുടെ വിവരണങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. അവിടത്തെ ജീവിതം കാല്പനികമായ അഭിവാഞ്ചകൾ നിറച്ചുവെങ്കിലും സ്വതന്ത്ര വ്യക്തികളായിത്തന്നെയാണ് ഒന്നിച്ചുള്ള ജീവിതം മുന്നോട്ടുപോയത് എന്നെഴുതുന്നുണ്ട്.
സ്​ത്രീവിമോചന ആശയങ്ങളിലേക്കും സാമൂഹികസേവന- സന്നദ്ധ പ്രവർത്തനങ്ങളിലേക്കുമുള്ള പുതുവഴികൾ തിരയുന്ന ധൈഷണിക വ്യക്തിത്വമായി ജയശ്രീയുടെ വളർച്ച ഇവിടെ നിന്ന് ആരംഭിച്ചു എന്നു പറയാം. സ്​ത്രീവാദ രാഷ്ട്രീയ പരിസരത്തെക്കുറിച്ചും അതിന്റെ മനുഷ്യത്വപരവും ധാർമികവും പ്രായോഗികവുമായ വശങ്ങളെക്കുറിച്ചുമുള്ള ആശയങ്ങൾ രൂപം കൈക്കൊള്ളുന്നത് ഇക്കാലത്താണ്. കേരളത്തിലെ സ്​ത്രീവിമോചന പ്രസ്​ഥാനങ്ങളുടെ ആശയ കാലാവസ്​ഥയുടെയും കർമപദ്ധതികളുടെയും ഭൂപടം ഇതിൽ വരയ്ക്കുന്നുണ്ട്. കേരള സ്​ത്രീവാദചിന്തയുടെ ജീവചരിത്രമായും ഈ ആത്മകഥ മാറുന്നു. ഫെമിനിസത്തെ അക്കാദമികമായല്ല അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ഒരാളെ ഈ വിവരണങ്ങളിൽ കണ്ടെത്താം.
കേരളത്തിലെ സ്വതന്ത്ര ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെ ആദ്യത്തെ സ്വതന്ത്ര സ്ത്രീവിമോചന സംഘടന ‘പ്രചോദന’യുടെ രൂപീകരണവും അതിലെ പ്രവർത്തനങ്ങളും ഏറെ തിരിച്ചറിവുകൾ നൽകി, ഫെമിനിസത്തിൽ തന്നെ വ്യത്യസ്​ത കാഴ്ചപ്പാടുകൾ ഉണ്ടെന്നതും അത് മറ്റു മനുഷ്യരുടെ അധമാവസ്​ഥകളുമായി ബന്ധിപ്പിച്ച് കാണേണ്ടതുണ്ടെന്നുമൊക്കെയുള്ള ബോധ്യമുണ്ടായത് ‘പ്രചോദന’യുടെ കാലത്താണെന്ന് ജയശ്രീ എഴുതുന്നു. അവിടെ നേരിട്ട അക്കാദമിക് ബ്ലോക്കിനെക്കുറിച്ച് അവർ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ, പ്രത്യേകിച്ച് അടിയന്തരാവസ്​ഥയ്ക്കുശേഷം, ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പരിസരത്തു നിന്നുകൊണ്ടു തന്നെയാണ് എല്ലാവരും ഫെമിനിസത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും മാർക്സിസവും ചരിത്രപരമായ ഭൗതികവാദവുമൊന്നും അറിയാതെ ഫെമിനിസ്റ്റ് സംവാദങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും തിരിച്ചറിഞ്ഞതാണ് അതിലൊന്ന്. മെഡിക്കൽ ബുക്കുകളും ആധ്യാത്മികതയും പരിശീലിച്ചുവന്ന തനിക്ക് ഇതൊക്കെ കീറാമുട്ടികളായിരുന്നു എന്ന് സത്യസന്ധമായി പറയുന്നുണ്ട്. എങ്കിലും ഇതൊന്നും അറിയാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന അവസ്​ഥ വന്നു.
അങ്ങനെയാണ് സാമൂഹ്യവിശകലനാത്മകമായി സ്ത്രീപ്രശ്നങ്ങളെ മനസ്സിലാക്കാൻ മിഷേൽ ബാരേയുടെയും അലിസൻ ജാഗറിെൻ്റയുമൊക്കെ ഗ്രന്ഥങ്ങൾ വായിച്ചുപഠിച്ചത് എന്ന് പറയുന്നുണ്ട്. എങ്കിലും സഹജമായ വഴിയിലൂടെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ സ്വരൂപിക്കാനും അറിവിനെ ജീവിതവീക്ഷണമായും ശരീരനിഷ്ഠമായും ഉൾക്കൊള്ളാനുമാണ് ശ്രമിച്ചത് എന്ന് തുറന്നുപറയുന്നു. ഇവിടെ അക്കാദമിക് അറിവിന്റെ പരിമിതികളെക്കുറിച്ച് അവർ പറയുന്നത് ശ്രദ്ധേയമാണ്: ‘‘അറിവുണ്ടാകുന്നത് പുസ്​തകങ്ങൾ വായിക്കുന്നതുകൊണ്ടു മാത്രമല്ല. അറിയാനുള്ള അത്യാർത്തിയും നമുക്കുണ്ടാകണം. ആർത്തിയുണ്ടാകുന്നത് മിക്കപ്പോഴും ആവശ്യം വരുമ്പോഴാണ്. എപ്പോഴും അങ്ങനെയാവണമെന്നില്ല. ചിലപ്പോൾ നാം പഠിക്കാൻ നിർബന്ധിതരാവുകയാണ്. പുതുതായുണ്ടാകുന്ന അറിവ് നമ്മുടെ മനസ്​ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കേവലമായി കൂട്ടിച്ചേർക്കുന്ന അറിവല്ല. മനോഭാവത്തിലും ജീവിതവീക്ഷണത്തിലും മാറ്റമുണ്ടാകുന്ന അറിവാണ് ഇങ്ങനെയുണ്ടാകുന്നത്. ഇത് പുറമേക്ക് ലഭിച്ചു എന്നു തോന്നിയാലും ശരീരം എളുപ്പം സ്വീകരിക്കില്ല. ഉള്ളിലെ വയറിംഗ് അഴിച്ചുകൊടുക്കണം. അതിനു സമയമെടുക്കും. വിശ്വാസങ്ങളിലും ആദർശങ്ങളിലും ആളുകൾക്ക് മാറ്റമുണ്ടാക്കാൻ എളുപ്പമല്ലാത്തത് അതുകൊണ്ടാണ്. ദൈനംദിന ജീവിതത്തിൽ നമ്മൾ ഇടപെടുന്ന ആളുകളും വ്യവഹാരങ്ങളും ചിന്തയെ മാറ്റിമറിക്കും. ഏർപ്പെട്ടിരിക്കുന്ന സന്ദർഭവും ചുറ്റുപാടും ഇതിൽ പങ്കുവഹിക്കുന്നുണ്ട്. ചുറ്റുപാടുകൾ എനിക്കനുകൂലമായിരുന്നു. എങ്കിലും പുതിയ ജീവിതവീക്ഷണം ശരീരത്തിലേക്ക് എഴുതിച്ചേർക്കാൻ സമയമെടുത്തു’’ (പു. 138).
അറിവിലുമേറിയറിഞ്ഞിടുന്നവൾ
ഫെമിനിസ്റ്റ് പരിവർത്തനത്തെക്കുറിച്ച് ആർജ്ജവത്തോടെ സംസാരിക്കുന്ന മറ്റൊരു ഫെമിനിസ്റ്റിനെ നമുക്ക് കാണാൻ കഴിയില്ല. ‘പ്രചോദന’യുടെ പ്രവർത്തനങ്ങൾ സാമൂഹികജീവിതത്തെ നേരിടാൻ പഴയ ജീവിതവീക്ഷണം പാടേ പുതുക്കിയെഴുതിയതായി ജയശ്രീ എഴുതുന്നുണ്ട്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സ്ത്രീപക്ഷ രാഷ്ട്രീയ നിലപാടിൽ നിന്നുകൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കേരളത്തിൽ നവസാമൂഹികതയ്ക്ക് തുടക്കമിട്ടു. മാത്രമല്ല, ഡോക്ടർ എന്ന നിലയിൽ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് ‘പ്രചോദന’ പ്രാധാന്യം നൽകി. പിന്നീട് ഇടതുപക്ഷചിന്തയുള്ള ഡോക്ടർമാരുടെ സംഘത്തിന്റെ ഭാഗമാകുന്നുണ്ട്. 1984- ൽ ഭോപ്പാൽ ദുരന്തഭൂമിയിലേക്ക് ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ ഭാരത് വിജ്ഞാൻ ജാഥയിൽ പങ്കെടുക്കുന്നുണ്ട്. പുരോഗമന കലാസാഹിത്യസംഘത്തിന്റെ കലാജാഥകളിൽ, സമ്പൂർണ സാക്ഷരതായത്തോടൊപ്പം നടപ്പാക്കിയ സാർവത്രിക രോഗപ്രതിരോധപരിപാടിയിൽ, സ്​ത്രീവിമോചന ആശയങ്ങൾ പേറിക്കൊണ്ടുള്ള കലാജാഥകളിൽ, അങ്ങനെ കേരളത്തിലെയും ഇന്ത്യയിലെയും വ്യത്യസ്​ത സ്​ഥലങ്ങളും ജനജീവിതവും അറിഞ്ഞ സാമൂഹികപ്രവർത്തകയും സന്നദ്ധപ്രവർത്തകയുമായി മാറുന്ന ജയശ്രീയുടെ ജീവിതം നാം ആദരവോടെ, അുതത്തോടെ വായിക്കുന്നു.
ഏത് പ്രവർത്തനങ്ങളിലും സമൂഹത്തിലെ ദുർബലരിലേക്ക് ചായുന്നതായിരുന്നു ആ മനസ്സ് എന്നു നാമറിയുന്നു. ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ടെക്നോളജി തിരുവനന്തപുരം ജില്ലയിലെ ഹൃദ്രോഗ വ്യാപനത്തെക്കുറിച്ച് പഠിക്കാൻ നടത്തിയ ഗവേഷണപ്രവർത്തനങ്ങളിൽ സഹായിയായി, പാലക്കാട് മുണ്ടൂരിലെ ഇന്റഗ്രേറ്റഡ് ടെക്നോളജി സെൻ്ററിൽ, ഒക്കെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി ജയശ്രീ നിറയുന്നുണ്ട്. ലൈംഗികത, മനോരോഗചികിത്സ, എയ്ഡ്സ് രോഗീപരിചരണം, ലൈംഗികത്തൊഴിലാളി പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപദ്ധതികളിലും സന്നദ്ധസംഘടനകളുടെ ഭാഗമായും നടത്തിയ പ്രവർത്തനങ്ങളാണ് നിസ്​തുലമായത് എന്നു കാണാം. ആ പ്രവർത്തനങ്ങളിൽ മുഴുകവെ, ഉരുത്തിരിഞ്ഞ നിരവധി ആശയങ്ങളെയും ചിന്തകളെയും കർമപദ്ധതികളെയും പറ്റി അനുഭവത്തിൽ നിന്നുകൊണ്ട് വിവരിക്കുന്നു. അനുഭവങ്ങളിലൂന്നിയ സിദ്ധാന്ത രൂപീകരണം ഇവിടെ കാണാം. ഈ ആത്മാഖ്യാനത്തെ ഏറ്റവും മൂല്യവത്താക്കുന്നത് ആ വിവരണങ്ങളാണ് എന്നു പറയാം.
ആത്മഹത്യാപ്രവണതയുള്ളവർക്ക് സേവനം നൽകുന്നതിന്, ത്രാണി സെൻ്റർ ഫോർ ക്രൈസിസ് മാനേജ്മെൻ്റ് എന്ന സ്​ഥാപനത്തിന്റെ രൂപീകരണം, ശരീരത്തിന്റെയും ലൈംഗികതയുടെയും രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് സ്​ത്രീപ്രസ്​ഥാനങ്ങൾക്കും ക്വീർ പ്രസ്​ഥാനങ്ങൾക്കും പങ്കുവയ്ക്കാവുന്ന പൊതു ഇടം കേരളത്തിൽ വികസിപ്പിക്കുന്നതിൽ നടത്തിയ ശ്രമങ്ങൾ, 90- കളിൽ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ സ്​ത്രീ പങ്കാളിത്തത്തോടെ അവരുടെ ആരോഗ്യപ്രശ്നങ്ങൾ പഠിക്കാൻ നടത്തിയ ശ്രമങ്ങൾ, സ്​ത്രീവിമോചന പ്രസ്​ഥാനങ്ങളുടെ ദേശീയ, സംസ്​ഥാനതല സമ്മേളനങ്ങൾ, എച്ച്.ഐ.വി. നേരിടുന്നതിനായി ലൈഫ് സ്കിൽ എഡ്യുക്കേഷൻ, സ്​ത്രീകളുടെ ശരീരങ്ങളെ മെരുക്കുവാനുള്ള സാമൂഹിക ശ്രമങ്ങളെ സ്​ത്രീകളുടെ ശരീരത്തിന്റെ കർത്തൃത്വം കൊണ്ട് നേരിടാൻ നൽകിയ പിന്തുണകൾ, സെക്രട്ടറിയേറ്റിനുമുന്നിൽ ആദിവാസികളുടെ കുടിൽ കെട്ടി സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് നടത്തിയ നിരാഹാരസമരം, കൽക്കട്ടയിലെ സോനാഗച്ചിൽ 1997–ൽ നടന്ന ലൈംഗിക തൊഴിലാളികളുടെ അന്താരാഷ്ട്ര സമ്മേളനം, 2003- ലെ അന്താരാഷ്ട്ര ലൈംഗികത്തൊഴിലാളി ദിനാചരണത്തിെൻ്റ ഭാഗമായി പ്രാദേശികവും ദേശീയവും അന്തർദേശീയവുമായി പ്രവർത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും ഉൾപ്പെടുത്തി തിരുവനന്തപുരത്ത് നടത്തിയ ചരിത്രപ്രസിദ്ധമായ സമ്മേളനം- ഇതിലെല്ലാം ഭാഗഭാക്കായി ജയശ്രീ സ്​ത്രീകളുടെയും പാർശ്വവൽക്കൃതരുടെയും അവകാശപ്പോരാട്ടത്തിന്റെ ജിഹ്വയായി മാറുകയായിരുന്നു. ഇവിടെയെല്ലാം നൈതികരാഷ്ട്രീയത്തെ മുറുകെ പിടിച്ചാണ് പ്രവർത്തിച്ചത്. ആന്ധ്രയിലെ വിശാഖപട്ടണത്ത് രാജമന്ദ്രിയിൽ എയ്ഡ്സ് നിയന്ത്രണപരിപാടിയുടെ ഭാഗമായി പ്രവർത്തിച്ചതാണ് സന്നദ്ധപ്രവർത്തനത്തിന്റെ അതുല്യ മാതൃക.
സാമൂഹികസേവന സന്നദ്ധപ്രവർത്തനങ്ങൾ അതിവിപുലമായ ഒരു ക്യാൻവാസിലേക്ക് പകർത്തിയെഴുതിയ, ആധുനിക ഇന്ത്യ കണ്ട വേറിട്ട സാമൂഹ്യപ്രവർത്തകയും ആരോഗ്യപ്രവർത്തകയുമാണ് ഡോ. എ.കെ. ജയശ്രീ എന്ന് ഈ ആത്മാഖ്യാനം ബോധ്യപ്പെടുത്തുന്നു. തിരസ്കൃതരായ ജനങ്ങൾക്കിടയിലാണ് ജയശ്രീ അറിവിന്റെയും സേവനത്തിന്റെയും ദീപം തെളിച്ചത്. അവിടെയുണ്ടായ അനുഭവങ്ങളുടെ നിരവധി ജീവൽകഥകൾ ഫിക്ഷനെ തോല്പിക്കുന്ന ജീവിതങ്ങൾ, ഇതിൽ പങ്കുവയ്ക്കുന്നുണ്ട്. സ്​നേഹത്തിന്റെ മഴവിൽക്കുമിളകൾ, മോഹിക്കുന്നവരും മോഹം തന്ന് തിരികെ പോകുന്നവരും, മുറിവുകളുണക്കുന്ന വിധങ്ങൾ എന്നീ അധ്യായങ്ങൾ സ്​തോഭത്തോടെയെ വായിക്കാനാവൂ.
അരക്ഷിത ജീവിതങ്ങളുടെ രോഗവും ദുരിതവും മഹാസങ്കടങ്ങളും അതിജീവനങ്ങളും കണ്ടും അറിഞ്ഞും അനുഭവിച്ചും അധികാരഭ്രമങ്ങളും സ്വാർത്ഥതയും ഹിംസയും കണ്ട് വ്യഥയിലമർന്ന്, സാമൂഹിക സേവനസന്നദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ഒടുവിൽ വൈദ്യശാസ്​ത്ര അധ്യാപനരംഗത്തെത്തി, അലച്ചിലുകൾ ഒടുങ്ങിയ വേളയിൽ എഴുതിയ ഈ ആത്മകഥയിൽ, മനുഷ്യരിലെ ഒടുങ്ങാത്ത സ്വാർത്ഥതയുടെ കാരണം ഇങ്ങനെ പറയുന്നു: ‘‘ആശയങ്ങളും മൂല്യങ്ങളുമെല്ലാം മനുഷ്യർക്ക് ഒരുമിച്ചു ചേർന്നു ജീവിക്കാനും ചിലപ്പോൾ മറ്റുവിഭാഗങ്ങളെ എതിർക്കുവാനുള്ള ഉപകരണങ്ങളാണ്. മറ്റുള്ളവരിൽ നിന്ന് ലഭിച്ചതാണെങ്കിൽപ്പോലും ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നതുവഴി വ്യക്തിയുടെ താൻബോധം ഉറയ്ക്കുകയാണ് ചെയ്യുന്നത്. ആ സമയം അനസ്യൂതമായ മനുഷ്യവിഭാഗത്തിലെയും പ്രപഞ്ചത്തിലെ അനന്തകോടി ചരാചരങ്ങളിലെയും ഒരു കണ്ണി മാത്രമാണ് താൻ എന്ന ബോധം മനുഷ്യൻ മറന്നു പോകുന്നു’’ (പു. 499).
വ്യക്തിജീവിതത്തെക്കാൾ സാമൂഹിക ജീവിതത്തിന് പ്രാധാന്യം നൽകി, ജീവിതത്തെ അറിവിന്റെ അക്ഷയഖനിയായി കണ്ട്, ആർജ്ജിച്ച വിജ്ഞാനനൈപുണിയെ അന്യർക്ക് ഗുണം ചെയ്യുന്നതിനായി നിർല്ലോഭം വിനിയോഗിച്ച ഡോ. എ.കെ. ജയശ്രീ വിമോചനത്തിന്റെ ആധുനിക മാതൃകയാണ്. ശ്രീനാരായണഗുരു തുടങ്ങിവെച്ച വിമോചനമാതൃകയുടെ ഒരേയൊരു സ്​ത്രീമാതൃക.
എഴുകോൺ എന്ന ആത്മകഥ, ഒരർത്ഥത്തിൽ നവസാമൂഹികപ്രസ്ഥാനങ്ങൾ എന്ന രണ്ടാം നവോത്ഥാനത്തിന്റെ ജീവരേഖയായി മാറുന്നു. ‘അറിവിലുമേറിയറിഞ്ഞിടുന്നവൻ’ എന്ന ഗുരുവചനം ‘അറിവിലുമേറിയറിഞ്ഞിടുന്നവൾ’ എന്നു മാറ്റിയെഴുതിയ ജീവിതം.
Share:
Older Post Newer Post
Translation missing: en.general.search.loading