Your cart is empty now.
"ജീവശാസ്ത്രരംഗത്തെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളെ പരിചയപ്പെടുത്തുന്ന, എതിരൻ കതിരവന്റെ പുസ്തകമാണ് റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച 'കാമേന്ദ്രിയങ്ങൾ ത്രസിക്കുന്നത്'." റാറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച എതിരൻ കതിരവൻ എഴുതിയ കാമേന്ദ്രിയങ്ങൾ ത്രസിക്കുന്നത് എന്ന പുസ്തകത്തിന്റെ വായന. വിനയരാഘവൻ സി. എഴുതുന്നു.
സയൻസിനെ നമ്മളിൽ പലരും മനസ്സിലാക്കിയിരിക്കുന്നത്, സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിനും അതുവഴി ദൈനംദിന ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിവരങ്ങളുടെ ശേഖരമായിട്ട് മാത്രമാണ്. മറിച്ച്, സയൻസിനെ സത്യാന്വേഷണത്തിന്റെ രീതിശാസ്ത്രമായി കാണുകയാണെങ്കിൽ, ശാസ്ത്രവായനയിലൂടെ നമ്മുടെ പരമ്പരാഗത ചിന്തകളെ ചോദ്യം ചെയ്യാനും, തിരുത്താനും സാധിക്കും. തെളിവുകളുടെ അടിസ്ഥാനത്തിൽ, കാര്യകാരണമായി ചുറ്റുപാടിനെ നിരീക്ഷിക്കാൻ എന്നെ സഹായിച്ച ശാസ്ത്രജ്ഞനും എഴുത്തുകാരനുമാണ് എതിരൻ കതിരവൻ. ജീവശാസ്ത്രരംഗത്തെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളെ പരിചയപ്പെടുത്തുന്ന, എതിരൻ കതിരവന്റെ പുസ്തകമാണ് റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച “കാമേന്ദ്രിയങ്ങൾ ത്രസിക്കുന്നത്”.
കേരളത്തിൽ ഈയടുത്ത കാലത്തെ ചൂടുപിടിച്ച ചർച്ചാവിഷയം, “മനുഷ്യരിൽ വർധിക്കുന്ന അക്രമാസക്തി” എന്നതായിരുന്നു. പുസ്തകത്തിലെ ആദ്യത്തെ അധ്യായം വിശദീകരിക്കുന്നത് അക്രമാസക്തിയുടെ ജീവശാസ്ത്രമാണ്. തലച്ചോറിലെ കണ്ണാടി ന്യൂറോണുകളുടെ സംവേദനങ്ങൾ എങ്ങനെ ആൾക്കൂട്ട ആക്രമണങ്ങളിലേക്ക് നയിക്കുന്നു എന്ന് ഈ ഭാഗം വ്യക്തമാക്കുന്നു.
സാമൂഹിക വ്യവസ്ഥയിലെ സദാചാര നിബന്ധനകൾ കാരണം ശാസ്ത്രജ്ഞർ പോലും ഒരു പരിധിയിൽ കൂടുതൽ അന്വേഷണ വിധേയമാക്കിയിട്ടില്ലാത്ത വിഷയമായിരുന്നു ‘മനുഷ്യ ലൈംഗികത’. എന്നാൽ ഇപ്പോൾ അതിനു മാറ്റം വന്നിരിക്കയാണ്. ഒരു species എന്ന നിലയിൽ നമ്മെ ഭൂമിയിൽ തുടരാൻ സഹായിക്കുന്ന ശാരീരിക സവിശേഷതയായ ലൈംഗികതയുടെ ശാസ്ത്രമാണ് ‘കാമേന്ദ്രിയങ്ങൾ ത്രസിക്കുന്നത്’ എന്ന അധ്യായം ചർച്ചചെയ്യുന്നത്.
“എന്റെ ജീവിതം എന്റെ തീരുമാനങ്ങളാണ്”, പക്ഷെ ആ തീരുമാനങ്ങളിൽ എത്രത്തോളം എന്റെ സ്വതന്ത്ര ഇടപെടലുകൾ ഉണ്ട്? ജീവിതാനുഭവങ്ങളും പരമ്പരാഗതമായി കിട്ടുന്ന മസ്തിഷ്ക പ്രത്യേകതകളും സ്വതന്ത്ര തീരുമാനങ്ങൾ എടുക്കാനുള്ള ശേഷിയെ എത്രത്തോളം ബാധിക്കുന്നു? തുടങ്ങി ആധുനിക ന്യൂറോസയൻസിന്റെ വെളിച്ചത്തിൽ “free will” എന്ന ആശയത്തെ എഴുത്തുകാരൻ കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്.
കോശങ്ങൾക്കകത്തെ ഡി.എൻ.എ യിൽ വരുന്ന വ്യതിയാനങ്ങളും പ്രായമാകലും തമ്മിലുള്ള ബന്ധം, mRNA വാക്സിനുകൾ വൈദ്യ ശാസ്ത്രത്തിൽ ഉണ്ടാക്കാൻ പോകുന്ന വിപ്ലവം, ചുംബനവും വൈറസുകളും, AI വിപ്ലവം വൈദ്യശാസ്ത്രത്തിൽ തുടങ്ങി ഒട്ടേറെ വിഷയങ്ങളെ ‘കാമേന്ദ്രിയങ്ങൾ ത്രസിക്കുന്നത്’ എന്ന പുസ്തകം പരിചയപ്പെടുത്തുന്നു. അറിവ് നേടാനുള്ള ജിജ്ഞാസയും അറിയുമ്പോഴുള്ള അത്ഭുതവുമാണ് ശാസ്ത്രവായനയെ മുന്നോട്ട് നയിക്കുന്നത്. എതിരൻ കതിരവന്റെ ഉദ്യേഗജനകമായ ഈ എഴുത്ത് ഓരോ വായനക്കാരനും മികച്ച വായനാനുഭവമായിരിക്കും.