Your cart is empty now.
ഷൗക്കത്ത് എ.വി.
ഗാസയിലെയെന്നല്ല ലോകത്തെവിടെയും യുദ്ധമെന്ന അനീതിയുടെ ദുരിതത്തിൽ മരിച്ചു വീഴുന്ന എല്ലാ കുഞ്ഞുങ്ങളുടെയും നോവിനെയാണ് ഈ പുസ്തകത്തിലെ ആദ്യകഥയായ ഒലീവ് ഇലകൾക്കിടയിൽ നിന്ന് ഒരു പൂമ്പാറ്റക്കുഞ്ഞ് തൊട്ടുതരുന്നത്.
ഒരു പുസ്തകത്തിന്റെ രചന പൂർത്തിയാകുക അത് മനോഹരമായി അച്ചടിച്ചു വരുന്നതോടെയാണെന്ന് ഗുരു നിത്യ പറയാറുണ്ട്. അങ്ങനെയെങ്കിൽ മനോഹരമായി പൂർത്തിയായ ഒരു പുസ്തകമാണ് രാധാകൃഷ്ണൻ പേരാമ്പ്ര എഴുതിയ “ഒലീവ് ഇലകൾക്കിടയിൽ നിന്ന് ഒരു പൂമ്പാറ്റക്കുഞ്ഞ്”എന്ന കുട്ടികൾക്കായുള്ള ഈ കുഞ്ഞു പുസ്തകം. ഇത്രയും മനോഹരമായി ഈ പുസ്തകത്തെ പ്രകാശിപ്പിച്ച റാറ്റ് ബുക്സിന് ആദ്യമായി അഭിനന്ദനങ്ങൾ.
ഗാസയിലെയെന്നല്ല ലോകത്തെവിടെയും യുദ്ധമെന്ന അനീതിയുടെ ദുരിതത്തിൽ മരിച്ചു വീഴുന്ന എല്ലാ കുഞ്ഞുങ്ങളുടെയും നോവിനെയാണ് ഈ പുസ്തകത്തിലെ ആദ്യകഥയായ ഒലീവ് ഇലകൾക്കിടയിൽ നിന്ന് ഒരു പൂമ്പാറ്റക്കുഞ്ഞ് തൊട്ടുതരുന്നത്. എഴുത്തിന്റെ ധർമ്മമെന്തെന്ന ചോദ്യത്തിന് ഉള്ളിൽ എന്നും തോന്നിയിട്ടുള്ള ഒരുത്തരം കാണാത്ത കാഴ്ചകളിലേക്ക് വെളിച്ചമാകുക എന്നതും കണ്ട കാഴ്ചകളെ ആഴത്തിലറിയിക്കുക എന്നതുമാണെന്നാണ്. അങ്ങനെയെങ്കിൽ എല്ലാ കുഞ്ഞുങ്ങളും അറിയേണ്ടതായ, അനുഭവിക്കേണ്ടതായ നോവിനെ കൃത്യമായി അടയാളപ്പെടുത്തിയിട്ടാണ് ഈ പുസ്തകം ആരംഭിക്കുന്നത് എന്നത് തികച്ചും മൂല്യവത്തായ കർത്തവ്യമാകുന്നു.
ലളിതമായ ഭാഷയിൽ ശാന്തമായ ഒഴുക്കോടെ കഥ പറഞ്ഞു പോകുന്ന ഈ പുസ്തകം കുഞ്ഞുങ്ങളുടെ വായനയിലേക്ക് പ്രകാശം പ്രസരിപ്പിക്കുകതന്നെ ചെയ്യും. കരുണയും കരുതലും നിറഞ്ഞ ജീവിതത്തിലേ സമാധാനമുണ്ടാകൂ എന്ന ദർശനത്തെ അനുഭവിപ്പിക്കാൻ ഇതിലെ കഥകൾക്ക് കഴിയുന്നുണ്ട്.
മനുഷ്യൻ മനുഷ്യനുമായി മാത്രം കൂടുതൽ ഇടപഴകി ശീലിച്ചതിനാൽ മനുഷ്യേതര ജീവജാലങ്ങളുമായുള്ള ഇടപെടൽ കുറവാണ്. ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ ഉറുമ്പും ആമയും പട്ടിയും പൂച്ചയും പക്ഷിയുമെല്ലാം നമ്മെപ്പോലെയുള്ള അനുഭവങ്ങളിൽ ജീവിക്കുന്നവരാണെന്ന അറിവ് നിറയുന്നു. പ്രകൃതിയിലേക്ക് നിറയാത്ത മനസ്സ് എത്ര ചെറുതാണെന്ന് അവിടെയാണ് നാം അനുഭവിക്കുന്നത്.
ഇതുപോലുള്ള സ്നേഹവും കരുതലും പകരുന്ന എഴുത്തുകൾ കൊണ്ട് ഹൃദയത്തെ വിശാലമാക്കാൻ ഇനിയുമിനിയും ശ്രീ രാധാകൃഷ്ണന് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.