ഒരു മേതിൽപ്രേമിയുടെ ആർത്തി പുരണ്ട വായന – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

ഒരു മേതിൽപ്രേമിയുടെ ആർത്തി പുരണ്ട വായന

ഒരു മേതിൽപ്രേമിയുടെ ആർത്തി പുരണ്ട വായന

  • 27 March, 2025
  • RAT Books
ഹരിത ആർ.
"ഇതൊരു മേതിൽപ്രേമിയുടെ ആർത്തിപുരണ്ട വായനയായിരുന്നു..! എഴുത്തുകാരൻ, വ്യാഴാഴ്ചകൾ മാത്രമുള്ള ദിവസങ്ങളെ മനോഹരമാക്കി എഴുതിക്കൊണ്ട്, ആഴ്ചയിലെ മറ്റുദിവസങ്ങളുടെ കണ്ടുമുട്ടാവ്യഥകൾ കൂടി മനസ്സിലേക്ക് പകർത്തിയെഴുതുന്നു...!" കരുണാകരൻ എഴുതിയ 'മേതില്‍ Ars Longa, Vita Brevis വ്യാഴാഴ്ചകള്‍ മാത്രമുള്ള ഏഴു ദിവസങ്ങള്‍' എന്ന പുസ്തകത്തിന്റെ വായന. ഹരിത ആർ. എഴുതുന്നു.

" മൃത്യു , മൗനം, ഏകാന്തത..
നീ പാടുന്നു.
- സ്നേഹത്തെപ്പോലെ, ജീവിതത്തെപ്പോലെ
മൃത്യുവിന് മൗനം എന്തോ.. മൗനത്തിന് ഏകാന്തത എന്തോ..
അതാണ് സ്നേഹത്തിന് കരച്ചിൽ.. "
- പ്രിയപ്പെട്ട സാൽവദോർ (മേതിൽ)

ഭക്ഷണമെന്നു തന്നെയല്ല, ഭക്ഷണത്തേക്കാൾ പുസ്തകമെന്ന് ചിന്തിക്കുന്നവരുടെ മാനസികരുചിമുകുളങ്ങളിലേക്കാണ് ഓരോ പുസ്തകവും കൈയ്യെത്തിതൊടുന്നത്, ചിലത് കയ്പ്പ് ആയേക്കും.. അതായത്, കാഞ്ഞിരംപോൽ കയ്പ്പ്.. കയ്പ്പക്കപോൽ കയ്‌പ്പല്ലതാനും.. (ഒന്നെനിക്കിഷ്ടമല്ല.. മറ്റൊന്ന് എനിക്ക് ഇഷ്ടമാണെന്ന പോലെ തന്നെ.)
അപ്രതീക്ഷിതമായി രുചിക്കേണ്ടിവന്ന ആദ്യകയ്പ്പിന്റെ തീരെചെറിയ അംശത്തെപ്പോലും ഊറ്റിയെടുത്തു വലിച്ചെറിയുവാൻ അത്രയും ദീർഘമല്ലാത്ത എന്നാൽ ആഴമുള്ള ഒരു പുസ്തകം വേണമായിരുന്നു. " മേതിൽ Ars Longa, vita Brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴുദിവസങ്ങൾ " പുതുമണ്ണിനെ മഴ വന്നു തൊടുംപോലെ എന്നെ വന്നു തൊട്ടു. 



നഗരങ്ങൾ പിളർത്തിയിട്ട ഏകാന്തതയുടെ വലിയ ഓർമയിൽ പല നേരങ്ങളിൽ പാർത്ത ഒരാളെപ്പോലെ ഞാൻ മേതിലിനോട് ബോംബെയെപ്പറ്റി പറഞ്ഞു.

വായിക്കുവാൻ ആരംഭിക്കുമ്പോഴേ ഭാഷയതിന്റെ മോഹിപ്പിക്കുന്ന വലയത്തിലേക്ക് ആകർഷിക്കുവാൻ തുടങ്ങുന്നത് എനിക്കിഷ്ടമാണ്. ഈ വാക്യങ്ങളുടെ വായനാ ശേഷം ഞാൻ കുറിച്ചു വെച്ചത് ഇങ്ങനെയാണ്‌.
മനുഷ്യന്. മനുഷ്യനോട് സംവദിക്കുവാൻ മൗനം പോലും ഭാഷയാകുന്നു... എന്നാൽ ഇത് മനോഹരമായ ഭാഷയോട് അതിമനോഹരമായ ഭാഷ സംസാരിക്കുന്നതാണ്. അതിങ്ങനെ ആകാതെ തരമില്ലല്ലോ.

മേതിലിന്റെ ഭാഷയോട് എനിക്ക് അപരിചിതത്വമില്ല ദിവസേന ഞങ്ങൾ കണ്ടുമുട്ടും, ഒരു വരിയെങ്കിലും വായിക്കും. മനസ്സിന് അതൊരു മരുന്നാണ്. വായനയൊരു വൈദ്യമാണെന്ന് അതെന്നെ നിരന്തരം ഓർമ്മിപ്പിക്കും. എന്നാൽ കരുൺന്റെ ഭാഷയോടുള്ള പരിചയം ലേഖനത്തിന്റെ ഛായയിൽ മാത്രമായിരുന്നു. അതിന്റെ കടുപ്പം (ആവശ്യമായത് തന്നെ) ഞാൻ മറന്നുപോയി, മനഃപൂർവ്വം വന്നിതിൽ വീഴുകയായിരുന്നു.

ഏതൊരു മേതിൽപ്രേമിയുടേയും ഉള്ളിലൊരു മേതിൽ എങ്ങനെ വസിക്കുന്നുവോ, അതിന്റെ സകലമാന തച്ചുശാസ്ത്രങ്ങളോടും കൂടിയൊരു മേതിൽ എന്റെയുള്ളിലും ഉണ്ട്. ഒരു കല്ലു പോലും ഇളകാതെ, കൂടുതൽ കൂടുതൽ മനസ്സിൽ അത് ഉറപ്പിക്കുക എന്നതായിരുന്നു ഈ പുസ്തകം നൽകിയ ആദ്യമധുരം. ഞാൻ സൂചിപ്പിച്ചത് പോലെ തന്നെ അതിസുന്ദരമായ രണ്ടു ഭാഷകൾ അഥവാ മനുഷ്യർ ചേർന്നുള്ള സംഭാഷണങ്ങളുടേയും ഓർമ്മകളുടേയും ഒരു കുഞ്ഞുപുസ്തകമാണ്. 


" എഴുത്ത് ഒരു സദ്യ പോലെയായിരിക്കണം " മേതിലിന്റെ വാക്കുകൾ ഓർമ്മയിൽ കൊത്തിപ്പെറുക്കുന്ന സുഖം ഈ പുസ്തകം പകർന്നു നൽകുന്നു.

"രണ്ടു വ്യക്തികൾ ഒരിടത്തിരുന്ന് സംസാരിക്കുന്നു. അവരിലൊരാൾ അതിന്റെ കൈയ്യെഴുത്തുപ്രതി തയ്യാറാക്കുന്നു. ഈ ആൾ രണ്ട് പേരിൽ ആരായാലെന്ത്?"

മേതിൽ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നതിന്റെ ആകമാനമായ പൊരുൾ എന്താണോ അത് തന്നെയാണ് ഈ പുസ്തകം. വ്യാഴാഴ്ചകളിൽ കണ്ടുമുട്ടുന്ന രണ്ടുപേർ,

" സാഹിത്യമൊഴികേ മറ്റെന്തും സംസാരിക്കാം"

എന്ന് തുടങ്ങുന്ന ധാരണകളിൽ നിന്നും സാഹിത്യമല്ലാതെ മറ്റൊന്നും സംസാരിക്കുവാൻ കഴിയാത്തവരിലേക്ക് അവർ നടന്നടുക്കുമ്പോൾ ഒരു അത്ഭുതമൊന്നും തോന്നില്ല.. അത്, അതങ്ങനെയാണ്.

"ഒരു രാത്രി കൊണ്ട്, ഒരാൾ എത്ര കവിതകൾ എഴുതും?"
വെട്ടലോ തിരുത്തലോ ഇല്ലാതെ എത്രയോ വേണമെങ്കിലും... എന്ന് നമുക്ക് ഉറപ്പിക്കാം. കാരണം.. അത് , ആ കവി മേതിൽ ആണ്.! 

" അല്ലെങ്കിൽ കവിതയുടെ പ്രചോദനം എന്താണ്, കവിയായിരിക്കുക എന്നല്ലാതെ, ഓർമ്മയിലും പ്രവർത്തിയിലും"
അങ്ങനെ വായിക്കുമ്പോൾ എന്റെ ക്ഷമ നശിച്ചു. ഒറ്റ രാത്രിയുടെ കവിതയിൽ ഒന്നായ " ഒച്ചിന്റെ തോട്" എന്റെ ഒരു സമയത്തെ, മന്ത്രവാക്യമായിരുന്നുവല്ലോ.. ഞാൻ എന്റെ കണ്മുന്നിൽ നിന്നും മേതിൽ സമ്പൂർണ്ണമെടുത്തു. കവിതകൾ തിരഞ്ഞു, വിരലുകൾക്ക് മുയൽവേഗം.. ഓർമ്മകൾക്ക് അതിലും വേഗം. 



" ഒച്ചിന്റെ തോടും
ബുദ്ധന്റെ പഗോഡയും
ഒച്ചിന്റെ തോടിൽ
ഉറുമ്പരിക്കുന്നു
ഒച്ചോ തോട് വിട്ട്
പന്തിനു മുകളിലിരിക്കുന്നു.. "

"എന്റെ ധ്യാനം ഈ പഗോഡകളിൽ ആണ്"
എന്നതെന്റെ മന്ത്രമായിരുന്നു.. വീണ്ടും ഉരുവിട്ടു.

"പിന്നെ പുസ്തകങ്ങൾ എല്ലാം തന്റെ മുമ്പിൽ നിന്നും മേതിൽ നീക്കിവെച്ചു. ഈശ്വരനെ വേണ്ടെന്നു വച്ച ഒരാളുടെ അകമഴിഞ്ഞ ശാന്തതയോടെ"
എപ്പോഴാണ് അങ്ങനെ നിറയുക എന്നതിന് ഞാൻ എനിക്കുള്ളിൽ നിർവചനം കണ്ടെത്തി.എപ്പോൾ വേണമെങ്കിലും തെളിയിക്കാം എന്നൊരു ആത്മവിശ്വാസം ദീപമാകുമ്പോൾ കൂടിയാകാം. എന്ന് തന്നെ.

മണം പൊഴിക്കുന്ന പുസ്തകങ്ങൾ, അവ കൈയോടെ കണ്ടുപിടിക്കുന്ന വായനക്കാർ എന്നൊരു അധ്യായമുണ്ട് ഈ പുസ്തകത്തിൽ. അതിലൊരു പഴയ മലയാളീ കടയുടെ ഇരുണ്ട മൂലയിൽ നിന്നുമൊരു പുസ്തകം മേതിൽ പൊടി തട്ടി എടുക്കുന്നുണ്ട്. അതിന്റെ വില നൽകി വാങ്ങുന്നുണ്ട്..! " ഖസാക്കിന്റെ ഇതിഹാസം " എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. എന്റെയുള്ളിൽ ഒരു പൊടിമണം മാഞ്ഞുപോയ ഗ്രാമം ഉണർന്നുവന്നു. 



"ഖസാക്കിലെ നൈസാമലിയായി സിനിമയിൽ അഭിനയിക്കാൻ എനിക്ക് താല്പര്യമുണ്ട്. മേതിൽ കളി പറയും. അയാളുടെ പുകപിടിച്ച അതേ കണ്ണുകൾ എനിക്കും ഉണ്ട്. "

കല, ജീവിതത്തിനെ എന്തുചെയ്യുന്നുവെന്നുള്ളതിന്റെ പൂർണ്ണ രൂപത്തിനെ ഞാൻ ഈ പുസ്തകത്തിൽ നിന്നും കുറിച്ചെടുത്തുവെച്ചു.
// കല വിശുദ്ധമായ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല. അത് ആരെയും ജീവിതത്തിൽനിന്നോ മരണത്തിൽനിന്നോ രക്ഷപ്പെടുത്തുന്നില്ല. ജീവിതത്തിന്റെ പകരംവെയ്ക്കാനാകാത്ത ഒരു വലിയ മടുപ്പ് നേരിടാൻ കല അതിനെ സ്വയം തിരഞ്ഞെടുക്കുന്നു. ഇതൊരു മേതിൽപ്രേമിയുടെ ആർത്തിപുരണ്ട വായനയായിരുന്നു..! എഴുത്തുകാരൻ, വ്യാഴാഴ്ചകൾ മാത്രമുള്ള ദിവസങ്ങളെ മനോഹരമാക്കി എഴുതിക്കൊണ്ട്, ആഴ്ചയിലെ മറ്റുദിവസങ്ങളുടെ കണ്ടുമുട്ടാവ്യഥകൾകൂടി മനസ്സിലേക്ക് പകർത്തിയെഴുതുന്നു...!

Share:
Older Post Newer Post
Translation missing: en.general.search.loading