Your cart is empty now.
പനവല്ലിയിൽ നടക്കുന്ന മിച്ചഭൂമി സമരത്തിന്റെ നേതാവ് ജാനുവിനെ ഇന്ത്യാ ടുഡേയിൽനിന്ന് ഇന്റർവ്യൂ ചെയ്യാൻ പോകുന്നത് 1995- ലാണ്. വയനാട്ടിൽ തൃശ്ശിലേരി ഗ്രാമത്തിലെ ചേക്കോട്ടു കോളനിയിൽ അടിയസമുദായക്കാരായ കരിയന്റെയും വെളിച്ചിയുടെയും മകൾ സി.കെ. ജാനുവിനെ ആദ്യമായി കാണുന്നത് അങ്ങനെയാണ്. ഏതൊരു ആമുഖത്തെയും മുഖ്യാധാരാ അഭിമുഖ ചോദ്യങ്ങളെയും റദ്ദാക്കിക്കളയുന്ന ആത്മകഥയാണ് ജാനു എന്ന് അന്നുതന്നെ മനസ്സിലാക്കേണ്ടിവന്നു.
വർഷങ്ങൾക്കുശേഷം, 2023-ൽ മറ്റൊരു ഇന്റർവ്യൂ നടത്തി. ആ അഭിമുഖത്തിലും ജാനുവിന് പതർച്ചകളില്ല. ഉറപ്പിച്ചു പറയാം: സി.കെ.ജാനു എന്ന പേരും അവരുടെ ഇടവും സമകാലിക ആദിവാസി സമരചരിത്രത്തിലെ ഏറ്റവും ഉജ്വലമായ അടയാളമാണ്. അത്, ഭൂമിയിലെ ഏതൊരു ആദിവാസി രാഷ്ട്രീയസമരചരിത്രത്തോടുമൊപ്പം പ്രസക്തവുമാണ്. ഈ ആത്മകഥ, ‘അടിമമക്ക’ ഒരു പച്ചയായ രചനയാണ്. ഭരണകൂടങ്ങളും രാഷ്ട്രീയ സംവിധാനവും സിവിൽ സൊസൈറ്റിയും നടത്തിയ അതിക്രൂരമായ ആദിവാസിവംശഹത്യയുടെ, നിരാകരണത്തിന്റെ രേഖപ്പെടുത്താത്ത ചരിത്രമെന്ന നിലയ്ക്ക് ‘അടിമമക്ക’ പ്രധാനപ്പെട്ടതും പ്രസക്തിയുള്ളതുമായ ആത്മകഥയാണ്.
ഫ്യൂഡൽ ജന്മിത്തകാലത്തെ ഗോത്രജീവിതത്തിന്, ജനാധിപത്യ ഭരണകൂടങ്ങളുടെ കാലത്തുള്ള തുടർച്ച, ‘അടിമമക്ക’ വായിക്കുന്ന ഈ കാലം വിക്ഷുബ്ധതയോടെ രേഖപ്പെടുത്താതിരിക്കില്ല.
ചോദ്യംചെയ്യപ്പെടാനിടമില്ലാത്ത അതിക്രൂരവ്യവസ്ഥിതിയോട്, ആറാം വയസ്സിലാണ് സി. കെ.ജാനുവിന്റെ കലഹം തുടങ്ങുന്നത്. കാട്ടുകിഴങ്ങ് മാത്രംതിന്നു ജീവിച്ച കുട്ടി. വിശപ്പ് സഹിക്കാനാകാതെ അവളും കൂട്ടുകാരും ഒരാളുടെ വീട്ടിൽനിന്ന് ചോറ് കട്ടുതിന്നിട്ടുണ്ട്. വള്ളിയൂർ ഉത്സവകാലത്ത് ജന്മി കൊടുക്കുന്ന കൂലിയിൽനിന്ന് വാങ്ങിയ ഉണക്കമത്തി ചുട്ടുകഴിക്കുന്ന ആർഭാടം. ഒരൊറ്റ ചേല അലക്കിയിട്ട് അതുണങ്ങുന്നതു വരെയുള്ള കുളി. ജന്മിയുടെ വീട്ടിൽ നെല്ല് പുഴുങ്ങുന്ന സമയം. നെല്ല് വേവുന്ന സമയത്ത് കോരിയെടുത്ത് ഉണക്കാനിടണം. ജാനുവും കൂട്ടുകാരി അമ്മിണിയും ആ പണിക്കു പോയില്ല. ജന്മിയുടെ ഭാര്യ ദേഷ്യത്തോടെ വന്നപ്പോൾ ജാനു പറഞ്ഞു: “എപ്പോഴും ദോശയുണ്ടാക്കി നിങ്ങൾ തന്നെയല്ലേ തിന്നുന്നത്, ഞങ്ങൾക്ക് പഴങ്കഞ്ഞിയല്ലേ തരുന്നത്, അതുകൊണ്ട് നിങ്ങളുടെ പണി നിങ്ങൾ തന്നെ ചെയ്തോ.”
ചെറുപ്പത്തിലേ നിർഭയയായിരുന്നു ജാനു. തൃശ്ശിലേരിയിൽനിന്ന് മാനന്തവാടി വരെ 14 കിലോമീറ്റർ നടന്ന് രാത്രി ജയഭാരതിയുടെയും നസീറിന്റെയും സിനിമ കാണാൻ പോകും. 1987-ൽ കാട്ടിക്കുളം ടൗണിൽ നടന്ന സാക്ഷരതാ കലാജാഥയിൽ ജീവിതത്തിലാദ്യമായി പ്രസംഗിക്കേണ്ടിവന്നപ്പോൾ, ആദിവാസികൾക്ക് വീടും റേഷൻകാർഡും ഇല്ലാത്തതിനെക്കുറിച്ചും കോളനികളിൽ കറന്റും കുടി വെള്ളവും ഇല്ലാത്തതിനെക്കുറിച്ചുമാണ് പറഞ്ഞത്. ജന്മിയുടെ വീട്ടിലെ സ്ഥിരം കൂലിപ്പണി അവസാനിപ്പിച്ച് ജാനു സ്വന്തമായി പാടം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. അരയേക്കറോളം പാടം ഒറ്റയ്ക്കു കിളച്ചിട്ടു. വരമ്പ് ചെത്തുന്നതു മുതൽ കൊയ്യുന്നതുവരെയുള്ള പണികളെല്ലാം ഒറ്റയ്ക്കു ചെയ്തു. മൂന്നുനാലേക്കർ സ്ഥലത്ത് ഇഞ്ചികൃഷി നടത്തി. തയ്യൽ പഠിച്ചു.
സ്വന്തം ജീവിതത്തെ സഹമനുഷ്യരുമായും അവരുടെ ചുറ്റുപാടുകളുമായും ഒരുവിധ ഉപാധികളുമില്ലാതെ ചേർത്തുനിർത്തുന്ന രാഷ്ട്രീയവ്യക്തിത്വമാണ് ജാനുവിനെ കമ്യൂണിസ്റ്റുപാർട്ടിയുമായി അടുപ്പിക്കുന്നത്. എന്നാൽ, പാർട്ടിയുമായുള്ള ജാനുവിന്റെ വിനിമയങ്ങൾ, ആദിവാസി സ മൂഹത്തോടുള്ള മുഖ്യധാരാ പൊതുസമൂഹത്തിന്റെ വംശീയതയലൂന്നിയ ചൂഷണമനസ്സ് കേരളത്തിലെ കമ്യൂണിസ്റ്റുപാർട്ടി അതേതീവ്രതയിൽ പങ്കിടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവംകൂടിയായി മാറുന്നുണ്ട്. ജാനുവിന്റെ സ്വഭാവികമായ രാഷ്ട്രീയ ചോയ്‌സ് ആയിരുന്നു കമ്യൂണിസ്റ്റുപാർട്ടി. പാർട്ടിജാഥയ്ക്ക് പോയിപ്പോയി അവർ പാർട്ടി അംഗമായി. രണ്ടുരൂപയിൽനിന്ന് 25 പൈസ കൂടി കൂട്ടിക്കിട്ടാൻ പാർട്ടിക്കുകീഴിൽ സമരംചെയ്തു. പതിനഞ്ചാമത്തെ വയസ്സിൽ പാർട്ടി ബ്രാഞ്ച് മെമ്പറും കർഷകത്തൊഴിലാളി യൂണിയൻ ജില്ലാക്കമ്മിറ്റി അംഗവുമായി. പാർട്ടി, ജാനുവിനെ എന്തെങ്കിലും പഠിപ്പിച്ചോ എന്ന് ചോദിച്ചപ്പോൾ ‘ഇല്ല’ എന്ന ഉത്തരമാണ് കിട്ടിയത്. പതുക്കെ അവർ തിരിച്ചറിയുന്നു, പാർട്ടി ജാഥകളിൽ മുദ്രാവാക്യം വിളിക്കാനുള്ള ശബ്ദങ്ങൾ മാത്രമാണ് ആദി വാസികൾ. 25പൈസ കൂട്ടിക്കിട്ടാൻ സമരംചെയ്തപ്പോൾ, അത് പത്തുപൈസയാക്കി നേതാക്കൾ ജന്മിയുമായി നടത്തുന്ന ഒത്തുതീർപ്പുകൾ അവർ തിരിച്ചറിയുന്നു. അത് ഏതാനും നേതാക്കളുടെ മാത്രം പ്രശ്നമല്ല, കമ്യൂണിസ്റ്റുപാർ ട്ടിയുടെ വർഗസമീപനത്തിന്റേതായിരുന്നു. അതുകൊണ്ടാണ്, 1957-ൽ അധികാരത്തിലെത്തിയ ഇ.എം.എസ് സർക്കാറിന് അടിമത്തവും അടിമപ്പണിയും അവസാനിപ്പിക്കാൻ കഴിയാതിരുന്നത്. 1970-ൽ കേന്ദ്ര ഗവണ്മെന്റിന്റെ ഉത്തരവനുസരിച്ചാണ് അടിമക്കച്ചവടം അവസാനിച്ചതെന്ന് ജാനു എഴുതുന്നുണ്ട്. എഴുപതുകൾക്കുശേഷവും, ഞാൻ ചെയ്ത പണി, അടിമപ്പണി തന്നെയായിരുന്നുവെന്ന് അവർ എഴുതുന്നു.
പാർട്ടി നടത്തുന്ന ആദിവാസി ചൂഷണത്തിനെതിരെ, കമ്മിറ്റിയിൽ ചോദ്യംചെയ്തുകൊണ്ട്, 1987-ൽ ജാനു കമ്യൂണിസ്റ്റുപാർട്ടി വിട്ടു. വ്യവസ്ഥിതിയോടുള്ള എതിർപ്പും പ്രതിഷേധവും അതിനെ ചെറു ക്കാൻ ശേഷിയുമുള്ള ഒരു ആദിവാസിസ്ത്രീ സ്വന്തം ജനതയ്ക്കുവേണ്ടിയുള്ള ഒരു രാഷ്ട്രീയവഴി കണ്ടെത്തുന്നതാണ് പിന്നീട് കാണുന്നത്. അത്, കേരളത്തിന്റെയും, ഇന്ത്യയുടെതന്നെയും രാഷ്ട്രീയസമരചരിത്രത്തിലെ പ്രധാനമായ ഒരു കാൽവെപ്പു കൂടിയായിരുന്നു.
ആദിവാസികളുടെ സമരോത്സുക രാഷ്ട്രീയത്തെ നിർവീര്യമാക്കുന്ന ഇടതു- വലതുപക്ഷങ്ങൾക്കെതിരായ ഒരു മൂവ്‌മെന്റ്, അതേ സമൂഹത്തിന്റെ നേതൃത്വത്തിൽതന്നെ വയനാട്ടിൽനിന്ന് രൂപപ്പെടുത്തിയെടുത്ത അനുഭവം, കേരളത്തിന്റെ ഇതുവരെ എഴുതപ്പെട്ട രാഷ്ട്രീയചരിത്രങ്ങളെല്ലാം തമസ്കരിച്ച അനുഭവം; സി.കെ.ജാനു വിശദമായി ഈ ആത്മകഥയിൽ എഴുതുന്നുണ്ട്. ആദിവാസികളുടെ ഭൂരാഹിത്യം എന്ന വിഷയം ഉന്നയിച്ചുകൊണ്ടുള്ള നിൽപ്പുസമരത്തിലേക്കും പിന്നീട് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കായുള്ള മുത്തങ്ങ സമരത്തിലേക്കും പിന്നീട്, കേരളീയ പൊതുസമൂഹത്തിന് അവഗണിക്കാനാകാത്തവിധം ഈ വിഷയങ്ങളെ വികസിപ്പിച്ചെടുക്കാനും ജാനുവിന്റെ നേതൃത്വം നടത്തിയ സമാനതകളില്ലാത്ത ഇടപെടലുകളുടെ തുടക്കം മുതലുള്ള ഗതിവിഗ തികൾ ‘അടിമമക്ക’ സത്യസന്ധമായ രാഷ്ട്രീയബോധ്യത്തോടെ രേഖപ്പെടുത്തുന്നു. മുത്തങ്ങ സമരത്തിനുമുമ്പ് വയനാട്ടിലെ ആദിവാസി കോള നികളിൽ നടന്ന, ജനാധിപത്യപരമായ സമരപങ്കാളിത്തം ഉറപ്പാക്കുന്ന ഒരുക്കങ്ങൾ ഏതൊരു രാഷ്ട്രീയ സംവിധാനവും വായിച്ചുപഠിക്കേണ്ട പാഠങ്ങളാണ്.
മുത്തങ്ങ സമരത്തിൽ, ആദിവാസികളെ ഒഴിപ്പിക്കാൻപൊലീസ് നടത്തിയ കൊടുംക്രൂരതകളുടെ ചോരയിറ്റുന്ന അറിയാക്കഥകൾ ജാനു തുറന്നെഴുതുന്നുണ്ട്. ജാനുവിന്റെ, അടിയേറ്റുവീങ്ങിയ മുഖവും ഗീതാനന്ദനേറ്റ മർദ്ദനത്തിന്റെ ചിത്രങ്ങളും മാത്രമേ ഈ ക്രൂരതയുടെ ഓർമകളായി ബാക്കിയുള്ളൂ. എന്നാൽ കേരളത്തിലെ ജനാധിപത്യ ഭരണകൂടവും അതിന്റെ പൊലീസും നടത്തിയ വംശീയതയ്ക്കുതുല്യമായ അതിക്രമം മീഡിയപോലും റിപ്പോർട്ടു ചെയ്യാൻ മറന്നുപോയ ഒന്നാണ്. അതിൽ, ഒരു മുളങ്കൂട്ടത്തിനുള്ളിൽ ജാനുവിനെ ഒളിപ്പിച്ചിരുത്തി, തീയിട്ടു കൊല്ലാൻ പൊലീസ് നടത്തിയ ഗൂഢനീക്കമുണ്ട്. പരിക്കേറ്റ, പൊലീസുകാരനായ വിനോദിനെ ആശുപത്രിയിലെത്തിക്കാനുള്ള സമരക്കാരുടെ ശ്രമം പൊലീസുതന്നെ തടഞ്ഞ്, അയാളെ മനഃപ്പൂർവ്വം മരണത്തിലേക്ക് നയിച്ച സംഭവമുണ്ട്. സ്ത്രീകൾക്കുനേരെ നടന്ന ലൈംഗികാതിക്രമങ്ങളുണ്ട്. പിഞ്ചുകുഞ്ഞുങ്ങൾക്കു നേരെ നടന്ന ഭീകരമർദ്ദനങ്ങളുണ്ട്.
ഒപ്പം, കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും ആദിവാസി ഭൂപ്രശ്‌നം എന്ന അടിസ്ഥാന അവകാശത്തെ, ഏകകണ്ഠമായി അട്ടിമറിച്ചതുകൂടി ഈ ക്രൂരതകളുടെ ഭാഗമായി വായിച്ചെടുക്കണം. ജാനുവിന്റെ നേതൃത്വത്തിൽ ഉയർന്നുവന്ന ഭൂസമരങ്ങൾ, കേരളത്തിലെ അടിസ്ഥാന മനുഷ്യരുടെയാകെ വിഭവാധികാര സമരങ്ങളായി വികസിച്ചതിന്റെ ആവേശകരമായ ചിത്രം കൂടി ‘അടിമമക്ക’യിൽ വായിച്ചെടുക്കാം. ഭരണകൂടങ്ങളുടെ വാഗ്ദാന ലംഘനങ്ങളും അടിച്ചമർത്തലുകളും ആത്യന്തികമായ ഒരു റിസൾട്ടിനെ ഇല്ലാതാക്കിയെങ്കിലും ആ സമരങ്ങൾ പ്രസരിപ്പിച്ച ഊർജ്ജവും അവകാശബോധവും കേരളത്തിലെ ആദിവാസി- ദലിത് വിഭാഗങ്ങളുടെ രാഷ്ട്രീയവല്ക്കരണപ്രക്രിയയ്ക്ക് നല്കിയ സംഭാവന വിലപ്പെട്ടതാണ്. അതിന് നേതൃത്വം നല്കിയത് ഒരു ആദിവാസി സ്ത്രീതന്നെയാണ് എന്നതും പ്രധാനമാണ്.
പ്രകടമായ രോഷത്തോടെ ജാനു രാഷ്ട്രീയപ്പാർട്ടികളെ വിചാരണ ചെയ്യുന്നുണ്ട്. കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന്, അവരുടെ യാന്ത്രികമായ വർഗവിശകലന സമീപനംവച്ചുകൊണ്ട് വിശദീകരിക്കാനാകാത്ത ഒന്നാണ്, അടിസ്ഥാനവർഗ പ്രാതിനിധ്യമുള്ള ഒരു സമരനേതൃത്വത്തെ തള്ളിപ്പറഞ്ഞതിന്റെയും ഇല്ലാതാക്കാൻ ശ്രമിച്ചതിന്റെയും കാരണങ്ങൾ. ജാതിപ്രശ്നം ഏറ്റെടുക്കുന്നതിൽ ഇടതുപക്ഷത്തിന് സംഭവിച്ച പാളിച്ച സ്വയംവിമർശനപരമായി കമ്യൂണിസ്റ്റുപാർട്ടികൾ വില യിരുത്തിയിട്ടുണ്ടെങ്കിലും കേരളത്തിലെ ആദിവാസി സമൂഹത്തോട് ചെയ്ത ചരിത്രപരമായ അനീതി ഒരിക്കലും പാർട്ടിയുടെ അജണ്ടയിൽ ഇടംപിടിച്ചിട്ടില്ല. അതേസമയം, സി.കെ.ജാനുവിന് സംഘപരിവാർ ബന്ധത്തിലേക്ക് പോകേണ്ടിവന്നതിന്റെ സാഹചര്യം നേരത്തേ പറ ഞ്ഞ യാന്ത്രിക വിശകലനരീതിവച്ച് അവർ സമർത്ഥിക്കുകയും ചെയ്യും. ജാനു തന്നെ, നേതൃത്വം എന്ന നിലയ്ക്കും വ്യക്തിയെന്ന നിലയ്ക്കും താൻ നേരിട്ട ഈ പ്രതിസന്ധി രാഷ്ട്രീയവ്യക്തതയോടെ വിശദീകരിക്കുന്നുണ്ട്. അതിന് പ്രത്യയശാസ്ത്രപിൻബലമില്ലെന്ന് കേരളത്തിന്റെ ഇടതുപൊതുബോധത്തിന് പരിഹസിച്ചുതള്ളാം. എന്നാൽ, അടിസ്ഥാന ജനതയോട് ചെയ്ത അനീതിയെ രാഷ്ട്രീയമായി വിശദീകരിക്കാൻ പരി ഹാസം മതിയായ പരിഹാരമല്ലെന്ന് ജാനുജീവിതം ഈ പുസ്തകത്തിൽ പറയുന്നു. സ്വന്തം ജീവിതം കൊണ്ട് നടത്തിയ ഇടപെടലുകളുടെ പ്രത്യയശാസ്ത്രപിൻബലം മാത്രമാണ് സി.കെ.ജാനുവിന് കൂട്ടായുള്ളത്.
എന്നാൽ, കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയം/മീഡിയ സി.കെ. ജാനുവിനെ എങ്ങനെയാണ് ‘കൈകാര്യം’ ചെയ്തത്? ഈ പുസ്തകം വായിക്കുമ്പോൾ ഈ കാലത്ത് ജീവിക്കുന്ന നമുക്ക് കെ. ആർ. ഗൗരിയെയും അജിതയെയും ഓർമ വരുന്നുണ്ടോ; കേരളത്തിന്റെ നഷ്ടങ്ങളെയും? ഒരു ജനത എന്ന നിലയിൽ നാം, നമ്മുടെ രാഷ്ട്രീയം, നമ്മുടെ നേതൃത്വം, നമ്മുടെ സംസ്കാരം, നമ്മുടെ ഭാഷ, നമ്മൾ ചെയ്തുപോരുന്ന കൊടിയ വഞ്ചനകൾ മറക്കാൻ കഴിയുമോ? ഈ പുസ്തകം ഉന്നയിക്കുന്നത് ഇത്തരം ലളിതമായ ചോദ്യങ്ങളാണ്. ഉത്തരങ്ങൾ അത്ര ലളിതമായിരിക്കില്ല; കഷ്ടവും കഠിനവുമാവും.