Your cart is empty now.
റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച സി.കെ. ജാനുവിന്റെ ആത്മകഥ, ‘അടിമമക്ക’ മലയാളത്തിലെഴുതപ്പെട്ട രാഷ്ട്രീയ ആത്മകഥകളുടെ കൂട്ടത്തിൽ ശ്രദ്ധേയമായ ഒന്നാണ്. കേരളത്തിലെ ഒരു ആദിവാസി സ്ത്രീ തന്റെ ഊരിന്റെയും ദേശത്തിന്റെയും അതിർവരമ്പുകൾ കടന്ന് ലോകത്താകമാനമുള്ള ഗോത്രജനതയുടെ ജീവിതപ്പോരാട്ടങ്ങളുടെ ഭാഗമായി മാറിയതിന്റെ വിസ്മയിപ്പിക്കുന്ന ചരിത്രത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു ഈ രചന. രാഷ്ട്രീയഭൂമികയിൽ രണ്ടാം ലിംഗമായിമാത്രം പരിഗണിക്കപ്പെട്ട്, പലപ്പോഴും സംവരണം കൊണ്ടുമാത്രം അവസരം കിട്ടിക്കൊണ്ടിരിക്കുന്ന സ്ത്രീയുടെ പ്രത്യയശാസ്ത്രപരിസരത്തെ വായനക്ക് വിധേയമാക്കുകയും മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ ഇനിയും പൂർണ മനസ്സോടെ സ്വീകരിക്കാത്ത ഗോത്രസ്വത്വത്തിന്റെ രാഷ്ട്രീയം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട് അടിമമക്ക.
സി.കെ. ജാനുവിന്റെ ആത്മകഥയെ കെ. ആർ. ഗൗരിയുടെയും കെ. അജിതയുടെയും ആത്മകഥകൾക്കൊപ്പം വെച്ച് വായിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
‘ആത്മകഥ’ എന്ന പേരിൽ 2010- ൽ ഗൗരിയമ്മയുടെ ആത്മകഥ പുസ്തകരൂപത്തിൽ പുറത്തുവന്നു. അജിതയുടെ ആത്മകഥയായ ‘ഓർമക്കുറിപ്പുകൾ’ വെളിച്ചം കണ്ടത് 1982-ലും ‘അടിമമക്ക’ പ്രകാശിതമായത് 2023-ലുമാണ്. വ്യക്തിജീവിതത്തിന്റെ അടരുകളിലേക്ക് നമ്മളെ കൊണ്ടുപോകുന്നുണ്ടെങ്കിലും കേരളത്തിന്റെ ചരിത്രത്തിലേക്കും നമ്മുടെ മാറിവരുന്ന സാമൂഹ്യവീക്ഷണങ്ങളിലേക്കും വായനക്കാരെ നയിക്കുന്നു എന്നതാണ് ഈ മൂന്ന് ആത്മകഥകളും നിർവഹിക്കുന്ന ചരിത്രദൗത്യം.
കേരള രാഷ്ട്രീയത്തെ ആഴത്തിൽ സ്വാധീനിച്ച ഗൗരിയമ്മയ്ക്കും കെ. അജിതക്കും സി.കെ. ജാനുവിനും തങ്ങളുടെ രാഷ്ട്രീയപ്രവർത്തനത്തിന്റെ മേഖലയിൽ സ്വന്തം ലിംഗത്തിലുള്ള മുൻഗാമികളുണ്ടായിരുന്നില്ല. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി പൊതുപ്രവർത്തനത്തിലേക്ക് വന്നവരാണ് മൂവരും. ഗൗരിയമ്മ കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതൃനിരയിലെ അപൂർവ്വം സ്ത്രീസാന്നിദ്ധ്യങ്ങളിൽ ഒരാളാണെങ്കിൽ സായുധവിപ്ലവത്തിന്റെ പാതയാണ് യൗവനാരംഭത്തിൽ അജിത സ്വീകരിച്ചത്. നിരന്തരം ചൂഷണം ചെയ്യപ്പെട്ട ആദിവാസികളെ അവകാശസമരത്തിന് സജ്ജരാക്കാൻ അവർക്കിടയിൽനിന്ന് ജ്വലിച്ചുയർന്ന സി.കെ. ജാനു ആദ്യകാലത്ത് കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു.
സ്വതന്ത്ര്യാനന്തരം കോടിക്കണക്കിന് രൂപയാണ് ആദിവാസി ക്ഷേമത്തിനെന്ന പേരിൽ കേരളം ചെലവിട്ടത്. പക്ഷേ ആദിവാസി ക്ഷേമം ജലരേഖ മാത്രയായി തുടരുന്നു. കൃഷി മുഖ്യ ഉപജീവനമായ പല ഗോത്രവർഗ്ഗക്കാർക്കും വിത്തിറക്കാൻ സ്വന്തമായി മണ്ണില്ലാതായിരിക്കുന്നു. വനവിഭവം ശേഖരിച്ച് ഉപജീവനം കണ്ടെത്തിയവർക്ക് കാട് പ്രവേശനമില്ലാത്ത ഇടമായി മാറും വിധം വനനിയമങ്ങൾ പുതുക്കപ്പെട്ടിരിക്കുന്നു. പട്ടിണിയും പലവിധ പീഡനങ്ങളും തീർത്ത പൊറുതികേട് ഭരണകൂടത്തിനെതിരായ പൊരുതലിലൂടെയെ മറികടക്കാനാവൂ എന്ന തിരിച്ചറിവിലേക്ക് ആദിവാസികളെ നയിച്ച ഒട്ടേറെ പ്രസ്ഥാനങ്ങളുണ്ട്. നക്സലൈറ്റുകളും കമ്യൂണിസ്റ്റ് പാർട്ടികളും പല സർക്കാറിതര സംഘടനകളും ഈ മേഖലയിൽ ഇടപെട്ടിട്ടുണ്ട്. ആദിവാസികളുടെ ഇടയിൽ നിന്നുതന്നെ ശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും സമരങ്ങളും ഉയർന്നുവന്നത് 1990 കളിലാണ്. അത്തരം സമരങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ച ആദ്യ ആദിവാസി വനിതാനേതാവാണ് സി. കെ. ജാനു. ഏറ്റവും സ്വാധീനശേഷിയുള്ള നേതാവും.
ആത്മകഥ എന്നതിനപ്പുറം കേരളത്തിലെആദിവാസി ജീവിതത്തെ അവരുടെ തന്നെ കണ്ണിൽ ആവിഷ്കരിക്കാനുള്ള ശ്രമമാണ് ‘അടിമമക്ക’ നിർവഹിക്കുന്നത്. ഈ രചനയിൽ ആദിവാസിയുടെ ജീവിതമുണ്ട്. ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംസ്കാരവുമുണ്ട്. ദുരിതങ്ങളുണ്ട്, നിരന്തരം വഞ്ചിക്കപ്പെട്ടതിനെക്കുറിച്ചുള്ള തിരിച്ചറിവുണ്ട്. ചെറുത്തുനിൽപ്പിന്റെ ആരുറപ്പുണ്ട്. പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള കലർപ്പില്ലാത്ത അടുപ്പമുണ്ട്. അതേ, ഇത് ഗോത്രജീവിതത്തിന്റെ ആത്മകഥയാണ്.
വയനാട്ടിൽ തൃശ്ശിലേരി ഗ്രാമത്തിലെ ചേക്കോട്ട് കോളനിയിൽ അടിയ സമുദായാംഗമായി 1970- ൽ ജാനു ജനിക്കുമ്പോൾ ജന്മിയുടെ കീഴിലെ അടിമപ്പണിക്കാരായിരുന്നു അമ്മയും അച്ഛനും. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും കേരളം വിപ്ലവകരമായ ഭൂപരിഷ്കരണനിയമം പാസാക്കി ജൻമിത്തം അവസാനിപ്പിച്ചശേഷവും ആദിവാസികൾ പൊതുനിയമവ്യവസ്ഥയുടെ പുറത്തു നിൽക്കേണ്ടിവന്നതിന്റെ അടയാളപ്പെടുത്തലാണ് ഈ അവസ്ഥ. കുഞ്ഞുനാളിലേ പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് കൊടും പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചാണ് ജാനു വളർന്നത്. ദാരിദ്ര്യം കാരണം ആറ് വയസായപ്പോഴേക്കും ജന്മിയുടെ വീട്ടുപണിക്ക് പോകേണ്ടിവന്നു. അക്കാലത്തുതന്നെ ജന്മിയുടെ വീട്ടിൽ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളോട് പ്രതികരിച്ചു തുടങ്ങിയത് ജാനു ഓർക്കുന്നുണ്ട്.
1985- ൽ കാൻഫെഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച സാക്ഷരതാ ക്ലാസാണ് ജാനുവിന് അക്ഷരങ്ങളുടെ ലോകം തുറന്നു കൊടുത്തത്. ഒരു വർഷം പിന്നിട്ടപ്പോൾ ജാനു സാക്ഷരതാ ഇൻസ്ട്രക്ടറായി; ആദിവാസികൾക്കിടയിലെ ആദ്യത്തെ ഇൻസ്ട്രക്ടർ. അക്കാലത്തെ ജനപ്രിയവാരികകൾ ജാനുവിനെ വായനക്കാരിയാക്കി. സാക്ഷരതാ ക്ലാസാണ് ജാനുവിന്റെ ഉള്ളിലെ പൊതുപ്രവർത്തകയെ പുറത്തുകൊണ്ടുവന്നത്. കുടിവെള്ളപ്രശ്നം, വഴിത്തർക്കം, മദ്യപാനം തുടങ്ങിയവയിലൊക്കെ ഇടപെടാനും പരിഹാരം കണ്ടെത്താനും ഈ ക്ലാസിലൂടെ രൂപപ്പെട്ട കൂട്ടായ്മകൾ വഴിതെളിയിച്ചു. ഏറെ താമസിയാതെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയായി. പക്ഷേ ആദിവാസികളെ ചൂഷണം ചെയ്യുന്നതിൽ മുതലാളിമാരും പാർട്ടിനേതാക്കളുമായി രഹസ്യ നീക്കുപോക്കുകളുണ്ടെന്നാരോപിച്ച് പാർട്ടി വിട്ടു. ജൻമിയുടെ വീട്ടിലെ കൂലിപ്പണി അടിമപ്പണി പോലെയായിരുന്നതുകൊണ്ട് സ്വന്തമായി നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യാൻ തുടങ്ങി. സാക്ഷരത ക്ലാസിലെ സഹപഠിതാക്കളിൽ പലരുമായി ചേർന്ന് ആദിവാസി ഊരുകളിലെ അടിസ്ഥാനപ്രശനങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
പകലൊക്കെ ജന്മിക്കുവേണ്ടി പണി ചെയ്യുന്ന ആദിവാസികളെ രാത്രിയിലാണ് ഒന്നിച്ച് കാണാനും സംസാരിക്കാനും പറ്റുക. ഓരോ ഊരിലെ മീറ്റിങ് കഴിഞ്ഞ് അവരുടെ കൂടെ അന്തിയുറങ്ങി അടുത്ത ഊരിലേക്കുള്ള യാത്രകളെപ്പറ്റി വായിക്കുമ്പോൾ ആദിവാസിയുടെ ജീവിതദുരിതങ്ങളുടെ ചെറുതല്ലാത്ത ചിത്രം നമുക്ക് ലഭിക്കും. രാഷ്ട്രീയമായി സംഘടിക്കാൻ തുടങ്ങിയതോടെ ഒരേസമയം ജന്മിയുടെയും പാർട്ടിക്കാരുടേയും എതിർപ്പുകളെ ആദിവാസിക്ക് അതിജീവിക്കേണ്ടി വന്നു. അക്കാരണം കൊണ്ടുതന്നെ പലപ്പോഴും കോളനിവാസികൾ ജാനുവിനെയും സംഘത്തെയും ഊരിലേക്ക് സ്വീകരിക്കാനും ഭക്ഷണം നല്കാനും ഭയന്നു.
അർദ്ധപ്പട്ടിണിയും ഒളിച്ചും പാത്തുമുള്ള യാത്രകളും കടന്ന് ജാനുവിലെ പോരാളി എങ്ങനെയാണ് വളർന്നുവന്നത് എന്ന് ഈ കൃതിയിലെ ഏറെ ആവേശമുണ്ടാക്കുന്ന ഭാഗങ്ങളാണ്. മുത്തങ്ങ സമരനായികയെന്ന നിലയിൽ ഒരു ജനതയുടെ പ്രതീക്ഷയായി മാറിയ ജാനുവിലേക്കുള്ള സഞ്ചാരം. പോലീസിന്റെ ക്രൂരമർദ്ദനമേറ്റ് വീങ്ങിയ മുഖത്തോടെ ജാനുവിന്റെ ചിത്രം കണ്ട് നീതിന്യായ സംവിധാനത്തോട് അമർഷത്തോടെ പ്രതികരിച്ച മലയാളി, ഒരു മുളങ്കൂട്ടത്തിനുള്ളിലിട്ട് അവരെ ജീവനോടെ ചുട്ടെരിക്കാൻ നടന്ന ശ്രമത്തെക്കുറിച്ച് വായിക്കുമ്പോൾ നമ്മുടെ പ്രബുദ്ധതയുടെ പൊള്ളത്തരം തിരിച്ചറിഞ്ഞു ഞെട്ടും.
മുത്തങ്ങ ഏറെ വാർത്താപ്രാധാന്യം നേടിയ ഭൂസമരമാണ്. എന്നാൽ അതിനുമുമ്പെ കുടിലുകെട്ടി നിരവധി സമരങ്ങൾ ആദിവാസികൾ സംഘടിപ്പിച്ചിട്ടുണ്ട്. പൊതുപ്രവർത്തനത്തിനിടെ ഒരു രാത്രിയിൽ ജാനുവിന് വെള്ളമുണ്ട പഞ്ചായത്തിലെ നല്ലൂർക്കാട് കോളിക്കംപാളി കോളനിയിൽ താമസിക്കേണ്ടിവന്നു. വളരെ ദയനീയമായിരുന്നു കുടിലിലെ അവസ്ഥ. അവിടത്തെ താമസക്കാർക്കുപോലും നിവർന്നു കിടക്കാൻ ഇടമില്ലാതെ ഞെങ്ങി ഞെരുങ്ങി കഴിയുകയാണ്. ഇരുന്നു നേരം വെളുപ്പിച്ച അന്നത്തെ അനുഭവമാണ് ആദ്യത്തെ കുടിൽകെട്ടൽ സമരത്തിലേക്ക് നയിച്ചത്. അനധികൃമായി ഭൂമി കൈവശം വെച്ചിരിക്കുന്ന നിരവധി പേർ അപ്പോൾ വയനാട്ടിലുണ്ടായിരുന്നു. മിച്ചഭൂമി ഏറ്റെടുത്തു ഭൂരഹിതർക്ക് നൽകാനുള്ള നിയമം നിസ്സംഗം നോക്കിനിൽക്കെ ആദിവാസികൾ കുടിലുകളിൽ ‘ഇരുന്നുറങ്ങേണ്ടി’ വന്നു. അധികാരികളുടെ മൗനാനുവാദം കയ്യേറ്റക്കാർക്ക് തുണയായി. കയ്യേറ്റം കുടിയേറ്റമായി വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥ നിലനിൽക്കുകയും വോട്ട് ബാങ്ക് വിലപേശൽ ശക്തികൾക്കൊപ്പം മുഖ്യധാരാരാഷ്ട്രീയം നിലയുറപ്പിക്കുകയും ചെയ്ത സമയത്താണ് ജാനുവിന്റെ നേതൃത്വത്തിൽ ആദ്യത്തെ കുടിൽ കെട്ടൽ സമരം ആരംഭിച്ചത്. പത്തു കുടുംബങ്ങൾക്ക് പത്ത് സെൻറ് വീതം ഭൂമി നേടിയെടുക്കാൻ ആ സമരത്തിലൂടെ സാധിച്ചു. എന്നാൽ തങ്ങൾക്കൊപ്പമുള്ള മറ്റ് ഭൂരഹിതർക്ക് കൂടി ആ ഭൂമി വീതംവെച്ച് നല്കിയാണ് ആദിവാസി ‘പരിഷ്കൃത’മനുഷ്യനെ അത്ഭുതപ്പെടുത്തിയത്. തങ്ങൾക്കൊപ്പം നിൽക്കേണ്ടവരെയും തങ്ങളൊപ്പം നിൽക്കേണ്ടവരെയും ചേർത്ത് പിടിക്കുന്ന ആദിവാസിയുടെ ജീവിതമൂല്യം ഈ വീതം വെപ്പിലുണ്ട്.
വർഷങ്ങൾ കഴിഞ്ഞ് മക്കളും പേരക്കുട്ടികളും വളർന്നതോടെ വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് ആദിവാസി. ഇത് ആദിവാസി അനുഭവിക്കുന്ന ഭൂപ്രശ്നത്തിന്റെ സ്വഭാവമാണ്. കുടുംബത്തിന് സർക്കാർ ഒരേക്കറോ മറ്റോ അനുവദിക്കുകയും അത് വലിയ വാർത്തയാവുകയും ചെയ്യും. എന്നാൽ കുറച്ചു കാലം കഴിയുന്നതോടെ കുടുംബം വലുതാവുകയും ഭൂവിസ്തൃതി വലുതാവാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് ആ ഒരേക്കർ ആളോഹരി വീതത്തിൽ ഏതാനും സെൻറ് മാത്രമായിമാറുന്നു. ആദിവാസി ഇതര മനുഷ്യർ എങ്ങനെയെങ്കിലും തനിക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി സമ്പാദിക്കുമ്പോൾ സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളാൽ ആദിവാസിക്ക് അതിന് കഴിയാതെ പോകുന്നു. ഫലമോ ഏതാനും വർഷങ്ങൾ പിന്നിടുമ്പോൾ ‘ഇരുന്നുറങ്ങേണ്ട’ കുടിലുകൾ അവർക്ക് തിരികെ കിട്ടുന്നു.
ചൂഷണങ്ങളെ നേരിടാനുള്ള ബോധത്തിലേക്ക് ആദിവാസിയെ ഉയർത്തുക എന്നതായിരുന്നു ജാനു ഏറ്റെടുത്ത പ്രാഥമികകാര്യം. സ്വന്തം ജീവിതം തന്നെ അവർ ആദിവാസികൾക്ക് മുന്നിൽ പാഠപുസ്തകമാക്കി വെച്ചു. ഭൂമി പാട്ടത്തിനെടുത്തും പിന്നീട് സാമ്പത്തികശേഷി മെച്ചപ്പെട്ടപ്പോൾ വിലകൊടുത്തു വാങ്ങിയും അവർ കൃഷിയിറക്കി. തലചായ്ക്കാനുള്ള ഭൂമിയല്ല ആദിവാസിയുടെ അടിസ്ഥാന ആവശ്യം എന്നാണ് ജാനു വാദിക്കുന്നത്. കൃഷി ചെയ്യാൻ ആവശ്യമായ ഭൂമിയാണ് ആദിവാസിക്ക് വേണ്ടത്. അതുകൊണ്ടു തന്നെ ആദിവാസി കോളനികളും ലൈഫ് മിഷൻ ഫ്ളാറ്റുകളും ആദിവാസിയുടെ ഭൂപ്രശ്നത്തിനുള്ള പരിഹാരമല്ല. നഷ്ടമില്ലാതെ കൃഷിയിറക്കണമെങ്കിൽ ഒരു കുടുംബത്തിന് അഞ്ചേക്കർ ഭൂമിയെങ്കിലും വേണ്ടിവരും. ഇങ്ങനെ നല്കാൻ ഭൂമിയില്ല എന്ന സർക്കാർ വാദത്തിന്റെ മുന മിച്ചഭൂമിയുടെയും ടാറ്റയും ഹാരിസനുമടക്കം അനധികൃതമായി കയ്യേറിയ ഭൂമിയുടെയും കണക്കുകൾ നിരത്തി ജാനു ഖണ്ഡിക്കുന്നു. കയ്യേറ്റങ്ങളെ കുടിയേറ്റങ്ങളായി കണ്ട് മെല്ലെമെല്ലെ അതിന് നിയമസാധുത നല്കുകയായിരുന്നു ഇവിടെ മാറിമാറി ഭരിച്ച സർക്കാറുകൾ എന്ന വിമർശനം ജാനു ഉന്നയിക്കുന്നു. വനവാസികൾ കാടിനെ ഉപജീവിച്ചാണ് ജീവിക്കേണ്ടതെന്നും അപ്പോഴാണ് കാട് അതിജീവിക്കുക എന്നുമാണ് ജാനുവിന്റെ അനുഭവപാഠം. കാടിനും വനവാസിക്കും പ്രയോജനപരമായ നിയമനിർമാണങ്ങൾ ഇവിടെ ഒട്ടേറെ നടന്നിട്ടുണ്ട്. എന്നാൽ അത്തരം നിയമങ്ങൾ ഏട്ടിലെ പശുവാവുകയോ കയ്യേറ്റക്കാർക്കും കുടിയേറ്റക്കാർക്കും വേണ്ടി നിയമങ്ങൾ പരിഷ്കരിക്കപ്പെടുകയോ ചെയ്തതോടെ ഇടം നഷ്ടപ്പെട്ടുനില്ക്കുന്ന ആദിവാസി ജീവിതം പൊള്ളുന്ന മഷിയിലാണ് ജാനു എഴുതിവെക്കുന്നത്.
ആദിവാസിയുടെ സംസ്കാരം, കൂട്ടു ജീവിതം, ആഘോഷങ്ങൾ, പ്രകൃതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുടങ്ങി പുറംലോകത്തിന്റെ, അന്യന്റെ കണ്ണിലൂടെ മാത്രം നമ്മൾ കണ്ട് ശീലിച്ച കാഴ്ചകളുടെ, ഉള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ആത്മകഥ. അവരുടെ ഇടയിൽ നാഗരികലോകം സ്വാർഥബുദ്ധിയോടെ വിതച്ച ലഹരിയുടെ ആഴം, തൻകാര്യം നോക്കികളല്ലാതിരുന്ന മനുഷ്യർ മെല്ലെമെല്ലെ സ്വാർഥത പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങൾ, പുതുതലമുറ ഗോത്രജീവിതത്തിൽ നിന്ന് അകന്നു പോകുന്നതിന്റെയും ആദിവാസിക്ക് ഭാഷയും സംസ്കാരവും കൈമോശം വരുന്നതിന്റെയും കാഴ്ചകൾ എന്നിങ്ങനെ ആദിവാസി ജീവിതത്തിന്റെ സമഗ്രമായ കാൻവാസ് ഒരുക്കാൻ ജാനുവിന് കഴിയുന്നുണ്ട്. ‘അടിമമക്ക’യെ സ്വന്തം വ്യക്തിജീവിതാഖ്യാനം, ആദിവാസിയുടെ ഗോത്രജീവിതാഖ്യാനം, ആദിവാസി സ്വീകരിക്കേണ്ട രാഷ്ട്രീയബോധ്യത്തിന്റെ ആഖ്യാനം എന്നിങ്ങനെ പല അടരുകളുള്ള ആത്മകഥയായി മാറ്റുന്നുണ്ട് ജാനു.
ആദിവാസി ഗോത്രമഹാസഭ എന്ന സംഘടന കേരളത്തിലെ ആദിവാസി പോരാട്ടങ്ങളുടെ ചരിത്രത്തിലെ മഹത്തായ ഒരു പ്രസ്ഥാനമാണ്. പക്ഷേ ഇങ്ങനെ ‘സംഘടിച്ചിട്ട്’ വലിയ മുന്നേറ്റമൊന്നും സാധ്യമാകില്ലെന്നും സമരങ്ങൾ ഒത്തുതീർക്കുന്ന സമയത്ത് ലഭിക്കുന്ന വാഗ്ദാനങ്ങൾ നടപ്പാക്കാൻ വീണ്ടും സമരത്തിനിറങ്ങേണ്ട നിലവിലെ അവസ്ഥ മാറണമെങ്കിൽ രാഷ്ട്രീയ അധികാരം ആർജ്ജിക്കുകയാണ് വേണ്ടതെന്നുമുള്ള ബോധ്യത്തിലേക്ക് സി.കെ.ജാനു താമസിയാതെ എത്തിച്ചേർന്നു. 2004 ൽ ജാനു, ഗീതാനന്ദൻ, സണ്ണി കപിക്കാട്, ശ്രീരാമൻ കൊയ്യോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ദളിത്ആദിവാസി കൂട്ടായ്മയുടെ രാഷ്ട്രീയരൂപമായ രാഷ്ട്രീയ മഹാസഭ പിറന്നു. പക്ഷേ ഈ പാർടി അല്പായുസ്സായിരുന്നു. 2016- ൽ അതേ ആശയങ്ങൾ മുൻനിർത്തി ജനാധിപത്യ രാഷ്ട്രീയ സഭ (ജെ. ആർ. എസ്) എന്ന പുതിയ പാർട്ടി നിലവിൽ വന്നു. ഒറ്റയ്കൊരു പാർട്ടിക്ക് കേരളത്തിൽ ഒന്നും ചെയ്യാനാവില്ല എന്ന തിരിച്ചറിവിലാണ് മുന്നണി സംവിധാനത്തിന്റെ ഭാഗമാവാൻ ജെ. ആർ. എസ് തീരുമാനിച്ചത്. ജാനുവിന്റെ പ്രത്യയശാസ്ത്രപരമായ ആഴക്കുറവിന്റെ പരിണതഫലമായിരുന്നു എൻ. ഡി. എയുടെ ഭാഗമാകാനെടുത്ത തീരുമാനം. ‘തിന്നാൻ വരുന്ന ചെകുത്താന്റെ സഹായം മേടിച്ചാലാണ് കേരളത്തിലെ പട്ടികജാതി ڊപട്ടിക വർഗക്കാരുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുന്നതെങ്കിൽ അയാൾ തിന്നുന്നതിനെ കുറിച്ച് രണ്ടാമത് ആലോചിക്കും, സഹായം വാങ്ങുന്നത് ആദ്യം ആലോചിക്കും’ (പുറം 328) എന്ന് ജാനു ബി. ജെ. പി പക്ഷം ചേർന്നതിനെ ന്യായീകരിക്കുന്നുണ്ട്. ഹിന്ദുത്വ പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുന്ന വർണവ്യവസ്ഥ ആദിവാസിക്ക് നല്കുന്ന സ്ഥാനം എന്താണെന്നുള്ള ബോധ്യത്തിൽ നിന്നായിരിക്കുമല്ലോ ‘തിന്നാൻ വരുന്ന ചെകുത്താൻ’ എന്ന ഉപമ പിറന്നത്. ഇരയായി നിന്നുകൊടുത്തിട്ട് കിട്ടുന്ന സഹായം ഇരയാക്കപ്പെടുന്നയാൾക്ക് എങ്ങനെ പ്രയോജനപ്പെടും എന്ന ചോദ്യത്തിന് ജാനു ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
വായനയും പഠനവും കൊണ്ട് ഗൗരിയമ്മയും അജിതയും നേടിയ വിമോചന ആശയങ്ങൾ സ്വന്തം ജീവിതം കൊണ്ട് പഠിച്ചെടുത്താണ് ജാനു പോരാട്ടത്തിന്റെ പാതയിലേക്കെത്തുന്നത്. ഗൗരിയമ്മയ്ക്കും അജിതയ്ക്കും പൊതുപ്രവർത്തനത്തിന്റെ വഴിയിൽ മുന്നിൽ നടക്കാൻ ആളുണ്ടായിരുന്നു, വീട്ടിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ ബൗദ്ധിക പിന്തുണ ലഭിച്ചിരുന്നു. ജാനു ഒറ്റയാൾ പോരാളിയായി തുടങ്ങുകയും പ്രശ്നങ്ങളെ സ്വയം നിർദ്ധാരണം ചെയ്യുകയുമായിരുന്നു. നാഗരികതയുടെ ലോകം ഒരുക്കിയ കെണികളിൽ അകപ്പെട്ട, അത് കെണിയാണെന്ന് തിരിച്ചറിയാൻ കഴിയാതെ നിരന്തരം കബളിപ്പിക്കപ്പെട്ട ജനതയെ എന്താണ് അവകാശങ്ങൾ എന്ന പ്രാഥമിക പാഠം ബോധ്യപ്പെടുത്തി കൂടെ കൂട്ടുകയുമായിരുന്നു അവർ.
ഏറ്റവും വ്യക്തിപരമായ ബന്ധങ്ങളുടെ, സൗഹൃദങ്ങളുടെ, സംഭവങ്ങളുടെ വിവരണമാണ് ഗൗരിയമ്മയുടെ ആത്മകഥയുടെ വലിയൊരു ഭാഗം. അച്ഛനും ഗൗരിയും തമ്മിലുണ്ടായിരുന്ന ഇഴയടുപ്പം ആവിഷ്കരിക്കുന്ന ഭാഗങ്ങളാണ് ആത്മകഥയുടെ ഏറെ ഹൃദയഹാരിയായ ഭാഗങ്ങൾ. മകൾ മികച്ച ഒരു വക്കീലാവണം എന്ന അച്ഛന്റെ മോഹത്തിലേക്കുള്ള ഗൗരിയുടെ സഞ്ചാരമാണ് ഈ പുസ്തകത്തിന്റെ വലിയൊരു ഭാഗം. ഉൽപ്പതിഷ്ണുക്കളായ അച്ഛനും സഹോദരൻ സുകുമാരനും ഗൗരിയമ്മയുടെ രാഷ്ട്രീയ വ്യക്തിത്വം രൂപീകരിക്കുന്നതിൽ അന്യൂനമായ പങ്ക് വഹിച്ചിട്ടുണ്ട്. നിരന്തരാധ്വാനത്തിലൂടെ അച്ഛൻ നേടിയെടുത്ത സാമ്പത്തിക അടിത്തറ ഈഴവർക്കിടയിലെ ആദ്യത്തെ വനിതാവക്കീൽ എന്ന നിലയിലേക്ക് ഗൗരിയെ കൈപിടിച്ചുയർത്തി. അച്ഛനിൽ നിന്ന് തന്നെ പകർന്നുകിട്ടിയ സാമൂഹികാസമത്വ വിരുദ്ധ നിലപാടുകൾ കെ. ആർ. ഗൗരിയുടെ രാഷ്ട്രീയമൂലധനമായി.
അടി മുതൽ മുടിവരെ രാഷ്ട്രീയം ശ്വസിക്കുന്ന ഒരു കുടുംബത്തിലെ അംഗം എന്നതാണ് അജിതയുടെ പോരാട്ടത്തിന്റെ അടിസ്ഥാനം എന്ന് ഓർമ്മക്കുറിപ്പുകൾ വായിക്കുമ്പോൾ മനസ്സിലാകും. അജിത പങ്കെടുത്ത എല്ലാ പോരാട്ടങ്ങളിലും അച്ഛനമ്മമാരുടെ പിന്തുണ കിട്ടിയിരുന്നു. മാർക്സിയൻ കാഴ്ചപ്പാടുള്ള മാതാപിതാക്കളുമായി നടന്ന സംവാദങ്ങളും വിദ്യാഭ്യാസകാലം തൊട്ടേ വായിക്കുന്നതിന് ധാരാളമായി കിട്ടിയ അവസരങ്ങളും തന്റെ ഉള്ളിൽ തന്നെയുണ്ടായിരുന്ന വിമോചകമൂല്യവും ചേർന്നാണ് അജിതയെ രൂപപ്പെടുത്തി എടുത്തത്. ബംഗാളിലെ നക്സൽബാരി കലാപവും പീക്കിങ് റേഡിയോ ഇത് സംബന്ധിച്ച് നടത്തിയ ‘ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം’ എന്ന പ്രക്ഷേപണം അജിതയുടെ കുടുംബത്തെ മുഴുവനുമായി പുതുക്കിപ്പണിതത്. ഇവിടെ നിലവിലുണ്ടായിരുന്ന ഇടത് -വലത് കമ്യൂണിസ്റ്റ് പാർട്ടികൾ അനുവർത്തിച്ച രാഷ്ട്രീയ ലൈനിന്റെ തണുപ്പൻ വിപ്ലവവീര്യം അതോടെ അവർക്ക് അസ്വീകാര്യമായി. വിപ്ലവാനന്തര ചൈനയുടെ വികസനപാത ഇന്ത്യയ്ക്കും ബാധകമാണ് എന്ന വിശ്വാസത്തിലേക്ക് അജിത സകുടുംബം എത്തിച്ചേർന്നു. അവർ മാവോ ആശയങ്ങളുടെ പ്രചാരകരായി.
എന്നാൽ തന്റെ വഴി സ്വയം കണ്ടെത്തി, വെട്ടിത്തെളിച്ച് തൻകൂട്ടരെയും കൊണ്ട് ആ വഴി നടന്നു മുന്നേറുന്ന, രാഷ്ട്രീയ സാമൂഹ്യ പിൻബലമൊന്നുമില്ലാത്ത ഒറ്റയാൾ പോരാളിയുടെ ചിത്രമാണ് അടിമമക്ക വായിക്കുമ്പോൾ തെളിയുക. ഗൗരിയമ്മയുടെ ആത്മകഥയിൽ ആകെ നിറഞ്ഞു നിൽക്കുന്ന സാന്നിധ്യമാണ് അച്ഛനെങ്കിൽ, അജിതയുടെ രാഷ്ട്രീയബോധ്യങ്ങളുടെ അടിത്തറയാണ് അച്ഛനമ്മമാരെങ്കിൽ അച്ഛനാൽ തിരസ്ക്കരിക്കപ്പെട്ടതിന്റെ വേവാണ് ജാനുവിന് പൈതൃകമായി കിട്ടിയത്.
ഗൗരിയമ്മയുടെ കൃതിയിൽ സാമൂഹ്യപ്രവർത്തനത്തിന്റെ തുറസിലേക്ക് താൻ നടന്നെത്തിയ കാര്യങ്ങൾക്ക് കേവലം സംഭവവിവരണത്തിന്റെ സ്വഭാവമാണുള്ളത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ നേതൃനിരയിലുണ്ടായിരുന്ന ജ്യേഷ്ഠന്റെ സ്വാധീനമുണ്ടെങ്കിലും സജീവ പാർട്ടിപ്രവർത്തകയാവാൻ അവർ ആദ്യകാലത്ത് മാനസികമായി സജ്ജയായിരുന്നില്ല. പരമാവധി ഒഴിഞ്ഞുമാറിയിട്ടും എസ്. എൻ. ഡി. പിയുടെ വിദ്യാർഥി യൂണിയന്റെ നേതൃത്വവും കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വവും നിർബന്ധപൂർവം അവരിലേക്ക് വന്നുചേർന്നതായി തോന്നും ഈ ആത്മകഥ വായിക്കുമ്പോൾ. പ്രവർത്തകർക്ക് ഒരു നേരത്തെ ഭക്ഷണം കിട്ടുന്ന ഇടം എന്നതിൽ തുടങ്ങി കൃഷ്ണപ്പിള്ള അടക്കമുള്ള പല സഖാക്കളുടെയും ഒളിത്താവളവും പ്രവർത്തനസങ്കേതവുമായി ഗൗരിയമ്മയുടെ വീട്. കൃഷ്ണപ്പിള്ളയുടെ ഭാര്യ തങ്കമ്മ കുറേ നാളുകൾ ഗൗരിയമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതെല്ലാം ഗൗരിയമ്മ ആഖ്യാനം ചെയ്യുന്നത് താൻ ഏറ്റെടുത്തത് ഗൗരവമേറിയ രാഷ്ട്രീയപ്രവർത്തനമാണ് എന്ന നിലയിലല്ല. മറിച്ച് തന്നെ ഏൽപിച്ചത് ചെയ്തു എന്ന മിനിമം കാര്യമേ നിർവഹിക്കപ്പെട്ടിട്ടുള്ളൂ എന്നഭാവത്തിലാണ്. പാർട്ടി ഗൗരിയമ്മയിലെ രാഷ്ട്രീയവ്യക്തിത്വം തിരിച്ചറിഞ്ഞു പ്രയോജനപ്പെടുത്തിത്തുടങ്ങിയിട്ടും ഗൗരിയമ്മ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നില്ല എന്നർഥം. ഇടയിലെപ്പോഴോ സ്വയം കമ്യൂണിസ്റ്റ് പ്രവർത്തകയായി താൻ മാറി എന്നാണ് ഗൗരിയമ്മയുടെ നിരീക്ഷണം.
കേരളത്തിലെ നക്സലൈറ്റ് മൂവ്മെൻറിന്റെ ചരിത്രത്തിലേക്കുള്ള ഒരു വാതിലാണ് അജിതയുടെ ആത്മകഥ. നക്സലൈറ്റ് സമരങ്ങളിൽ സജീവമായി ഇടപെട്ട ഒരാൾ തങ്ങളുടെ പ്രവർത്തനത്തിന്റെ ചിത്രം വരയ്ക്കുന്നു എന്ന അർഥത്തിൽ ഈ അനുഭവാഖ്യാനത്തിന് കുറേക്കൂടി തെളിച്ചമുണ്ട്. പുൽപ്പള്ളി തലശ്ശേരി കലാപകാലത്ത് ഉൾക്കാട്ടിലും ഒളിവിടങ്ങളിലും എന്ത് നടന്നു എന്നറിയാനുള്ള വായനക്കാരുടെ സ്വാഭാവിക താല്പര്യത്തെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം അവരെ നയിച്ച ഐഡിയോളജിയുടെ കാമ്പും കരുത്തും വിമർശന വിധേയമാക്കാനുള്ള അവസരം കൂടി ഒരുക്കുന്നുണ്ട് ഈ കൃതി. കമ്യൂണിസത്തിന്റെ ചൈനീസ് പാതയിൽ ആകൃഷ്ടയായ അജിത മലയാളി സ്ത്രീകൾ അന്നോളം ജീവിക്കാത്ത ജീവിതത്തിലേക്കാണ് നടന്നുകയറിയത്. സായുധവിപ്ലവത്തിന്റെ വിമോചനശേഷിയിലുള്ള ആത്മാർഥമായ വിശ്വാസമാണ് പുൽപ്പള്ളിയിലെ ആക്ഷനിൽ നേരിട്ട് പങ്കെടുക്കാനുള്ള തീരുമാനത്തിലേക്ക് അജിതയെ എത്തിക്കുന്നത്.
കേരളത്തിൽ വലിയ മാറ്റങ്ങൾക്ക് സാഹചര്യമൊരുക്കിയ ഒരു കാലത്തിന്റെ പ്രതിനിധിയാണ് ഗൗരിയമ്മ. ഭൂമി മണ്ണിൽ പണിചെയ്യുന്നവരുടേത് കൂടിയാണ് എന്ന നൂതനസങ്കല്പം വിത്ത് പൊട്ടിയ കാലം. ആ കാലത്തിനൊപ്പം സഞ്ചരിച്ചതിന്റെ ചെറിയ ചിത്രങ്ങൾ മാത്രമാണ് ഈ ആത്മകഥ മുന്നോട്ട് വെക്കുന്നത്. 1947- ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായത് വരെയുള്ള കാലം ആവിഷ്കരിക്കുന്ന രചനയാണെന്നതിനാൽ പാർട്ടിഅംഗമായതിനു ശേഷം തന്നിലുണ്ടായ സമൂല പരിവർത്തനം ഈ കൃതിയുടെ ഭാഗമാവേണ്ടതില്ല. എന്നാൽ തന്നെയും 2010- ൽ പുതുക്കിയെഴുതിയ ആത്മകഥ എന്ന നിലയിൽ ചില ദൗർബല്യങ്ങൾ ഈ പുസ്തകത്തിനുണ്ട്. വ്യക്തിപരമായത് പോലും രാഷ്ട്രീയമാണ് എന്ന തിരിച്ചറിവുള്ള ഒരു കമ്യൂണിസ്റ്റ് നേതാവായിട്ടും സ്വന്തം ബാല്യ കൗമാരങ്ങളുടെ രാഷ്ട്രീയ കാലാവസ്ഥയെ ആവിഷ്കരിക്കുന്നതിനെക്കാൾ വീട്, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾക്ക് മുൻതൂക്കം നല്കുന്ന ആഖ്യാനമാണ് ഈ ആത്മകഥ സ്വീകരിച്ചിട്ടുള്ളത്.
ആദ്യകാല സ്ത്രീആത്മകഥകൾ വിശകലനം ചെയ്യുമ്പോൾ അവയിലെ പ്രമേയം കുടുംബത്തെയും കുടുംബബന്ധത്തെയുമാണ് മുഖ്യമായും ആവിഷ്കരിക്കുന്നത് എന്നു കാണാം. സ്വന്തം കഥ പറയാൻ തുടങ്ങി സ്വന്തക്കാരുടെ കഥ പറഞ്ഞ് തന്നെക്കുറിച്ച് പറയാൻ മറന്നുപോകുന്നവ തൊട്ട് അച്ഛൻ, സഹോദരൻ, ഭർത്താവ്, മകൻ തുടങ്ങിയ ‘പുരുഷബന്ധു’ക്കളുടെ ജീവിതം ആഖ്യാനത്തിന്റെ സിംഹഭാഗവും സ്വന്തമാക്കുന്നവവരെ സ്ത്രീആത്മകഥകളിൽ കാണാം. ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയമേഖലയിൽ നിറഞ്ഞു നിന്ന ആക്റ്റിവിസ്റ്റ് എന്ന ഐഡെൻറിറ്റി ഉണ്ടായിട്ടുപോലും ഗൗരിയമ്മയുടെ ആത്മകഥയും വ്യത്യസ്തമല്ല. അച്ഛന്റെയും സഹോദരന്റെയും ഭർത്താവ് ടി. വി. തോമസിന്റെയും സാമൂഹ്യ രാഷ്ട്രീയപ്രവർത്തനമേഖലയെപ്പറ്റിയുള്ള വിശദീകരണങ്ങൾ അവരുടെ ആത്മകഥയിൽ ഏറെ പ്രാധാന്യത്തോടെ ഇടം നേടുന്നു. എന്നാൽ താൻ സ്വയം രാഷ്ട്രീയബോധ്യത്തിലേക്ക് നടന്നെത്തിയതിനെ, ആ സഞ്ചാരത്തിന്റെ ആത്മാവിനെ എഴുത്തിൽ പകർത്താൻ ഗൗരിയമ്മക്ക് കഴിഞ്ഞിട്ടില്ല. അഥവാ അവരതിന് ശ്രമിക്കുന്നില്ല. ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ആത്മകഥയിൽ ‘ഞാൻ എന്ന വ്യക്തി വല്ലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നു എന്നല്ലാതെ ഒരു സാധാരണ കഥാപാത്രം പോലുമായിരുന്നില്ല’ എന്ന് ‘ആത്മകഥ’യുടെ ആമുഖത്തിൽ അവർ ഓർക്കുന്നുണ്ട്. സ്വയം കഥാപാത്രമാകുന്നതിനപ്പുറത്ത് താൻ ഉൾക്കൊണ്ട പ്രത്യയശാസ്ത്രത്തെ മുൻനിർത്തി സംഭവങ്ങളെ വിലയിരുത്തുന്നേടത്താണ് ഒരു രാഷ്ട്രീയ പ്രവർത്തകയുടെ ആത്മകഥ പ്രസക്തമാകുന്നത്. സ്വന്തം രാഷ്ട്രീയബോധ്യങ്ങളുടെ യുക്തിയുപയോഗിച്ച് ചരിത്രത്തെ വിശകലനം ചെയ്യാൻ ശ്രമിക്കുന്ന സന്ദർഭങ്ങൾ ഈ ആത്മകഥയിൽ കടന്നുവരുന്നില്ല എന്നല്ല. പലവിധത്തിൽ അനുഭവിച്ച ജാതി- ജന്മി മേൽക്കോയ്മയും സ്വാതന്ത്ര്യസമരവും സർ.സി.പി. വിരുദ്ധപ്രവർത്തനങ്ങളും പുന്നപ്ര വയലാർ പ്രക്ഷോഭവും അവയുടെ രാഷ്ട്രീയവും ഗൗരിയമ്മ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ആത്മകഥയെയാകെ നയിക്കുന്ന ആന്തരിക ധാരയായി ആ രാഷ്ട്രീയബോധം മാറുന്നില്ല എന്നതാണ് പരിമിതി.
ആഖ്യാനത്തിലെ ഏകാഗ്രതക്കുറവാണ് ഗൗരിയമ്മയുടെ ആത്മകഥയുടെ പാളിച്ച. ഒരേ സംഭവങ്ങൾ തന്നെ ആവർത്തിച്ചുപറയുന്നതും ഒരേ വാക്യം തന്നെ അടുത്തടുത്ത ഖണ്ഡികയിലോ താളിലോ ആവർത്തിക്കുന്നതും ഏകാഗ്രതക്കുറവിന്റെ ഫലമാണ്. പുനർവായനയുടെയും എഡിറ്റിങ്ങിന്റെയും അഭാവമാണത് കാണിക്കുന്നത്. പ്രസാധകരുടെ ഭാഗത്തും അത്തരം ഒരു ശ്രമം ഉണ്ടായില്ല; പുസ്തകം എട്ട് പതിപ്പുകൾ ഇറങ്ങിയിട്ടും.
താൻ ആർജ്ജിച്ച മാർക്സിയൻ ദർശനത്തിന്റെ വെളിച്ചത്തിലാണ് ഓർമ്മക്കുറിപ്പുകളിൽ അജിത സ്വന്തം ജീവിതം വിലയിരുത്തുന്നതും വിശകലനം ചെയ്യുന്നതും. പ്രത്യയശാസ്ത്ര പിൻബലം വിശകലനത്തിന് മൂർച്ചയും തെളിച്ചവും നല്കുന്നത് കാണാം. ഓർമ്മകുറിപ്പുകൾ പലപ്പോഴും ആത്മകഥ എന്ന ശീർഷകം വിട്ട് ഒരു രാഷ്ട്രീയവിശകലന കൃതിയായി മാറുന്നുണ്ട്. ചരിത്രവും വർത്തമാനവും മാർക്സിയൻ കാഴ്ചപ്പാടിൽ ഇഴകീറിപ്പരിശോധിക്കുന്നു. താത്വികമായ അവലോകനങ്ങൾക്കായി ചില അദ്ധ്യായങ്ങൾ അപ്പാടെ മാറ്റിവെച്ചതായി കാണാം. അജിത ആത്മകഥയെ ഒരു രാഷ്ട്രീയലഘുലേഖയുടെ സ്വഭാവത്തിലേക്ക് ചിലപ്പോഴെങ്കിലും പരിവർത്തിപ്പിക്കുന്നുണ്ട്. അതേസമയം ആശയപരമായ വ്യക്തത ആ രചനയുടെ ബലമുള്ള അന്തർധാരയാണ്.
‘അടിമമക്ക’ പലതരത്തിൽ ശ്രദ്ധയർഹിക്കുന്ന രചനയാണ്. അത് ജാനുവിന്റെ ആത്മകഥ മാത്രമല്ല. ആദിവാസിയുടെ ജീവിതത്തിന്റെയും അവരോടുള്ള പൊതുസമൂഹത്തിന്റെ സമീപനത്തിന്റെയും വിമർശനബുദ്ധിയോടെയുള്ള വിശകലനം കൂടിയാണ്. എങ്ങനെയാണ് ഭരണകൂടം മുഖ്യധാരയുടെ മാത്രം ഭരണനിർവഹണ സംവിധാനമായി മാറുന്നത് എന്ന കാതലായ പ്രശ്നത്തെ കൃതി അഭിമുഖീകരിക്കുകയും അതിനെ നിർദ്ധാരണം ചെയ്യുകയും ചെയ്യുന്നു. ആദിവാസി ഉയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയത്തെ മനുഷ്യന്റെ നിലനിൽപ്പിന്റെ വിശാലമായ രാഷ്ട്രീയമായാണ് ജാനു തിരിച്ചറിയുന്നത്. ആ അർഥത്തിൽ അത് പരിസ്ഥിതിരാഷ്ട്രീയമാണ്. മനുഷ്യനെന്ന നിലയിലുള്ള ഓരോരുത്തരുടെയും ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലും ഈ കൃതി നിർവഹിക്കുന്നു: ‘കല്യാണം കഴിച്ച് കുടുംബമായി ജീവിക്കുന്നത് ജീവിതത്തിന്റെ നൂറിൽ ഒരു ഭാഗം മാത്രമാണ്. മറ്റുള്ളവർക്ക് ഗുണമുണ്ടാവുന്നതാണ് ബാക്കിയുള്ള ജീവിതം. നമ്മളിൽ അർപ്പിച്ച കർത്തവ്യം നമുക്ക് മാത്രമേ ചെയ്യാനാവൂ, വേറെയാർക്കും ചെയ്യാനാവില്ല. നമ്മൾ ജീവിച്ചു എന്നതിനല്ല പ്രാധാന്യം. എങ്ങനെ ജീവിച്ചു എന്നതിനാണ്.’ (പുറം 315)
അടിമതുല്യ ജീവിതത്തിൽ നിന്ന് പൊരുതി വളർന്ന് ഐക്യരാഷ്ട്രസഭാ പൊതു അസംബ്ലിവേദിയിൽ വരെ തന്റെയും തന്റെ ജനതയുടെയും ശബ്ദമെത്തിച്ച ഒരു വ്യക്തിയുടെ ജീവിതം വായിക്കുമ്പോൾ കിട്ടുന്ന ഊർജ്ജത്തോളം പ്രധാനമാണ് പുറംലോകം സംസ്കൃതിയുടെ താഴ്ന്ന പടിയിലുള്ളവരെന്ന് കരുതിപ്പോന്ന ഒരു മനുഷ്യവർഗ്ഗത്തിന്റെ ജീവിതമൂല്യങ്ങളുടെ ഗരിമയിലേക്കുള്ള സഞ്ചാരം നല്കുന്ന തിരിച്ചറിവ്. ഭരണകൂടവും അതിനോട് ചേർന്ന് നില്ക്കുന്ന സ്ഥാപനങ്ങളും ആദിവാസികളോട് ഇക്കാലമത്രയും അനുവർത്തിച്ച നയസമീപനങ്ങളെക്കുറിച്ചുള്ള വിമർശനം ഈ കൃതിയുടെ വായനക്കാരിൽ സ്വാഭാവികമെന്നോണം സൃഷ്ടിക്കപ്പെടുന്നു.
പ്രത്യയശാസ്ത്രപരമായി അജിതയോളം ആഴമോ പൊതുപ്രവർത്തക എന്ന നിലയിൽ ഗൗരിയമ്മയോളം പരപ്പോ അവകാശപ്പെടാൻ ജാനുവിന് കഴിയുന്നില്ലെങ്കിലും പോർനിലങ്ങളിലേക്ക് നയിച്ച നേരനുഭവത്തിന്റെ ഘനം ജാനുവിനോളം മറ്റ് രണ്ടുപേർക്കും ഉണ്ടാവാനിടയില്ല. അതുകൊണ്ടു തന്നെ മറ്റ് രണ്ട് ആത്മകഥകളെ അപേക്ഷിച്ച് ‘അടിമമക്ക’യിൽ ആത്മാർഥതയുടെ സ്വരത്തിന് ഒരു പൊടിക്കെങ്കിലും മുൻതൂക്കം കിട്ടുന്നതായി തോന്നും. ഭീകരമായ ഭരണകൂടവേട്ടയുടെ ഇരകളാണ് മൂന്നുപേരും. അപ്പോഴും സഹജീവികളുടെ ജീവിതം മുന്നേതിനേക്കാൾ ജീവിതയോഗ്യമാക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്തവരാണ് ഇവർ. പോർനിലയങ്ങളിൽ സമാനതകളില്ലാത്ത ചരിത്രം തീർത്ത ഈ പെൺപോരാളികളോട് മലയാളിയുടെ ആണധികാരവിധേയമനസ്സ് എന്താണ് ചെയ്തതെന്ന് സ്വയം ചിന്തിച്ച് തലതാഴ്ത്താൻ മൂന്ന് ആത്മകഥകളും അവയുടെ എഴുതാപ്പുറങ്ങളും നമ്മെ പ്രേരിപ്പിക്കുമെന്ന് ഉറപ്പ്.